കട്ടന്‍കാപ്പി; അനുജ. കെ എഴുതുന്ന ചെറുകഥ

കട്ടന്‍കാപ്പി; അനുജ. കെ എഴുതുന്ന ചെറുകഥ
May 10 22:47 2019 Print This Article

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles