മനുഷ്യനിൽ ദൈവത്തെ തേടാനുള്ള ആഹ്വാനമാണ് ക്രിസ്മസ്.. കാലിതൊഴുത്തോളം താണിറങ്ങുന്ന കരുണ്ണ്യത്തിന്റെ പേരാണ് ദൈവം.. ക്രിസ്മസ് മനുഷ്യജീവിതത്തിന്റെ ഏതൊരാവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ നൽകുന്നു.. ദൈവകാരുണ്യത്തിന് ഹൃദയം തുറക്കുന്നവർക്കുള്ളതാണ് സമാധാനം എന്നതാണ് ക്രിസ്മസിന്റെ സന്ദേശം… മഞ്ഞ് പെയ്യുന്ന രാവ്, മാനത്ത് തിങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ…

ക്രിസ്മസിന്റെ സംഗീതമെന്നാല്‍ കരോള്‍ ഗാനങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ കരോള്‍ ഗാനങ്ങള്‍ പിറവിയെടുത്തു എന്നാണ് പറയുന്നത്. ആനന്ദംകൊണ്ട് നൃത്തം ചെയ്യുക എന്നര്‍ത്ഥം വരുന്ന carole എന്ന ഫ്രഞ്ച് വാക്കില്‍ നിന്നുമാണ് കരോള്‍ എന്ന വാക്കിന്റെ ഉത്ഭവം. ആദ്യകാലത്തെ കരോള്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും ലാറ്റിന്‍ ഭാഷയില്‍ ഉള്ളവയായിരുന്നു.  രാത്രി രാത്രി രജത രാത്രി, യഹൂദിയായിലെ, പുല്‍കുടിലില്‍ തുടങ്ങിയ കേരളത്തിലെയും പ്രവാസി മലയാളുകളുടെയും ക്രിസ്മസ് രാത്രികളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സൂപ്പർ ഹിറ്റ് കരോൾ ഗാനങ്ങളിൽ പെടുന്നവയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ഇദംപ്രഥമമായി സംഘടിപ്പിച്ച കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ അധ്യക്ഷനായ ജോസഫ് സ്രാമ്പിക്കൽ പിതാവ് സന്നിഹിതനായിരുന്ന കരോൾ ഗാനമൽസരം എല്ലാം കൊണ്ടും അനുഗ്രഹീതമായിരുന്നു. മാസ്സ്  സെന്റററിലെ എല്ലാ യൂണിറ്റുകളും വലിയ തോതിലുള്ള പരിശീലനപരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കോസ്ട്യുമുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ പോലും ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടി എന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി ഫലപ്രഖ്യാപനത്തിൽ…

വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്, സെന്റ് മാർട്ടിൻ യൂണിറ്റ് മൈൽ ഹൗസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി.

 

കോഓപ്പറേറ്റീവ് അക്കാദമിയിൽ മൂന്ന് മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനക്ക് ശേഷമായിരുന്നു കരോൾ മൽസരം നടത്തപ്പെട്ടത്. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, മാസ്സ് സെന്ററിന്റെ ചുമതല വഹിക്കുന്ന ഫാദർ ജെയ്‌സൺ കരിപ്പായി, പിതാവിന്റെ സെക്രട്ടറി ഫാ: പതുവ പത്തിൽ, ഫാ: ജോർജ്,  ഫാ: വിൽഫ്രഡ് എന്നിവർ സന്നിഹിതരായിരുന്നു…