Latest News

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയുടെ ഫീല്‍ഡ് സര്‍വേ ആരംഭിച്ചു.

മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപമാണ് ഇപ്പോൾ സര്‍വേ തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഒക്ടോബറിനു മുന്‍പ് സര്‍വേ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഒരു റവന്യൂ സര്‍വേയറും അഞ്ച് താത്കാലിക സർവേയരുമാരുടെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. സർവേ പൂർത്തിയായതിനു ശേഷം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്ലവില നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങും. സ്ഥലം, കെട്ടിടം, മരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി തുക നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കുക.

കൂടാതെ, ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്തുന്നതിന് കോടതി തടസമില്ലെന്നും അടുത്ത മാസം എസ്റ്റേറ്റിലെ സര്‍വേ തുടങ്ങുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഇസ്രയേലില്‍ ജോലി ചെയ്തു വന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ഞായറാഴ്ച ജൂൺ 29ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ചെസ്റ്റർട്ടൻ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളിക്കുകയുണ്ടായി.

ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ്‌ സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേകർ, ട്രെഷറർ ജോയ് ആന്റണി, കൺവീനർമാരായ ജേക്കബ് തോമസ്, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചതോടെ ഈ വർഷത്തെ “ആരവം 2025″ന് തുടക്കമായി.”വാദ്യ ലിവർപൂൾ ” അവതരിപ്പിച്ച ചെണ്ടമേളയും, ഡി ജെ ആബ്സിന്റെ വർണ്ണപ്രബയും,മ്യൂസിക്കൽ നൈറ്റ്‌ എന്നിവ ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികൾ എവെർക്കും ആസ്വാദ്യകരമായി.ചാലക്കുടി ചങ്ങാത്തം സ്ഥപക പ്രസിഡന്റ്‌ സൈബിൻ പാലാട്ടി ആശംസകൾ അർപ്പിക്കുയുണ്ടായി. സ്റ്റോക് ഓൺ ട്രെന്റിലെ ” ലൈക്ക എവെന്റ്സ് ആൻഡ് കാറ്ററേർസ് ” ഒരുക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ഏവർക്കും ഗൃഹാദുരത്വം ഉണർത്തുക യുണ്ടായി.

അടുത്ത വർഷത്തെ പ്രസിഡന്റായി ദാസൻ നെറ്റിക്കാടനെയും, സെക്രട്ടറി യായി സുബിൻ സന്തോഷിനെയും, ട്രഷറർ ആയി ടാൻസി പാലാട്ടിയും, പ്രോഗ്രാം കോ കോർഡിനേറ്റർ ആയി കീർത്തന ജിതിൻ എന്നിവരും തെരഞ്ഞടുത്തു.

ജില്ലാ പോലീസ് തുടങ്ങിയ ഓപ്പറേഷന്‍ ലാസ്റ്റ്‌ബെല്‍ പ്രത്യേകപരിശോധനയുടെ രണ്ടാംദിവസം വിവിധ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത് 143 വാഹനങ്ങള്‍. 28 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 22 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാവിനെതിരേയാണ്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി ആറ് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു.

കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒതുക്കുങ്ങല്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചെത്തിയ ബൈക്ക് പോലീസിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞു. അന്വേഷണത്തില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയേയും വാഹനവും കണ്ടെത്തി കേസെടുത്തു.

സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായാണ് ജില്ലാ പോലീസ് പരിശോധന തുടങ്ങിയത്. ഇതുവരെ 343 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 58 രക്ഷിതാക്കളും 20 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 78 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.

ലൈസന്‍സില്ലാതെയും അപകടകരമായ രീതിയിലും ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്നത് തടയാന്‍ പെരിന്തല്‍മണ്ണ പോലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ മാത്രം 40 ബൈക്കുകള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയില്‍ മുഴുവന്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് പെരിന്തല്‍മണ്ണയിലും പരിശോധന നടത്തിയത്.

15 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ ഓടിച്ചുവന്ന അഞ്ച് ബൈക്കുകള്‍ പിടികൂടി. ഇതിന് രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്ത് വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും പിഴയിട്ടത്. ബാക്കിയുള്ളവര്‍ 18 വയസ്സ് തികഞ്ഞവരാണ്. ഇവര്‍ക്ക് ലൈസന്‍സില്ലാത്തതിന് പിഴ ചുമത്തി. വീട്ടുകാര്‍ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.

ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചുവരുത്തി പോലീസ് ബോധവത്കരണം നടത്തി. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ പെരിന്തല്‍മണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായായിരുന്നു പരിശോധന.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബി സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണ്.

കേരള ടൂറിസം വകുപ്പ് ഈ ഫൈറ്റര്‍ ജെറ്റിനെ വച്ച് ഒരു പ്രൊമോഷന്‍ പരസ്യം തന്നെ ചെയ്തിരുന്നു. മില്‍മ, കേരള പൊലീസ് എന്നിവയുടെ ഒഫിഷ്യല്‍ പേജുകളില്‍ ബ്രിട്ടീഷ് വിമാനത്തെക്കുറിച്ചുള്ള രസകരമായുള്ള പോസ്റ്റുകള്‍ വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ യു.കെയിലെ ഒരു മലയാളി റെസ്റ്റോറന്റ് അവരുടെ പരസ്യത്തിലും ,നായകനാ’ക്കിയിരിക്കുന്നത് എഫ് 35 ബിയെ തന്നെയാണ്. ‘മകനേ മടങ്ങി വരൂ’… എന്നാണ് മാഞ്ചസ്റ്ററിലെ മലയാളി റെസ്റ്റോറന്റായ ‘കേരള കറി ഹൗസിന്റെ’ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഒരിക്കല്‍ വന്നാല്‍ തിരികെ പോകാന്‍ തോന്നില്ല’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ പരസ്യത്തിന് ബദലായാണ് റെസ്റ്റോറന്റിന്റെ പരസ്യം. വിമാനത്തിന്റെ എ.ഐ ചിത്രവും ഒപ്പമുണ്ട്.

‘കേരളത്തിന്റെ രുചി കേരള കറി ഹൗസില്‍ വിളമ്പുമ്പോള്‍ നീ എന്തിനാണ് അവിടെ നില്‍ക്കുന്നത്’ എന്നാണ് പരസ്യത്തിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായം ബിന്ദുവിന്റെ അമ്മയ്ക്ക് കൈമാറി. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണത്തില്‍ അറിയിച്ചിരുന്നു.

മെഡിക്കല്‍ കോളേജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് അടിയന്തരമായി കൈമാറിയയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

‘നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കും’ മന്ത്രി വാസവന്‍ അറിയിച്ചു.

തകര്‍ന്ന കെട്ടിടത്തില്‍നിന്ന് രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന വീഴ്ചയില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുണ്ടാകുന്നത്.

മന്ത്രി വി.എന്‍.വാസവനൊപ്പം ജില്ലാ കളക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന ഉടനെ ജെസിബി കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി വാസവന്‍ പറഞ്ഞു. അപകടം നടന്ന ഉടനെ ബിന്ദു മരിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും. ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.

നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.

ആദ്യ ശമ്പളം അമ്മയ്ക്ക് നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു.

നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്ത് ജോലി ലഭിച്ചത്. ആദ്യ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.

കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

ആന്ധ്രയില്‍ അപ്പോളോ നഴ്സിങ് കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നവമി മെഡിക്കല്‍ കോളജില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിന് വേണ്ടിയാണ് തകര്‍ന്ന് വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്ക് ബിന്ദു എത്തിയതെന്നാണ് വിവരം. തകര്‍ന്ന് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണ് ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വകാര്യ ആശുപത്രിയിൽ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 17 കാരിയുടെ പോസ്റ്റുമോർട്ടം നടന്നത്. സാമ്പിൾ പൂനൈ എൻ.ഐ.വിയിലേക്ക് അയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറൻ്റീനിലാണ്. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. 2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്.

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്നതാണെന്നും അതിനകത്ത് ആരും ഇല്ലെന്നും ഒദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെയും ആ കെട്ടിടത്തില്‍ നിരവധി പേര്‍ പോകുകയും ശുചിമുറി ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്തിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നുണ്ട്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും അതിനകത്ത് ആരും ഇല്ലെന്നും മന്ത്രിമാര്‍ പറഞ്ഞത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.

‘മന്ത്രിമാരുടെ ഒറ്റ പ്രഖ്യാപനം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതും ഒരു കുടുംബത്തിന് അവരുടെ അമ്മയെ നഷ്ടമായതും. ഒരു ജീവനാണ് നഷ്ടപ്പെട്ടത്. അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. ആരെങ്കിലും തയാറാക്കി നല്‍കുന്ന നറേറ്റീവ് പറയുക എന്നതു മാത്രമാണ് ആരോഗ്യമന്ത്രിയുടെ ജോലി. അത്യാസന്നമായ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും മന്ത്രിയുടെ നിലപാട് കൊണ്ട് കഴിഞ്ഞില്ല. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം. എന്നിട്ടാണ് 15 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പിആര്‍ പ്രൊപ്പഗന്‍ഡ തയാറാക്കി ആരോഗ്യരംഗത്തെ കുറിച്ച് ഇല്ലാക്കഥകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ആരോഗ്യരംഗത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ജനങ്ങള്‍ക്കറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് കൂടിയതിനാലാണ് മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ ഇല്ലാതായി. കാരുണ്യ പദ്ധതിയും ജെ.എസ്.എസ്.കെയും ഹൃദ്യം പദ്ധതിയുമൊക്കെ എവിടെ പോയി? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവങ്ങളെ സഹായിക്കാന്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും തകര്‍ത്തു. കാരുണ്യാ പദ്ധതിയുടെ പണം കൊടുക്കേണ്ടി വരുന്നതിനാല്‍ എച്ച്.ഡി.സികളില്‍ പോലും ഫണ്ടില്ല. ആരോഗ്യരംഗത്തെ ദയനീയമായ അവസ്ഥയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം,’ അദ്ദേഹം ആവശ്യപ്പെട്ടു.

‘ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്? അപകടത്തില്‍പ്പെട്ട കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നല്ലേ ആദ്യം പരിശോധിക്കേണ്ടത്. സാമാന്യബുദ്ധിയുള്ള ആരും അങ്ങനെയെ ചെയ്യൂ. രാവിലെയും ആ കെട്ടിടത്തില്‍ ശുചിമുറികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എത്രയോ പേര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇല്ലെന്ന് മന്ത്രി പറഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നത്. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കില്‍ ആ സ്ത്രീ എങ്ങനെയാണ് അതിനുള്ളില്‍ കയറിയത്?, പ്രതിപക്ഷനേതാവ് ചോദിച്ചു.

‘തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കിയത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടത്തിനുള്ളില്‍ ആരും ഇല്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്? ഒരു കാരണവശാവും ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം,’ വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത്. അസ്ഥിരോഗ വിഭാഗത്തിലെ 14-ാം വാര്‍ഡാണ് നിലംപൊത്തിയത്.

Copyright © . All rights reserved