ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാടകീയ ജയം. 359 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ളണ്ട് മറികടക്കുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 219 പന്തിൽ പുറത്താകാതെ 135 റൺസെടുത്ത സ്റ്റോക്ക്സിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 11 ബൌണ്ടറികളും എട്ട് സിക്സറുകളും. ആദ്യ ഇന്നിംഗ്സിൽ 67 റൺസിന് പുറത്തായശേഷമാണ് ഏകദിനത്തിലെ ലോകജേതാക്കളായ ഇംഗ്ലണ്ട് നാടകീയമായി ജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടും ഓസീസും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്(1-1)

സ്കോർ: ഓസ്ട്രേലിയ- 179   246, ഇംഗ്ലണ്ട്- 67  362/9 (125.4 ഓവർ, ലക്ഷ്യം- 359)

359 റൺസ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് മൂന്നിന് 156 റൺസ് എന്ന നിലയിലാണ് നാലാംദിനം ബാറ്റിങ്ങ് തുടർന്നത്. എന്നാൽ ഓസീസ് ബൌളർമാർ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പ്രഹരമേൽപ്പിച്ചു. ഒരു വശത്ത് ബെൻ സ്റ്റോക്ക്സ് മിന്നുന്ന ബാറ്റിങ്ങുമായി കത്തിക്കയറി. 77 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ 36 റൺസെടുത്ത ബെയർസ്റ്റോ മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 245 എന്ന നിലയിലായി. വൈകാതെ ജോസ് ബട്ട്ലർ കൂടി മടങ്ങിയതോടെ ആറിന് 253 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു. 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് കൂടി നഷ്ടമായതോടെ ഒമ്പതിന് 286 എന്ന നിലയിൽ ഇംഗ്ലണ്ടി തോൽവി ഉറപ്പിച്ചു.

എന്നാൽ അത്ഭുതകരമായ പ്രകടനത്തിനാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പതിനൊന്നാമനായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് നടത്തിയ വെടിക്കെട്ട് ഒടുവിൽ ജയത്തിൽ കലാശിച്ചു. ഇതിനിടയിൽ ഒട്ടനവധി അവസരങ്ങൾ ഓസീസിന് ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ അവർക്ക് സാധിച്ചില്ല.

ലിയോൺ എറിഞ്ഞ മത്സരത്തിലെ 125-ാമത്തെ ഓവർ സംഭവബഹുലമായിരുന്നു. ഈ ഓവർ തുടങ്ങുമ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റൺസ്. മൂന്നാം പന്ത് സ്റ്റോക്ക്സ് സിക്സറിന് പായിച്ചു. അഞ്ചാമത്തെ പന്തിൽ റണ്ണൌട്ടിലൂടെ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ബൌളറായ ലിയോൺ തന്നെ അത് നഷ്ടപ്പെടുത്തി. ആറാമത്തെ പന്ത് എൽബിഡബ്ല്യൂ ആയിരുന്നെങ്കിലും അംപയർ അപ്പീൽ അനുവദിച്ചില്ല. ഓസീസിന്‍റെ കൈവശമുള്ള റിവ്യൂ അവസാനിക്കുകയും ചെയ്തിരുന്നു. അടുത്ത ഓവറിൽ കമ്മിൻസിന്‍റെ മൂന്നാം പന്ത് ലീച്ച് സിംഗിൽ എടുത്തതോടെ സ്കോർ ടൈ ആയി. നാലാം പന്ത് കവറിലൂടെ ബൌണ്ടറി പായിച്ച് ബെൻ സ്റ്റോക്ക്സ് തികച്ചും മാന്ത്രികമായ ജയം ഇംഗ്ലണ്ടിന് സമ്മാനിച്ചു.

ആഷസിലെ ആദ്യ മത്സരം ഓസ്ട്രേലിയ 251 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയാകുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം സെപ്റ്റംബർ നാലു മുതൽ എട്ട് വരെ മാഞ്ചസ്റ്ററിൽ നടക്കും.