ലണ്ടന്‍: മുസ്ലീങ്ങളെ വര്‍ഗ്ഗീയമായി അധിക്ഷേപിച്ച കുറ്റത്തിന് തീവ്രവലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ നേതാക്കള്‍ക്ക് തടവുശിക്ഷ. നേതാവായ പോള്‍ ഗോള്‍ഡിംഗിന് 18 ആഴ്ചയും ഡെപ്യൂട്ടിയായ ജെയ്ഡ ഫ്രാന്‍സന് 36 ആഴ്ചയും തടവാണ് ഫോക്ക്‌സ്‌റ്റോണ്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. മതവിശ്വാസത്തെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയതിന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനു പകരം സാധാരണക്കാരെ മതപരമായി അവഹേളിക്കുകയായിരുന്നു ഇവരെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കാന്റര്‍ബറി ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന ഒരു വിചാരണയോടനുബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഇരുവരും അറസ്റ്റിലാകുകയായിരുന്നു. മൂന്ന് മുസ്ലീം പുരുഷന്‍മാരും ഒരു കൗമാരക്കാരനും ബലാല്‍സംഗക്കേസില്‍ കുറ്റക്കാരാണെന്ന് കാന്റര്‍ബറി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് തടവുശിക്ഷ കോടതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് ഗോള്‍ഡിംഗും ഫ്രാന്‍സനും നടത്തിയ പ്രചാരണങ്ങള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവയായിരുന്നുവെന്ന് ജഡ്ജിയായ ജസ്റ്റിന്‍ ബാരണ്‍ പറഞ്ഞു.

കാന്റര്‍ബറി കോടതിയുടെ നടപടികള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചതെന്നും ശിക്ഷിക്കപ്പെട്ടവരുടെ വംശം, മതം, കുടിയേറ്റ പശ്ചാത്തലം മുതലായ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു വിട്ട് വിദ്വേഷം പ്രചരിപ്പിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മറ്റും സംഭവങ്ങളിലും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മുമ്പും മുസ്ലീം വിരുദ്ധ നയങ്ങളുംവെളുത്ത വര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മാ പ്രഖ്യാപനവുമായി ബ്രിട്ടന്‍ ഫസ്റ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററിലും മറ്റും വംശീയ വീഡിയോകള്‍ ഫ്രാന്‍സണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവ ഡൊണാള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തതിലൂടെ കുപ്രസിദ്ധമാകുകയും ചെയ്തു.