ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുത്ത മലയാളികൾക്ക് യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കേരളത്തിലെ റോഡുകളിൽ നിന്നും ഡ്രൈവിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും പിഴ ഒട്ടേറെ ഒടുക്കേണ്ടതായി വന്നിട്ടുണ്ടാവും. യുകെയിൽ എത്തി വളരെ നാളായ മലയാളികൾക്ക് പോലും ഹൈവേ കോഡും മറ്റ് നിയമങ്ങൾ മാറുന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

രാജ്യത്ത് റോഡുകളിൽ സഞ്ചരിക്കുവാനുള്ള സുരക്ഷാ മുൻക്രമം പുതുക്കിയിട്ടുണ്ട്. റോഡിൽ ഏറ്റവും വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കുന്നത്. അപകടം സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും കുതിര സവാരിക്കാർക്കും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഹൈവേ കോഡ് പരിഷ്കരിച്ചിരിക്കുന്നത് . ഇതനുസരിച്ച് യുകെയിൽ കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഉയർന്ന മുൻകരുതലുണ്ട്. കാൽനടക്കാർ കഴിഞ്ഞാൽ ഏറ്റവും സുരക്ഷാ പരിഗണന ലഭിക്കുന്ന വിഭാഗം സൈക്കിൾ യാത്രക്കാരും കുതിര സവാരിക്കാരുമാണ്.

പുതിയ നിയമം അനുസരിച്ച് റോഡിലൂടെ സഞ്ചരിക്കുന്ന കുതിരസവാരിക്കാർക്ക് വളരെ സമീപത്തു കൂടി വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. 3550 അപകടങ്ങളാണ് കഴിഞ്ഞവർഷം കുതിരസവാരിക്കാർ ഉൾപ്പെടുന്നതായി രാജ്യത്ത് ആകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ അപകടങ്ങളിൽ 139 കുതിര സവാരിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരത്തിൽ സമീപത്തായി ഒരു കുതിരയെ കണ്ടാൽ വാഹനത്തിൻറെ വേഗപരിധി 10 മൈലിൽ കൂടാൻ പാടില്ലന്നുള്ളതും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുതിര സമീപത്ത് ഉണ്ടെങ്കിൽ ഹോൺ മുഴക്കുന്നതിനും നിയന്ത്രണമുണ്ട്.