തീവ്രമായ ചർച്ചകളുടെ ഒരാഴ്ച പിന്നിടുമ്പോഴും ബ്രെക്സിറ്റ് ഇപ്പോഴും വിദൂരതയില്‍ തന്നെയാണ്. ഒരു കരാറോടെ ഒക്ടോബർ 31-നകം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുകയെന്നത് യു.കെയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകളില്‍ യാതൊരുവിധ പുരോഗതിയും കാണാത്തതിനാല്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു ശേഷവും ചർച്ചകൾ തുടരേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന മധ്യസ്ഥനായ മൈക്കിള്‍ ബാർനിയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ അംബാസഡർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇതുവരെ ‘പരീക്ഷിക്കപ്പെടാത്ത’ ഒന്നായതിനാല്‍ അതിന്‍റെ അപകടസാധ്യത മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്ന് അംഗരാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് ബാർനിയർ പറഞ്ഞു. ഈയാഴ്ചതന്നെ ഒരു കരാർ യാഥാർത്ഥ്യമാവണമെങ്കില്‍ ബോറിസ് ജോൺസന്റെ ഭാഗത്തുനിന്നും കൂടുതല്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ബ്രക്സിറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രധാന കാരണം. അത് പരിഹരിക്കുന്നതിനായി ബോറിസ് ജോൺസൺ ഐറിഷ് പ്രധാനമന്ത്രിയുമായി സുദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടുമെന്നും, എന്നാല്‍ കാര്‍ഷിക – കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കുമെന്നും പറഞ്ഞിരുന്നു. മാത്രവുമല്ല, പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും അത് നടത്തുക. കൂടാതെ, യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുന്തോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണമെന്നും ഉണ്ടായിരുന്നു. അതംഗീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായില്ല.

എന്നാല്‍ ഐറിഷ് പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചക്കിടെ കസ്റ്റംസ് അതിർത്തി സ്ഥാപിക്കണമെന്ന തന്‍റെ മുന്‍ നിലപാടില്‍നിന്നും ജോണ്‍സണ്‍ പിന്മാറിയതായി യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറഞ്ഞിരുന്നു. ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടെന്നും, പക്ഷെ, അത് സാധ്യമാകുമെന്നും, പുറത്തുപോകാന്‍ തയ്യാറായിരിക്കണമെന്നും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞതായി നമ്പര്‍ 10-ന്‍റെ വക്താവ് പറഞ്ഞു.

ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു പരിഹാരം കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് ‘അവസാനമായി ഒരവസരം കൂടി’ നല്‍കണമെന്ന് ബാർനിയർ ആവശ്യപ്പെട്ടു. അതേസമയം, ബ്രക്സിറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍ ‘ചൈനയേയും യുഎസിനേയും പോലെ’ ബ്രിട്ടണും ആഗോള വിപണികളിൽ യൂറോപ്യൻ യൂണിയന്‍റെ എതിരാളിയായിരിക്കുമെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ യുകെയെ ഓർമ്മിപ്പിച്ചു.