Association

വക്കച്ചൻ കൊട്ടാരം

ആഗസ്റ്റ് 21 ശനിയാഴ്ച രാവിലെ 10.30 ന് ബേൺ ബാങ്ക് സെന്റ് കത് ബർട്ട് പള്ളി ഹാളിൽ കലാകേരളം ഗ്ലാസ് ഗോയുടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടു. സീറോ മലബാർ സെന്റ് മേരീസ് ഹാമിൽട്ടൻ മിഷൻ – വികാരി ഫാ.ജോണി വെട്ടിക്കൽ സ്നേഹവും , സാഹോദര്യവും നിറഞ്ഞ ,കള്ളവും ചതിയുമില്ലാത്ത മലയാള നാടിൻ്റെ മധുര സ്മരണകളുണർത്തുന്ന “മാവേലി നാടു വാണീടും കാലം …..” എന്ന ഈരടികൾ ആലപിച്ച് ആശംസാ പ്രസംഗം തുടങ്ങിയപ്പോൾ സദസ്സ് ഒന്നാകെ അതേറ്റു പാടി. കാംബസ് ലാംങ്ങ് മലയാളി സമൂഹത്തിൻെറ ” ഗോഡ്‌ഫാദറാ”യ ഫാ.പോൾ മോർട്ടൻ കേരളീയ തനിമയാർന്നേ വേഷവിധാനത്തിലെത്തി ഓണാശംസകൾ നേർന്നപ്പോൾ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ സ്പോൺസർ കിരൺ സാഗർ എല്ലാ കലാകേരളം കടുംബാംഗങ്ങൾക്കും സമ്മാനവുമായാണെത്തിയത്.പതിവുപോലെ കലാകേരളത്തിൻ്റെ കരവിരുതിൽ ഒരുക്കിയ അരങ്ങിനു മുൻപിൽ അതി മനോഹരമായ അത്തപൂക്കളത്തിനു ചുറ്റും തിരുവാതിരയും, ശിങ്കാരിമേളവുമൊരുക്കി കലാകേരളത്തിൻ്റെ മിടുക്കികൾ സദസ്സിനെ സന്തോഷിപ്പിച്ചപ്പോൾ , രുചിയുടെ വിസ്മയക്കൂട്ടൊരുക്കുന്ന പതിവു കൂട്ടായ്മ കലാകേരളത്തിനു മാത്രം സ്വന്തമെന്ന് വീണ്ടും തെളിയിക്കുന്ന ഓണസദ്യ തൂശനിലകളിൽ നിറയുകയായിരുന്നു.

പ്രസിഡൻ്റ് – വക്കച്ചൻ കൊട്ടാരം, വൈസ് പ്രസിഡൻ്റ് -സിനു ആൻ്റണി, ട്രെഷറർ -റോസ് മേരി സോജോ, സെക്രട്ടറി -ടോമി അഗസ്റ്റിൻ, ജോയിൻ്റ് സെക്രട്ടറി -ആതിര ടോമി, ഏരിയ കോഡിനേറ്റർമാരായി -ബിജി എബ്രഹാം ,ആനി ബാബു ,മാത്യു കുര്യാക്കോസ്, അൽഫോൻസ കുര്യക്കോസ്, ബൈജു തൊടുപറമ്പിൽ ,

കലാകേരളത്തിന്റെ 2021 – 22 വർഷത്തെ ഭരണസമിതി അംഗങ്ങളായി പ്രസിഡൻ്റ് – വക്കച്ചൻ കൊട്ടാരം, സെക്രട്ടറി -ടോമി അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് -സിനു ആൻ്റണി, ജോയിൻ്റ് സെക്രട്ടറി -ആതിര ടോമി, ട്രെഷറർ -റോസ് മേരി സോജോ, ഏരിയ കോഡിനേറ്റർമാരായി -ബൈജു തൊടുപറമ്പിൽ ,ബിജി എബ്രഹാം ,ആനി ബാബു, മാത്യു കുര്യാക്കോസ്, അൽഫോൻസ കുര്യക്കോസ് എന്നിവരും ചുമതലയേറ്റു. കോ വിഡ് സാഹചര്യത്തിലും എറെ ചാരിറ്റി പ്രവർത്തനങ്ങളും, വിജയകരമായ ഓണാഘോഷവും നടത്തിയ കഴിഞ്ഞ ഭരണ സമിതി അംഗങ്ങളെ ആദരിച്ചുകൊണ്ട് എല്ലാ അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണത്തിലൂടെ കലാകേരളത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കരമൊന്നിച്ച് മനമൊന്നിച്ച് ഒത്തുചേരാനൊരുങ്ങുകയാണ് എല്ലാ അംഗങ്ങളും.

 

ജോയൽ ചെറുപ്ലാക്കിൽ

അയർക്കുന്നം- മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വൈവിധ്യമാർന്ന കലാ-കായിക-വിനോദ പരിപാടികളോടെ റഗ്ബിയിലെ ബാർബി വില്ലേജ് ഹാളിൽ പ്രൗഡോജ്വലമായി നടന്നു. കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയതിനാൽ കഴിഞ്ഞവർഷം സംഗമം നടത്തുവാൻ സാധിക്കാതിരുന്നതുകൊണ്ട് കുടുംബാംഗങ്ങളെല്ലാവരും ആഹ്ളാദത്തോടെയാണ് സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഇത്തവണത്തെ സംഗമത്തിൽ എത്തിച്ചേർന്നത്.

സംഗമം വൈസ് പ്രസിഡന്റ് ഫ്ലോറൻസ് ഫെലിക്സ് ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ജോമോൻ ജേക്കബ് വല്ലൂർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പുതിയതായി സംഗമത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളും ചേർന്ന് തിരിതെളിച്ച് നാലാമത് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബോബി ജോസഫ് സ്വാഗതമാശംസിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും ഏവരുടേയും മനം കവർന്ന ഗാനമേളയും ഏറെ ചിരിപ്പിച്ച ഹാസ്യാത്മകമായ പരിപാടികളും ചേർന്നപ്പോൾ നാലാമത് സംഗമം പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും സന്തോഷം പകർന്ന അനുഭവമായി മാറി.

സംഗമത്തിലെ കുടുംബാംഗവും യുകെയിലെ അറിയപ്പെടുന്ന ഗായകനുമായ ടെൽസ്മോൻ തോമസ് നയിച്ച ഗാനമേളയിൽ ടെൽസ്മോനോടൊപ്പം ഫ്ലോറൻസ് ഫെലിക്സ്,അനീഷ് ജേക്കബ്, ചിത്ര ടെൽസ് മോൻ, തോമസ് ജോസ് , സാനിയ ഫെലിക്സ് , ജോജി ജോസഫ്, റാണി ജോജി, സി. എ ജോസഫ്, സ്‌മിത ജെയ്‌മോൻ എന്നിവരും ആലപിച്ച ഗാനങ്ങൾ ഹർഷാരവത്തോടെയാണ് എല്ലാവരും ഏറ്റുവാങ്ങിയത്.

സ്നേഹ ഫെലിക്സ് , സ്റ്റീവ് ഫെലിക്സ്, സാനിയ ഫെലിക്സ് എന്നിവർ ചേർന്നവതരിപ്പിച്ച മനോഹരമായ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് എല്ലാവർക്കും നവ്യമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ലഞ്ച് ബ്രേക്കിന് ശേഷം സി.എ ജോസഫ് നയിച്ച ഹാസ്യാത്മകമായ കുസൃതി ചോദ്യോത്തര പരിപാടി എല്ലാവരിലും ചിരിയുണർത്തി.

തുടർന്ന് തിരുവോണാഘോഷത്തിന്റെ ഓർമ്മകൾ പകർന്നു നൽകി ബിജു പാലക്കുളത്തിന്റെ നേതൃത്വത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം എല്ലാവരിലും ആവേശംപകർന്നു. പുരുഷവിഭാഗത്തിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ജോർജ് തോമസ് നയിച്ച ടീം ജേതാക്കൾ ആയപ്പോൾ വനിതാവിഭാഗത്തിൽ ചിത്ര ടെൽസ് മോൻ ആൻഡ് ടീം വിജയികളായി.

സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണമുൾപ്പെടെ മൂന്നുനേരവും വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള നാടൻ ഭക്ഷണവും തയ്യാറാക്കിയിരുന്നു. ജോമോൻ ജേക്കബ്, അനിൽ വർഗീസ്, അനീഷ് ജേക്കബ് , ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബാഗങ്ങൾക്കായി ഭക്ഷണം തയ്യാറാക്കിയത്.

ബോബി ജോസഫിന്റെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് സംഗമത്തെ നയിക്കുവാനുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. വ്യത്യസ്തതയാർന്ന അവതരണ മികവിൽ മുഴുവൻ പരിപാടികളുടെയും ആങ്കറിംഗ്‌ നടത്തിയ റാണി ജോജി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. സംഗമത്തിൽ പങ്കെടുത്തവർക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് നാലാമത് സംഗമത്തെ അവിസ്മരണീയമാക്കിയ കുടുംബാംഗങ്ങൾക്കും പ്രോഗ്രാം കോഡിനേറ്റർ സി. എ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

ത്രിപുരയില്‍ സിപിഎം പാർട്ടി ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ വീടുകൾക്കും നേരെ, ബിജെപി ക്രിമിനലുകൾ നടത്തുന്ന ഭീകരമായ ആക്രമണത്തിൽ ഇടതു പക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ശക്തമായ പ്രതിഷേധമറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടി ആണ് ത്രിപുരയിൽ ബിജെപി നടത്തുന്നത് . മറ്റു പാർട്ടികളെയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം!ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ എല്ലാവരും ഒറ്റകെട്ടായി ശബ്ദമുയർത്തണം. ത്രിപുരയിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ്‌ സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം. പാർട്ടിയുടെ മുഖപത്രമായ ദേശര്‍കഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി.

മുന്‍മുഖ്യമന്ത്രി സഖാവ് മണിക്‌ സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന്‌ സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ്‌ കഴിഞ്ഞ ദിവസം പരിക്കേറ്റത്‌. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക്‌ കൊടുത്ത വാഗ്‌ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന്‌ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും സിപിഐഎം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയിൽ മുക്കി കൊല്ലാനാണ്‌ ബിജെപി ശ്രമം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ആണ് ഈ അക്രമ പരമ്പരകൾ അരങ്ങേറുന്നത് . വിലക്ക് വാങ്ങാൻ കഴിയാത്ത രാഷ്ട്രീയത്തെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ആർ എസ്‌ എസ്‌ ,ബിജെപി നീക്കം രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് . ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളിൽനിന്നും പ്രതിഷേധം ഉയരണമെന്നും സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്കുവേണ്ടി സഖാവ് ദിനേശ് വെള്ളാപ്പള്ളി പ്രതികരിച്ചു .

 

 

 

സുജു ജോസഫ്

സാലിസ്ബറി: സെപ്റ്റംബർ 4 ശനിയാഴ്ച നടന്ന സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷത്തിന് സാലിസ്ബറി മലയാളികളിൽ നിന്ന് ലഭിച്ചത് അഭൂതപൂർവ്വമായ ആവേശം. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളം നീണ്ടു നിന്ന ലോക്ക്ഡൗണുകളിൽ നിന്ന് മോചിതമായതോടെ ഇക്കുറി ഓണാഘോഷങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ കൂടുതൽ തിരക്കും സ്വീകാര്യതയുമാണ് അനുഭവപ്പെട്ടത്. സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിനും ഇക്കുറി പതിവിൽ കവിഞ്ഞ ആവേശവമാണ് അനുഭവപ്പെട്ടത്. ഒന്നര വർഷത്തിനിടയിൽ ലഭിച്ച അംഗങ്ങൾ ഒരുമിച്ചുള്ള കൂടിക്കാഴ്ചയും പുതുതായി എസ് എം എയിൽ എത്തിയ അൻപതിലധികം കുടുംബങ്ങളുടെ ഒരുമിച്ചുള്ള ആഘോഷവും എസ് എം എ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഏറെ നാളുകൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷം രാവിലെ പതിനൊന്നര മണിയോടെ ആരംഭിച്ച ഓണാഘോഷങ്ങൾക്ക് വടംവലിയോടെയാണ് തുടക്കമായത്. പുരുഷന്മാരുടെ വടംവലിയിൽ ഒൻപത് അംഗങ്ങൾ അടങ്ങിയ നാല് ടീമുകളാണ് ആവേശപ്പോരിനിറങ്ങിയത്. ലൂയിസ് തോമസ് ടീം ക്യാപ്റ്റനായ ടീമിനായിരുന്നു ഫൈനലിൽ വിജയം. സ്ത്രീകൾക്കായി ഒരുക്കിയ പ്രദർശന മത്സരവും വടംവലി മത്സരത്തിന് ആവേശമൊരുക്കി. ഇരുപത്തിയെട്ട് കൂട്ടം ഓണസദ്യയായിരുന്നു ആഘോഷങ്ങളിലെ ഹൈലൈറ്റ്. ജോസ് കെ ആന്റണിയും ജോൺ പോളും സജീഷ് കുഞ്ചെറിയായും, സന്തു ജോർജ്ജും നേതൃത്വം കൊടുത്ത സദ്യയൊരുക്കൽ കോർഡിനേറ്റർ കുര്യാച്ചൻ സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങളുടെ സജീവ സഹകരണത്തോടെയാണ് നടന്നത്.

മുഖ്യാതിഥി സാലിസ്ബറി എം പി ജോൺ ഗ്ലെൻ എത്തിയതോടെ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണമാണ് അംഗങ്ങൾ നൽകിയത്. ഘോഷയാത്രയുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ച എംപിക്ക് കേരളത്തിന്റെ തനത് പൈതൃകങ്ങൾ കണ്ടാസ്വദിക്കാനായി. മാവേലിയെ വരവേൽക്കലും പുലികളിയും തിരുവാതിരയും ഓണം തീം ഡാൻസും മതിമറന്ന് ആസ്വദിച്ച എം പി ജോൺ ഗ്ലെനും ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. എസ് എം എ ഓണാഘോഷ ചിത്രങ്ങൾ എം പി ജോൺ ഗ്ലെൻ ട്വീറ്റ് ചെയ്തതും ഏറെ ശ്രദ്ധേയമായി.

തുടർന്ന് പ്രസിഡന്റ് ഷിബു ജോണിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ 2021 എസ് എം എ ഓണാഘോഷവും എസ് എം എ ഡ്രാമാ ക്ലെബ്ബും എം പി ജോൺ ഗ്ലെൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. എസ് എം എ അംഗം റ്റിജിയുടെ മാതാവ്, രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ പ്രതിനിധികളായ എം പി പദ്മരാജ്, സുജു ജോസഫ് തുടങ്ങിയവർ മുഖ്യാതിഥിക്കും ഭാരവാഹികൾക്കുമൊപ്പം തിരി തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. സമ്മേളനത്തിന് ജോയിന്റ് സെക്രട്ടറി നിധി ജയ്‌വിൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഡിനു ഓലിക്കലിന്റെ ഹൃദ്യവും ഹൃസ്വവുമായ റിപ്പോർട്ട് അവതരണം എസ് എം എയുടെ നാളിതുവരെയുള്ള പ്രവർത്തന നേട്ടങ്ങൾ എടുത്ത് കാട്ടുന്നതായിരുന്നു. രക്ഷാധികാരി ജോസ് കെ ആന്റണി ഏവർക്കും ആശംസയറിയിച്ചു. എ ലെവൽ ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ആഞ്ജലീന സാബു, അലീന ജിനോ, നിഖിൽ ഷിബു, തനുഷാ പിങ്കി റ്റിജി തുടങ്ങിയവർക്ക് എസ് എം എയുടെ ഉപഹാരം എം പി ജോൺ ഗ്ലെൻ സമ്മാനിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത് നന്ദി അറിയിച്ചു.

തുടർന്ന് നടന്ന കലാപരിപാടികൾക്ക് കൾച്ചറൽ കോർഡിനേറ്റർ ശ്രീമതി രമ്യ ജിബിയും ശ്രീമതി സിൽവി ജോസും നേതൃത്വം നൽകി. കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത കലാവിരുന്ന് ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്നതായിരുന്നു. അതേസമയം സാലിസ്ബറി മലയാളി അസോസിയേഷൻ രൂപം കൊടുത്ത ഡ്രാമാ ക്ലെബ്ബിന്റെ ആദ്യ നാടകമായ ഒഥെല്ലോ മുക്തകണ്‌ഠ പ്രശംസ നേടി. വില്യം ഷേക്സ്പിയറുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി രചിച്ച ഒഥെല്ലോ സംവിധായകൻ ജീവൻ ജോസ് കൈതാരത്തിന്റെ നേതൃത്വത്തിൽ വേദിയിലെത്തിയപ്പോൾ നിറഞ്ഞ കയ്യടിയായിരുന്നു പ്രേക്ഷകർ നൽകിയത്. ആഴ്ചകളോളം നീണ്ട കഠിന പരിശീലനത്തിലൂടെ എം പി പദ്മരാജ്, ആൻമേരി, ജീവൻ ജോസ്, ജിനോ ജോസ്, ജിനോയെസ് കിഴക്കേപ്പറമ്പിൽ, നിധി ജയ്‌വിൻ, ജോസ് കെ ആന്റണി, ഷാൽമോൻ പങ്കേത്, ഡിനു ഓലിക്കൽ തുടങ്ങിയവർ വേദിയിലും പിന്നണിയിൽ ബിൻസുവും വിഷ്ണുവും നിറഞ്ഞാടിയപ്പോൾ അഭ്രപാളിയിലേതിന് സമാനമായ അനുഭവമായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചത്. ഒഥെല്ലോ ടീമിനും മുന്നിൽ നിന്ന് നയിച്ച ജീവനും പ്രസിഡന്റ് ഷിബു ജോൺ നന്ദിയറിയിച്ചു.

ഏകദേശം 260ഓളം പേർ പങ്കെടുത്ത പത്ത് മണിക്കൂറോളം നീണ്ടു നിന്ന ആഘോഷപരിപാടികൾ രാത്രി ഒൻപത് മണിയോടെയാണ് സമാപിച്ചത്. സ്റ്റാലിൻ സണ്ണി പകർത്തിയ ആഘോഷങ്ങളുടെ മികച്ച ചിത്രങ്ങളും വീഡിയോകളും കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
https://m.facebook.com/Salisbury-Malayalee-Association-SMA-397571566989357/

 

 

ഓഗസ്റ്റ് മുപ്പതാംതിയതി യുകെയിലെ പ്രശസ്ത മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഡോര്‍സെറ്റിലെ പൂളിലെ സെന്‍റ് എഡ്വേര്‍ഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച അതിവിപുലമായ ഓണാഘോഷപരിപാടികള്‍ ഏവരുടെയും പ്രശംസപിടിച്ചുപറ്റി.

മഹാബലി തമ്പുരാന്‍ മുഖ്യാതിഥിയായും യുക്മ ദേശീയ അധ്യക്ഷനും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ള വിശിഷ്ടാതിഥിയായും നിലവിലെ പ്രസിഡണ്ട് സോണി കുര്യന്‍ അധ്യക്ഷനായും നടന്ന പൊതു സമ്മേളനത്തിന് ശേഷമായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. മഹാമാരിയുമായി ബന്ധപ്പെട്ട് ഏറെനാളത്തെ അടച്ചിടലിനുശേഷം ഒത്തുചേരലിന് കിട്ടിയ അവസരം മലയാളികള്‍ സ്നേഹവും സന്തോഷവും പങ്കുവച്ചും, വള്ളസദ്യയെ വെല്ലുന്ന ഓണസദ്യ ഒരുക്കിയും, കലാപരിപാടികള്‍ ആസ്വദിച്ചും, കായികമത്സരങ്ങള്‍ ആഘോഷമാക്കിയും ദിനം അവിസ്മരണീയമാക്കി.

രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങിയ ഓണാഘോഷം മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും താലപ്പൊലിയും ഒക്കെ ഒരുക്കിയായിരുന്നു. മഹാബലിയായി വേഷമണിഞ്ഞ എല്‍ദോസ് എലിയാസ് വളരെ പുതുമയാര്‍ന്ന രീതിയില്‍ ഓണ സന്ദേശങ്ങള്‍ നല്‍കി ഏവരെയും അദ്ഭുത സ്തബ്ദ്ധരാക്കി. മാവേലിക്കൊപ്പം എത്തിയ പുലികളും വേട്ടക്കാരനും വേദിയില്‍ നിറഞ്ഞാടിയത് കാണികളുടെ കണ്ണു കുളിര്‍പ്പിച്ചു. അമല ജോമോന്‍റെ പ്രാര്‍ത്ഥന ഗീതവും, ജോഷിക പിള്ളയും ഷാരോണ്‍ സാബുവും ചേര്‍ന്നവതരിപ്പിച്ച സ്വാഗത നൃത്തവും , സോഫി ജോസിന്‍റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും ഇത്തവണത്തെ ഓണാഘോഷങ്ങളിലെ ചിലതു മാത്രമായിരുന്നു.

പരിപാടിയിലുടനീളം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളഭാഷയുടെ തനിമ ഒട്ടും ചോരാതെ അവതാരകനായി നിറഞ്ഞാടിയ ജിന്‍സ് വര്‍ഗീസ്, പങ്കെടുത്ത എല്ലാവരുടെയും മുക്തകണ്ഠമുള്ള പ്രശംസ ഏറ്റു വാങ്ങി. ഏറെ വാശിയോടെ നടത്തപ്പെട്ട വടംവലി മുഖ്യ ആകര്ഷണമായി . കേരളത്തനിമ ചോരാത്ത വമ്പന്‍ സദ്യ കൂടിയായപ്പോള്‍ ഡി കെ സി ഓണത്തിന് പൊലിമ കൂടി .

നാടന്‍ സദ്യ വട്ടങ്ങളുടെ കൂട്ടത്തില്‍ 26 ഇനങ്ങള്‍ ഇലയില്‍ നിരത്തി രുചിപ്പകര്‍ച്ചകളുടെ രസക്കൂട്ടുകള്‍ നാവില്‍ വര്‍ണം വിരിയിച്ചു.ഓണപ്പാട്ടുപോലെ , ഓണത്തപ്പാ കുടവയറാ തിരുവോണക്കറി എന്തെല്ലാം എന്നാണ് ചോദ്യമെങ്കില്‍ പച്ചടി കിച്ചടി നാരങ്ങാക്കറി , കാടും പടലവും എരിശ്ശേരി എന്ന് പറഞ്ഞു ഡോര്‍സെറ്റിലെ മലയാളി സമൂഹം ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടി .പിന്നീട് ഇത്തവണ ഡികെസിയിലേക്കു പുതിയതായി കടന്നു വന്ന മുപ്പതോളം കുടുംബങ്ങളെ പൂച്ചെണ്ടും സമ്മാനങ്ങളും നല്‍കി സംഘടനയിലേക്കു സ്വാഗതം ചെയ്തു.

ഈ വര്‍ഷത്തെ യുവ നേതൃത്വ നിര ഓണാഘോഷം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ നടത്തിയ കഠിന ശ്രമങ്ങള്‍ വഴി ഈ വർഷം യുകെ മലയാളികള്‍ കാണുന്ന മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായി മാറി ഡികെസി ഓണം. ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി ആവേശം തിരതല്ലുമ്പോള്‍ നഷ്ടസ്മൃതികളില്‍ ജീവിക്കുകയല്ല , കേരള തനിമ തിരിച്ചു പിടിച്ചു നെഞ്ചോട് ചേര്‍ക്കുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ഡി കെ സിയുടെ പകിട്ടേറിയ ഓണാഘോഷം .

ആഘോഷപരിപാടികള്‍ക്കൊപ്പം നടന്ന തെരഞ്ഞെടുപ്പില്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് , യുക്മ ദേശീയ ട്രഷറര്‍, യുക്മ ദേശീയ വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള പരിചയ സമ്പന്നനായ ഷാജി തോമസാണ് ഡികെസിയുടെ പുതിയ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അഭിലാഷ് പി എ സെക്രട്ടറിയായും സജി പൗലോസ് ട്രഷറര്‍ ആയും , വൈസ് പ്രസിഡണ്ട് ആയി ബിന്‍സി ജേക്കബും ജോയിന്‍റ് സെക്രട്ടറി ആയി ഹെമിയ യേശുദാസും തെരഞ്ഞെടുക്കപ്പെട്ടു.

മനോജ് പിള്ള , പ്രേംജിത് തോമസ്, ബിബിന്‍ വേണുനാഥ് , എല്‍ദോസ് ഏലിയാസ് എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . സോണി കുര്യനും ജെറി മാത്യുവും എക്സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ജോയൽ ചെറുപ്ലാക്കിൽ

അയർകുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വിപുലമായ പരിപാടികളോടെ നാളെ റഗ്ബിയിലെ ബാർബി വില്ലേജ്ഹാളിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളുമായി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.

തിരുവോണ സമൃതി ഉണർത്തുന്ന പ്രത്യേക പരിപാടികളും വാശിയേറിയ വടംവലി മത്സരവും ഗാനമേളയുമൊരുക്കി ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും നൽകുവാനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്.

അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി ജോലിക്കായി എത്തിച്ചേർന്ന നേഴ്സുമാരും കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയതിനാലും ഗവൺമെൻറിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവർഷം നടത്തുവാൻ സാധിക്കാതിരുന്ന സംഗമം നാളെ നടക്കുമ്പോൾ അയർക്കുന്നം- മറ്റക്കര പ്രദേശങ്ങളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന മുഴുവൻ ആളുകളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഗമം പ്രസിഡൻറ് ജോമോൻ ജേക്കബ്ബ് വള്ളൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ ടോമി ജോസഫ് എന്നിവർ അറിയിച്ചു.

കലാ-കായിക-വിനോദപരിപാടികൾ നടത്തുവാൻ ഇനിയും താല്പര്യമുള്ളവർക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ സി.എ ജോസഫ് (07846747602), റാണി ജോജി( 07916332669) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

സംഗമവേദിയുടെ വിലാസം:-

BARBY VILLAGE HALL,

KILSBY ROAD, BARBY,

RUGBY, CV23 8TT

DATE: 4/9/2021 TIME: 10AM to 6PM

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍, ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ പ്രധാന മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായി അരങ്ങേറിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം യുകെ ന്യൂസ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ പകര്‍ത്തിയ വീഡിയോ അഞ്ച് ദിവസിത്തിനുള്ളില്‍ കണ്ടത് 2.2K ആള്‍ക്കാരാണ്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ നല്‍കിയ ഇളവുകള്‍ യുകെ മലയാളികള്‍ക്കാശ്വാസമായി. കോവിഡിനെ തുടര്‍ന്ന് 2019 ഡിസംബറിലെ കിസ്തുമസ്സ് പുതുവത്സരാഘോഷത്തോടെ യുകെ മലയാളികളുടെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും യുകെയിലെ ചുരുക്കം ചില അസ്സോസിയേഷനുകള്‍ മാത്രമേ ആഘോഷങ്ങളുമായി മുന്നോട്ട് വന്നുള്ളൂ. സമയ പരിമിതിയായിരുന്നു പ്രധാന കാരണം. എക്കാലത്തും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ ഗവണ്‍മെന്റ് അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍, സെക്രട്ടി ആന്റോ പത്രോസ് എന്നിവര്‍ നേതൃത്വം കൊടുത്ത് ഓഗസ്റ്റ് 28 ശനിയാഴ്ച്ച കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ഓണാഘോഷം നടന്നു. പരിമിതമായ സൗകര്യങ്ങളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ അസ്സോസിയേഷനിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. സ്‌കൂള്‍ അവധികാലമായതുകൊണ്ട് ചുരുക്കം ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയവരുടെ സ്‌നേഹപ്രകടനങ്ങള്‍ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്കൊടുവില്‍ നടന്ന ഗാനമേളയില്‍ നൃത്തച്ചൊവുടുകള്‍ വെച്ച് കാഴ്ചക്കാരായിരുന്ന സ്ത്രീകള്‍ എണീറ്റ് ഗാനത്തിനൊത്ത് നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നയതങ്ങൊട്ടരാവേശമായി മാറി. 20 മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശം. പ്രാക്ടീസ് ചെയ്‌തെത്തിയതിലും ഗംഭീരമായി അസ്സോസിയേഷനിലെ ഗായകരായ ആന്റോ പത്രോസും ഡോ. അഞ്ചു വര്‍ഗ്ഗീസും ആലപിച്ച ഗാനത്തോടൊപ്പം അവര്‍ നൃത്തം ചെയ്തു. ആ നൃത്തത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 2.2k ആള്‍ക്കാരാണ്.

വീഡിയോയുടെ പൂര്‍ണ്ണരുപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ല്ക് ചെയ്യുക.

https://www.facebook.com/shibu.mathew.758737/videos/308669741031229/

 

കടിയങ്ങാട്: വോക്കിങ് കാരുണ്യയുടെ എൺപത്തിഅഞ്ചാമത്‌ സഹായമായ എൺപത്തിഏഴായിരം രൂപ
ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരൻ സായൂജിന് പടത്തുകടവ്‌ പള്ളി വികാരി ഫാദർ ജോസഫ് വടക്കേൽ കൈമാറി. ഇത് വെറും വാക്കോ വർത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അർത്ഥത്തിൽ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയിൽ ഒറ്റമുറിച്ചെത്തിയിൽ കഷ്ടപ്പാടുകൾ ശീലമാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണവർ. കടിയങ്ങാട് പാലത്തിൽനിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപോയ് ക്കോ എന്ന കോലത്തിൽ ഏഴു സെന്ററിൽ നാലുകാലും ഒരു ഷീറ്റും നമ്മെ കളിയാക്കി നിൽക്കും പോലെ തോന്നും ഒറ്റ കാഴ്ചയിൽ.

സ്കൂളിൽ പഠിക്കുന്ന നല്ല പ്രായത്തിൽ ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകൾ പലരുടെയും സഹായങ്ങൾക്കൊണ്ടു ചെയ്‌തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ധീർഘകാലത്തെ ചികിത്സകൾ കുമാരനേയും കുടുംബത്തെയും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുൻപോട്ടു തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയിൽ പരം ആഴ്ചയിൽ ആവശ്യമാണ്. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാർത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു.

പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ അകമൊഴിഞ്ഞു സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

കുടുതല്‍വിവരങ്ങള്‍ക്ക്

ജെയിൻ ജോസഫ്: 07809702654
ബോബൻ സെബാസ്റ്റ്യൻ: 07846165720
സാജു ജോസഫ് 07507361048

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിയിലൂടെ ശേഖരിച്ച 2095 പൗണ്ട് ( Rs 211176) രണ്ടായി വീതിച്ചു
105588 ( ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിയെട്ടു രൂപ വീതം) മുരിക്കാശ്ശേരി, പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ് സിക്കും ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ ശിവദാസനും കൈമാറി . ഇവർക്ക് രണ്ടുപേർക്കും വീട് നിർമിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തിയത് , പടമുഖം സ്നേഹ മന്ദിരത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് സ്നേഹമന്ദിരം ഡയറക്ടർ ബ്രദർ രാജു ഡെയ് സിക്ക് 105588 രൂപയുടെ ചെക്ക് കൈമാറി . രാമപുരം വടക്കേപുളിക്കൽ ശിവദാസന്റെ വീട്ടിൽ എത്തി ഇരട്ടച്ചിറ വികസനസമിതി പ്രസിഡണ്ട് റോയ് ചെറിയാൻ സദാശിവന്റെ മകൾ ദിവ്യയ്ക്ക് 105588 രൂപയുടെ ചെക്ക് കൈമാറി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു .


ഡെയ്സിയെ സഹായിക്കണം എന്ന അഭ്യർത്ഥയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് ബെർമിഹാമിൽ
താമസിക്കുന്ന മുരിക്കാശേരി സ്വദേശി തേക്കലകാട്ടിൽ ജയ്‌മോൻ ജോർജാണ് ശിവദാസനെ സഹായിക്കാൻ മുൻപോട്ടു വന്നത് ലിവർപൂളിൽ താമസിക്കുന്ന തോമസ് ജോർജാണ് (തൊമ്മൻ ).

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യേ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 99 ലക്ഷം രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌, .എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

 

 

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂൾ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ൽ ചേരുകയുണ്ടായി. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമീക്ഷ നാഷണൽ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീൺ, നാഷണൽ കമ്മിറ്റി അംഗം സഖാവ് പ്രവീൺ രാമചന്ദ്രൻ എന്നിവർ നേരിട്ടും , നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓൺലൈൻ ആയും പങ്കെടുത്തു.

സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിൾ തെക്കേമുറി റിപ്പോർട്ട് അവതരിപ്പിച്ചു. പൂൾ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു സഖാക്കൾ നോബിൾ തെക്കേമുറി , പോളി മാഞ്ഞൂരാൻ, റെജി കുഞ്ഞാപ്പി , എൽദോ, മനു പോൾ , ജോസ് ,റെന്നി ,സ്നേഹ,സനൽ ,ബേസിൽ എന്നിവർ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതിയെയും ഏകകണ്ഠേന തെരഞ്ഞെടുത്തു.

സ:സനൽഏബ്രഹാം (പ്രസിഡന്റ് )
സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )
സ :ജോസ് (ട്രഷറർ )
സ :മനു പോൾ (വൈസ് പ്രസിഡന്റ് )
സ :പോളി മാഞ്ഞൂരാൻ (ജോയിൻ സെക്രട്ടറി ) എന്നിവർ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved