Latest News

കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് 48 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ 26കാരിയായ ദീപ്തിയാണ് പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. നൂലുകെട്ടിനു (ഇരുപത്തിയെട്ടുകെട്ടൽ) ശേഷം കുഞ്ഞ് തുടർച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇതേത്തുടർന്ന് ദീപ്തി കൗൺസലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടർന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി. സംഭവത്തിന് ശേഷം, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പോലീസ് നിരീക്ഷണത്തിലാണ് ചികിത്സ. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്.

കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ, സംശയംതോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. വീട്ടുകാർ പോലീസിനും ഇതേ മൊഴിതന്നെയാണ് നൽകിയത്. കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലിൽ അമ്മ കുറ്റംസമ്മതിക്കുകയായിരുന്നു.

കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാണാതായ മറുനാടന്‍ തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ്. സംഭവത്തിനുപിന്നാലെ കാണാതായ ബംഗാള്‍ സ്വദേശി ആദം ആലി(21)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ജോലിചെയ്തിരുന്ന മറ്റു മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു വരികയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യെയാണ് കഴിഞ്ഞദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ വീട്ടില്‍നിന്ന് കാണാതായത്. ഇവരുടെ വീട്ടില്‍നിന്ന് ഉച്ചയ്ക്ക് എന്തോ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നാലെ വര്‍ക്കലയിലേക്ക് പോയിരുന്ന ഭര്‍ത്താവ് ദിനരാജിനെ വിവരമറിയിച്ചു. വീടിനകത്ത് കയറി പരിശോധിക്കാന്‍ ദിനരാജ് ആവശ്യപ്പെട്ടെങ്കിലും മനോരമയെ വീടിനുള്ളിലും കണ്ടില്ല. ഇതോടെയാണ് പോലീസില്‍ വിവരമറിയിച്ചത്.

പരാതി ലഭിച്ചതിന് പിന്നാലെ പോലീസും നാട്ടുകാരും സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രാത്രിയോടെ ഈ കിണറ്റില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടെയാണ് മനോരമയുടെ വീടിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരവും പോലീസിന് ലഭിച്ചത്. ദിവസങ്ങളായി അഞ്ചുപേരടങ്ങുന്ന മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തുവരികയായിരുന്നു. മനോരമയുടെ വീട്ടില്‍നിന്നാണ് ഇവര്‍ കുടിവെള്ളം എടുത്തിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാളായ ആദം ആലിയെ ഞായറാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഒപ്പം ജോലിചെയ്യുന്ന മറ്റ് നാല് തൊഴിലാളികള്‍ക്കൊപ്പമാണ് ആദം ആലി താമസിച്ചിരുന്നത്. കഴിഞ്ഞദിവസം തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. താന്‍ ആ സ്ത്രീയെ തല്ലിയെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞാണ് ആദം ആലി താമസസ്ഥലത്തുനിന്ന് പോയത്.

അതേസമയം, ഇവിടെനിന്ന് മടങ്ങിയതിന് പിന്നാലെ ആദം ആലി ഒരു സിംകാര്‍ഡ് ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചതായി വിവരമുണ്ട്. ഇയാള്‍ ഒരിക്കലും സ്ഥിരമായി ഒരു നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മാത്രമല്ല, യുവാവ് പബ്ജി ഗെയിം പതിവായി കളിച്ചിരുന്ന ആളാണെന്നും പബ്ജിയില്‍ തോറ്റതിന്റെ പേരില്‍ അടുത്തിടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അടിമുടി ദുരൂഹത

മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.

മെട്രിസ് ഫിലിപ്പ്

ആകെ വെള്ളം ആണല്ലോ. വഴിയിലൂടെ പുഴ ഒഴുകുന്നു. അല്ലന്നേ, പുഴയിലൂടെ വഴി ഒഴുകുന്നു. നാടും നഗരവും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. കേരളത്തിലെ, എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞൊഴുകുന്നു. കേരളത്തിൽ ഇപ്പോൾ പ്രളയം ഒരു പതിവായിരിക്കുന്നു. പണ്ടൊക്കെ, ഇതിലും വലിയ മഴയും, ഉരുൾപൊട്ടലും ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും, ഇപ്പോഴത്തെ പോലെ വലിയ പ്രളയം ഉണ്ടാകുന്നില്ലായിരുന്നു. എന്തേ, ഇപ്പോൾ ഇത്രയധികം വെള്ളപൊക്കം ഉണ്ടാകുന്നു. 100 കോടി മുടക്കി ഒരു പഠന കമ്മീഷനെ നിയമിച്ചുകൂടെ. നെതർലാൻഡിലെയും ജർമ്മനിയിലെയും ഓടകൾ എങ്ങനെ നിർമ്മിക്കുന്നു എന്നത് കൂടി ചേർത്താൽ ഈ പഠനത്തിന് കൂടുതൽ കരുത്തേകും.

പണ്ടൊക്കെ, എത്ര വെള്ളം വന്നാലും,നിറഞ്ഞൊഴുകിപോകാനുള്ള, , വീതിയും ആഴവും പുഴകൾക്കു ഉണ്ടായിരുന്നു. കാരണം, പുഴയിലെ മണൽ വാരി, ആഴം കൂട്ടിയിരുന്നു. നമ്മുടെ പരിസ്ഥിതിവാദികളുടെ ശക്തമായ സമരം കൊണ്ട്, മണൽ വാരൽ നിർത്തി. പകരം പാറപ്പൊടി ലോബി വളർന്നു വന്നു.

പുഴകളുടെ അതിരുകൾ കയ്യേറിയപ്പോൾ, പുഴ വെള്ളം, അതെല്ലാം ഒലിപ്പിച്ചുകൊണ്ട് പോയി. തോടുകളിൽ, അഴുക്കു നിറഞ്ഞു,നീരൊഴുക്ക് കുറഞ്ഞു. വയൽ എല്ലാം മണ്ണിട്ട് നികത്തി. കൃഷികൾ കുറഞ്ഞു. ഭുമിയിലേക്ക്, വെള്ളം വലിയുന്നില്ല.

റോഡുകൾ ഇപ്പോൾ കുളമായി കിടക്കുന്നത് കൊണ്ട് കുറേ വെള്ളം അതിൽ സംഭരിക്കുന്നു. കിഴക്കൻ വെള്ളം പടിഞ്ഞാറേക്ക് ഒഴുകി വരുന്നത് കൊണ്ട്, കുട്ടനാട് വെള്ളത്തിൽ മുങ്ങികിടക്കുന്നു. കടൽ വെള്ളം ഇറങ്ങി പോകുന്നതിന്റെ, അളവ് കുറയുന്നത് കൊണ്ട്, വെള്ളകെട്ടുകൾ കുറേ ദിവസം ഉണ്ടായേക്കും. കുട്ടനാട് പാക്കേജ് 1000കോടി എങ്ങോട്ട് പോയോ. തണ്ണീർമുക്കം, ഷട്ടറിനുള്ളിൽ കാണും.

മണൽ വാരൽ ഉടൻ തന്നെ തുടങ്ങണം. ആഴം കൂടിയ ഡാമുകളും പുഴകളും തോടുകളും ഉണ്ടായാൽ മാത്രമേ, ഇതിനൊരു പരിഹാരം ഉണ്ടാകു. ഇനിയും ഒരു പ്രളയം നേരിടുവാൻ കേരളത്തിന് കഴിയുമോ. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. വിദേശ സഹായങ്ങൾ ഒഴുകി വരും. അപ്പോൾ കിറ്റുകളുടെ എണ്ണം കൂട്ടാം. ജാഗ്രത മാത്രം മതി. വെള്ളം വീട്ടിനുള്ളിലെ അടുപ്പിനുള്ളിലേക്ക് വരും. 22 കോടി വാടക കൊടുത്ത ഹെലികോപ്റ്ററിന്റെ ടയറിന് കാറ്റുണ്ടോ എന്ന് പരിശോധിച്ചു വെച്ചേരെ. ആവശ്യം വന്നേക്കാം. മതിൽ തീർക്കുന്ന കെ റെയിൽ കൂടി വന്നാൽ, വെള്ളത്തിന് മുകളിലൂടെ ചീറിപ്പായാം.

അപകടത്തിൽ മരിച്ച ദേവീകൃഷ്ണ ജോലിക്ക് കയറിയിട്ട് മൂന്ന് ദിവസം മാത്രം കഴിഞ്ഞൊള്ളൂ. നാലാം ദിവസത്തെ യാത്ര അവസാനിച്ചതാകട്ടെ വൻ ദുരന്തത്തിലും. ബിരുദധാരിയായ ദേവീകൃഷ്ണ റെയിൽവെ സ്റ്റേഷനു സമീപം അമ്പലനടയിലെ ഒരു കംപ്യൂട്ടർസ്ഥാപനത്തിലാണ് ജോലിക്ക് കയറിയിരുന്നത്. ടൗണിലെ വ്യാപാരസ്ഥാപനത്തിലായിരുന്നു പരിക്കേറ്റ പൗഷയുടെ ജോലി. ദേവീകൃഷ്ണയുടെ വിയോഗം വീടിനും നാടിനും വിശ്വസിക്കാനായിട്ടില്ല. കൺമുൻപിൽ കണ്ട ദുരന്തത്തിന്റെ പകപ്പിൽ നിന്നും ഇനിയും സുഹൃത്തുക്കൾ മുക്തരായിട്ടില്ല.

ശനിയാഴ്ച രാവിലെ 9.15-ന് ചാലക്കുടി റെയിൽവേ സ്റ്റേഷന് 300 മീറ്റർ വടക്ക് പറയൻതോടിനു കുറുകെയുള്ള പാലക്കുഴി പാലത്തിലാണ് അപകടമുണ്ടായത്. ദിവസവും പോകുന്ന റോഡിൽ വെള്ളം കയറിയതിനാൽ യാത്ര തീവണ്ടിപ്പാളത്തിലൂടെയാക്കി. വെള്ളപ്പൊക്കസമയത്ത് വി.ആർ. പുരത്തുകാരും കാരകുളത്തുനാട്ടുകാരും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നത് റെയിൽവെ ട്രാക്ക് വഴിയാണ്. അപകടത്തിൽപ്പെട്ടവരും ആ പാത പിന്തുടർന്നു. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളാണ് മഴയും പ്രളയഭീഷണിയുമൊക്കെയുണ്ടായിട്ടും ഇവരെ തൊഴിൽശാലകളിലേക്ക് മുടങ്ങാതെ പോകാൻ പ്രേരിപ്പിച്ചത്.

പാലത്തിലേക്ക് കയറും മുമ്പ് ലാലിക്ക് ഒരു ഫോൺ വന്നതിനെ തുടർന്ന് ഒരു വശത്തേക്ക് മാറിനിന്ന് സംസാരിച്ചു. ഈ സമയം ദേവീകൃഷ്ണയും പൗഷയും മുന്നോട്ടു നടന്ന് പാലത്തിലേക്ക് കയറി. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ കുട മുന്നോട്ട് ചരിച്ചുപിടിച്ചിരുന്നു. ഇതിനിടയിൽ, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന പ്രതിവാര എക്സ്പ്രസ് വന്നത് ശ്രദ്ധിച്ചില്ല. അടുത്തെത്താറായ തീവണ്ടി കണ്ടപ്പോൾ പാലത്തിൽ കയറി നിൽക്കാവുന്ന സ്ഥലത്തേക്ക് എത്താനുള്ള സാവകാശവും ഇവർക്ക് കിട്ടിയില്ല.

തീവണ്ടിയും ഇവരും തമ്മിൽ കഷ്ടിച്ച് അരമീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാൻ പരമാവധി അകലത്തേക്ക് നിൽക്കാനുള്ള ശ്രമത്തിനിടെ ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു. പാലത്തിനടിയിലെ തോടിന് സമാന്തരമായുള്ള റോഡിലേക്കാണ് ഇരുവരും വീണത്. എന്നാൽ, കനത്ത മഴയിൽ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിക്കിടക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന കമ്പിയിലേക്ക് വീണ ദേവീകൃഷ്ണ ചെളിയിലേക്ക് താഴുകയും ചെയ്തു.

പൗഷ വെള്ളത്തിലൂടെ ഒഴുകിത്തുടങ്ങുകയും ചെയ്തു. ഇതുകണ്ട ലാലി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. പൗഷയെ രക്ഷിച്ചു. ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്ത് അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിന് വിസ ശരിയായത്.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

കേരളത്തെ തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഈ മലയാളി ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് ലോകത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്.

എൽദോസ് പോളിന്റെ നേട്ടത്തിൽ മനസും കണ്ണും നിറഞ്ഞ് വാക്കകുൾ കിട്ടാതെ സന്തോഷത്തിലാണ് പാലയ്ക്കാ മറ്റത്തെ കൊച്ചുതോട്ടത്തിൽ വീട്ടിൽ 88 വയസുകാരിയായ മറിയാമ്മ. കൊച്ചുമകന്റെ നേട്ടം അറിഞ്ഞ് സന്തോഷം കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.

നാലര വയസിൽ എൽദോസ് പോളിന്റെ അമ്മ മരിച്ചശേഷം അച്ഛന്റെ അമ്മയായ മറിയാമ്മയാണ് എൽദോസിനെ വളർത്തി വലുതാക്കിയത്. മുത്തശ്ശിയാണെങ്കിലും അമ്മയെന്നാണ് മറിയാമ്മയെ എൽദോസ് വിളിക്കുന്നത്.

‘എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് താൻ പ്രാർത്ഥിച്ചത്’ എന്ന് ചരിത്രനേട്ടത്തിന് ശേഷം എൽദോസ് പോളിന്റെ മുത്തശ്ശി പ്രതികരിച്ചു. തന്റെ പ്രാർത്ഥന കേട്ട് ദൈവം കൊച്ചുമകന് സ്വർണം തന്നെ കൊടുത്തെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.

മകന് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ എന്തുതോന്നുന്നു എന്ന ചോദ്യത്തോട് വൈകാരികമായാണ് മറിയാമ്മ പ്രതികരിച്ചത്. നാലര വയസിൽ അവന്റെ അമ്മ പോയതാ, പിന്നെ ഞാനായിരുന്നു അവന്റെ അമ്മ. ഞാനാണ് അവനെ നോക്കി വളർത്തിയത്. എന്തായാലും എന്റെ പുള്ള ഒന്നിലും വീഴ്ച കൂടാതെ ഇത്രയും നേടിയില്ലേ…? തൊണ്ടയിടറി കൊണ്ട് വൃദ്ധമാതാവ് പറയുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് തന്റെ മകൻ നേടിയതെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മറിയാമ്മ കൂട്ടിച്ചേർത്തു.

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിലാണ് കേരളത്തിന് അഭിമാന നേട്ടമുണ്ടായത് സ്വർണവും വെള്ളിയും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സ്വർണവും ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡലും സ്വന്തമാക്കി.

മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നഴ്‌സ് കോളേജ് അധ്യാപികയായ യുവതി മരിച്ചു. വിഴിഞ്ഞം സ്വദേശി വി ആർ രാഖി ശനിയാഴ്ചയാണ് മരിച്ചത്. രാഖിയുടെ വിയോഗത്തിന് പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത് വന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ ആരോഗ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകി. ഇക്കഴിഞ്ഞ ജൂലൈ 19നാണ് തിരുവല്ലം ബൈപ്പാസിൽവെച്ച് രാഖിക്ക് അപകടത്തിൽ നിസാരമായി പരിക്കേറ്റത്. കാലിലെയും മൂക്കിലെയും ചെറിയൊരു പരിക്ക് ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ രാഖിക്ക് ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് മൂക്കിന് ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രാഖിയുടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതർ ഇടപെട്ട് മറ്റൊരു ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ രാഖി മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിത രക്തസ്രാവമാണ് രാഖിയുടെ മരണത്തിന് ഇടയാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. ട്രിപ്പിള്‍ ജംപിലാണ് ഇന്ത്യക്കായി മലയാളി താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത്.

മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയുമാണ് സ്വന്തമാക്കിയത്.

എല്‍ദോസ് 17.03 മീറ്റര്‍ മറികടന്നപ്പോള്‍, അബ്ദുള്ള അബൂബക്കര്‍ 17.2 മീറ്ററാണ് ചാടിയത്. അഞ്ചാമത്തെ ചാന്‍സിലാണ് അബ്ദുള്ള ഈ നേട്ടം മറികടന്നതെങ്കില്‍ മൂന്നാം അറ്റെംപ്റ്റില്‍ തന്നെ എല്‍ദോസ് 17.3 മീറ്റര്‍ മറികടന്നത്.

മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് 17 മീറ്ററിന് മുകളില്‍ ചാടാന്‍ സാധിച്ചത്. ബെര്‍മുഡ താരമായ ജഹ്-നായ് പെരിഞ്ചീഫ് ആണ് മൂന്നാമത് ഫിനിഷ് ചെയ്തത്. 16.92 മീറ്ററാണ് അദ്ദേഹം ചാടിയത്. ഇരുവരും കരിയറിലെ ബെസ്റ്റ് മീറ്ററാണ് മറികടന്നത്.

യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 16.79 മീറ്റര്‍ ചാടിയാണ് പോള്‍ ഫൈനലിലെത്തിയത്. വെറും അഞ്ച് കോമണ്‍വെല്‍ത്ത് ട്രിപ്പിള്‍ ജമ്പര്‍മാര്‍ വേള്‍ഡിലേക്ക് യോഗ്യത നേടിയപ്പോള്‍, ഇതില്‍ പോള്‍ മാത്രമാണ് ഫൈനലില്‍ ഇടം നേടിയത്.

നാലാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യക്കാരന്‍ തന്നെയായിരുന്നു. പ്രവീണ്‍ ചിത്രവേലായിരുന്നു നാലാം സ്ഥാനം കരസ്ഥമാക്കിയത്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ എന്ന ചോദ്യത്തിന് സത്യത്തിനൊപ്പം മാത്രമാണ് താനെന്ന് കുഞ്ചാക്കോ ബോബൻ. അതിജീവിതയ്ക്ക് ഒപ്പം എന്നതിനേക്കാൾ, എല്ലാക്കാലത്തും സത്യത്തിന് ഒപ്പം നിൽക്കുക എന്നതായിരുന്നു താൻ സ്വീകരിച്ച നിലപാടെന്നും നടൻ പറഞ്ഞു. സത്യം ആരുടെ കൂടെയാണോ അവർ ആത്യന്തികമായി വിജയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും.

അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ പറഞ്ഞു. ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു നടന്‍റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് അതിജീവിത കോടതിയിൽ ആശങ്ക അറിയിച്ചയതിനെ കുറിച്ചുള്ള ചോദ്യമാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജി ഹണി എം വർഗീസിന് മുന്നിലാണ് ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചത്. സി ബി ഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് നടിയും പ്രോസിക്യൂഷനും വാദിക്കുന്നത്.

ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹണി എം വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ കോടതി സമയം നൽകി. കേസ് ഈ മാസം 11 നാണ് വീണ്ടും പരിഗണിക്കുക.

നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

“അവസാനം വരെ താൻ ശരിയായി പോരാടി”.

കണ്ണീരിലൂടെ സംസാരിച്ച് അവൾ പറഞ്ഞു: “ദുഃഖത്തിൽ, ആർച്ചി ഇന്ന് ഉച്ചയ്ക്ക് 12.15 ന് കടന്നുപോയി. ലോകത്തിലെ ഏറ്റവും അഭിമാനകരമായ അമ്മയാണ് ഞാൻ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

“അവൻ വളരെ സുന്ദരനായ ഒരു കൊച്ചുകുട്ടിയായിരുന്നു. അവസാനം വരെ അവൻ ശരിയായി പോരാടി, അവന്റെ അമ്മയായതിൽ ഞാൻ അഭിമാനിക്കുന്നു.

ഹോസ്പിറ്റൽ ചികിത്സ പിൻവലിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം മരിച്ചുവെന്ന് ആർച്ചി ബാറ്റേഴ്സ്ബീയുടെ അമ്മ ഹോളി ഡാൻസ് പറഞ്ഞു. ആർച്ചിയെ ഒരു ഹോസ്പിസിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ അഭ്യർത്ഥന ബ്രിട്ടീഷ് കോടതികൾ നിരസിച്ചു, കൂടാതെ യൂറോപ്യൻ മനുഷ്യാവകാശ കോടതി രണ്ടാമതും കേസിൽ ഇടപെടാൻ വിസമ്മതിച്ചു.

ആർച്ചിയുടെ ലൈഫ് സപ്പോർട്ട് തുടരുന്നതുമായി ബന്ധപ്പെട്ട നീണ്ട നിയമയുദ്ധം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലൈഫ് സപ്പോർട്ട് തുടരണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടണിലെ ഹൈകോർട്ടിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടിലും വരെയെത്തിയ കുടുംബാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഹൃദയവേദനയോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആർച്ചിയുടെ മരണത്തോട് പ്രതികരിച്ചത്. “എൻ്റെ പ്രിയപ്പെട്ട ആർച്ചി വിടവാങ്ങി…. അവൻ അവസാനം വരെ പൊരുതി.” ആർച്ചിയുടെ അമ്മ ഹോളി ഡാൻസ് വിതുമ്പലോടെ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ആർച്ചിയെ എസക്സിലെ സൗത്ത് എൻഡിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാരകമായ പരിക്ക് ബ്രെയിനിൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അബോധാവസ്ഥയിലായ ആർച്ചി വെൻ്റിലേറ്ററിൻ്റെയും ഡ്രഗ് ട്രീറ്റ്മെൻറിൻ്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. 2022 ഏപ്രിൽ 7 ന് സൗത്ത് എൻഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ആർച്ചിയെ പിറ്റേന്ന് ദി റോയൽ ലണ്ടൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഏപ്രിൽ 26 ന് ആർച്ചിയ്ക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ഹോസ്പിറ്റൽ അധികൃതർ ഹൈകോർട്ടിൻ്റെ അനുമതി തേടി.

മെയ് 13 ന് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗിനുള്ള അനുമതി ജഡ്ജ് നല്കി. രണ്ടു സ്പെഷ്യലിസ്റ്റുകൾ ആർച്ചിക്ക് ബ്രെയിൻ സ്റ്റെം ടെസ്റ്റിംഗ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റിനോട് ആർച്ചി പ്രതികരിക്കാതിരുന്നതാണ് ഈ ശ്രമം പരാജയപ്പെടാൻ കാരണമായത്. ആർച്ചിയുടെ ശരീരത്തിന് ചലനമുണ്ടായാൽ അത് ദോഷകരമായി ഭവിക്കുമെന്ന വാദമുയർത്തി എം.ആർ.ഐ സ്കാനിനുള്ള നിർദ്ദേശം ആർച്ചിയുടെ കുടുംബം നിരാകരിച്ചെങ്കിലും കോടതിയുടെ ഉത്തരവ് അനുസരിച്ച് മെയ് 31 ന് സ്കാൻ നടത്തി. എം.ആർ.ഐ സ്കാൻ അനുസരിച്ച് ആർച്ചി മരണപ്പെട്ടു എന്നു സ്ഥിരീകരിച്ചതിനാൽ ട്രീറ്റ്മെൻറ് തുടരേണ്ടതില്ലെന്ന് ജൂൺ 13 ന് ഹൈക്കോർട്ട് ജഡ്ജ് റൂളിംഗ് നല്കി. തുടർന്ന് ഈ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് ആർച്ചിയുടെ കുടുംബം ഉന്നത കോടതികളെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുകൾ ലഭിച്ചില്ല.

RECENT POSTS
Copyright © . All rights reserved