ബിർമിങ്ഹാം:  മാഞ്ചസ്റ്ററിലെ പാഴ്‌സ് വുഡ് സ്കൂളിൽ തയ്യാറാക്കിയ ശ്രീദേവി നഗർ വേദിയിൽ വൻ ജനാവലിയെ സാക്ഷി നിർത്തി പത്താമത് യുക്മ കലാമേള കൊടിയിറങ്ങുമ്പോൾ വിജയ കിരീടത്തിൽ മുത്തമിട്ടത് ബർമിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റി. ആവേശകരമായ പോരാട്ടത്തിൽ 87 പോയിന്റ് നേടിയാണ് ബിസിഎംസി വിജയം കൈവരിച്ചത്. ഒരു പരിധി വരെ പറഞ്ഞാൽ മിഡ്‌ലാൻഡിന്റെ കിരീടം ബി സി എം സി യുടേതാണ് എന്ന് പറഞ്ഞാൽ ഒട്ടും കൂടുതൽ അല്ല എന്ന് സാരം. റീജിയണ് കിട്ടിയ 137 പോയിന്റിൽ 87 പോയിന്റും ബി സി എം സി യുടെ സംഭാവനയായിരുന്നു.  തൊട്ടു പിന്നാലെ 67 പോയിന്റ് നേടി ഈസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52 പോയിന്റോടെ ആതിഥേയരായ മാഞ്ചസ്റ്റർ അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.

സംഘാടനമികവും ഒത്തൊരുമയുമാണ് അസോസിയേഷന്റെ വിജയത്തിനു കാരണം എന്ന് ബിസിഎംസി പ്രസിഡന്റ് ശ്രീ. സാന്റോ ജേക്കബ് വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അസോസിയേഷൻ അംഗങ്ങളെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ദേവനന്ദ ബിബി രാജാണ് കലാതിലകം. 15 പോയിന്റുമായി ടോണി അലോഷ്യസ് കലാപ്രതിഭയുമായി. ഈവ മറിയം കുര്യാക്കോസ് നാട്യമയൂരം സ്വന്തമാക്കിയപ്പോൾ, ബിസിഎംസി യിൽ നിന്നുള്ള സൈറ മരിയ ജിജോ ഭാഷാകേസരി പുരസ്‌കാരം സ്വന്തമാക്കി.

2019 കലാമേളയിൽ ജേതാക്കളായ ബി സി എം സി യുടെ ഭാരവാഹികൾ

വെറും ഒരു വർഷത്തെ ഇടവേള മാത്രമേ ബി സി എം സി നൽകിയുള്ളു കിരീടം തിരിച്ചുപിടിക്കാൻ… അവരുടെ നിർലോഭമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവരും തോളോടുതോൾ ചേരുമ്പോൾ വിജയം താനേ വന്നു കൊള്ളും എന്ന് തെളിയിക്കുന്നതാണ് ബി സി എം സി യുടെ ഈ വിജയം. വിജയങ്ങളിൽ മതിമറക്കാതെ നാളകളെ എങ്ങനെ കാണണം എന്ന് ഗൃഹപാഠം ചെയ്യുന്ന ബി സി എം സി എന്ന പാണ്ഡവപ്പട പുതിയ വിജയതീരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. യുകെയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക നൽകി  അവരുടെ യാത്ര തുടരുന്നു… മറ്റൊരങ്കത്തിനായി…