ട്രുജിലോ: സാഹസികം എന്നല്ലെങ്കില്‍ പിന്നെ ഇതിനെ എന്തുവിളിക്കും? അഴുക്കുചാല്‍ കടന്നുപോകുന്ന കൂറ്റന്‍ കുഴിയിലേക്ക് ചാഞ്ഞുപോയ കാറില്‍ നിന്നും രണ്ടുവയസ്സുകാരിയായ ഒരു കൊച്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തെ നാട്ടുകാരുടെ ഒരുമ രക്ഷപ്പെടുത്തി. പെറുവില്‍ ഉണ്ടായ സംഭവത്തില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്.
എഡ്ഗാര്‍ ഓര്‍ലാന്റോ ബാര്‍ത്തോളോ സില്‍വ, കാമുകി മരിസോള്‍ മെഴ്‌സിഡെസ് ഗുട്ടിറെസ് സിക്ക ഇവരുടെ രണ്ടുവയസ്സുകാരി മകള്‍ എന്നിവരായിരുന്നു അപകടത്തില്‍ പെട്ടത്. തീരദേശ നഗരമായ പോപ്പ് ജോണ്‍പോള്‍ 2 അവന്യൂവഴി ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ ട്രുജിലോയില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. എന്നാല്‍ കാര്‍ തങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ നാട്ടുകാര്‍ ഇടപെട്ട് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. സ്വജീവന്‍ പോലും പണയം വെച്ച് നാട്ടുകാര്‍ കയറും മറ്റും ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുകയും കുടുംബത്തിലെ ഓരോ അംഗങ്ങളെയുമായി പുറത്തെത്തിക്കുകയുമായിരുന്നു.

car2

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വഴിയാത്രക്കാര്‍ കുഴിക്ക് ചുറ്റുമായി കിടന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കിടന്നുകൊണ്ട് ഒരു കയര്‍ ഉപയോഗിച്ച് ഡോര്‍ തുറക്കുകയും അകത്തേക്ക് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് കാറിന്റെ ജനാലയിലൂടെ ഓരോരുത്തരേയുമായി പുറത്തേക്ക് ഇറങ്ങാന്‍ സഹായിക്കുകയും ആയിരുന്നു. ഓരോരുത്തരായി പുറത്തേക്ക് കയറുമ്പോള്‍ കാറില്‍ ഓടവെള്ളം കൊണ്ട് നിറയുകയായിരുന്നു. എല്ലാവരേയും രക്ഷിച്ചതിന് തൊട്ടുപിന്നാലെ കാര്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നു കുഴി.

car1