മുംബൈയും തെരുവിലിറങ്ങി; കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ബിജെപി സംസ്ഥാനങ്ങളും കുലുങ്ങി….

മുംബൈയും തെരുവിലിറങ്ങി; കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ബിജെപി സംസ്ഥാനങ്ങളും കുലുങ്ങി….
September 10 14:21 2018 Print This Article

സാധാരണ ഹര്‍ത്താലുകള്‍ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയില്‍ പലയിടത്തും കടകളടപ്പിച്ചു. ലോക്കല്‍ ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ സമരവും നടന്നു.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ മഹാരാഷ്ട്രയില്‍ എന്‍സിപിക്കുപുറമേ രാജ് താക്കറെയുടെ എംഎന്‍എസും പിന്തുണച്ചു. മുംബൈയിലെ ശക്തികേന്ദ്രങ്ങളില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടു. പ്രതിഷേധം നയിച്ച അശോക് ചവാന്‍, സഞ്ജയ് നിരുപം തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തുവിട്ടു.

ജനജീവിതം തടസപ്പെടുത്തിയില്ലെങ്കിലും തമിഴ്നാട്ടില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി. ചെന്നൈ മൗണ്ട് റോഡ് ഉപരോധിച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. വെല്ലൂരിലുള്‍പ്പെടെ ട്രെയിന്‍തടയല്‍ സമരവും സംഘടിപ്പിച്ചിരുന്നു. ബന്ദിനോടനുബന്ധിച്ച് അതിര്‍ത്തിജില്ലകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. പുതുച്ചേരിയില്‍ ബന്ദ് പൂര്‍ണമായിരുന്നു.

ഗുജറാത്ത്, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, മണിപ്പൂര്‍ തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്‍ഡിഎ ഇതര പാര്‍ട്ടികളും ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ വിപുലമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. കൊല്‍ക്കത്തയിലും വിശാഖപട്ടണത്തും ഇടതുപാര്‍ട്ടികള്‍ മാര്‍ച്ചുനടത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങിയില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles