ആവേശം വാനോളമുയർന്ന ഐഎസ്എൽ പോരാട്ടത്തിൽ എടികെയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. നാടകീയ നിമിഷങ്ങൾ ഏറെ കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ഹാലിചരൺ നർസാരിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. 70–ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. വിജയത്തോടെ 12 കളികളിൽനിന്ന് 14 പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറി. 12 കളികളിൽനിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നെങ്കിൽ എടികെയ്ക്ക് ഒന്നാമതെത്താൻ അവസരമുണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്‍സിക്കെതിരെ നേടിയ കൂറ്റൻ വിജയത്തിന് ചുക്കാൻ പിടിച്ച പ്രതിരോധത്തിലെ കരുത്തൻ ജിയാനി സൂയ്‌വർലൂണിനെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമെന്നതും ശ്രദ്ധേയം. അതേസമയം, മധ്യനിരയിലെ ആണിക്കല്ലായ മാരിയോ ആർക്വേസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ആദ്യ ഇലവനിൽ മലയാളികളായി ഗോൾകീപ്പർ ടി.പി. രഹനേഷും പ്രതിരോധത്തിൽ അബ്ദുൽ ഹക്കുവും മാത്രമേ ഇടംപിടിച്ചുള്ളൂ. കെ. പ്രശാന്ത്, സഹൽ അബ്ദുൽ സമദ് എന്നിവർ അവസാന മിനിറ്റുകളിൽ പകരക്കാരായി കളത്തിലെത്തി. മലയാളി താരം ജോബി ജസ്റ്റിൻ കൊൽക്കത്ത നിരയിലും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: തുടക്കം മുതൽ കളത്തിൽ പുലർത്തുന്ന മേധാവിത്തത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിക്കുമ്പോൾ മത്സരത്തിന് പ്രായം 70 മിനിറ്റ്. തുടർച്ചയായി ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ സമ്മർദ്ദം ചെലുത്തിയ എടികെ പ്രതിരോധം പിളർത്തി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത് ഹാലിചരൺ നർസാരി. എടികെ ബോക്സിനുള്ളിലേക്ക് ഉയർന്നുവന്ന പന്ത് നർസാരിക്ക് ഹെഡ് ചെയ്ത് നൽകാനുള്ള മെസ്സിയുടെ ശ്രമം പൂർണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനാകുന്നില്ല. ഇതോടെ പന്തു ലഭിച്ച നർസാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയിൽ. സ്കോർ 1–0.