ഞായറാഴ്ച മുതല്‍ യുകെയുടെ സമയക്രമം മാറുന്നു. നാളെ മാര്‍ച്ച് 25 ഞായറാഴ്ച മുതല്‍ യുകെ ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടിഷ് സമ്മര്‍ ടൈമിലേക്ക് മാറുകയാണ്. ഈ മാറ്റം വരുന്നതോടെ നിലവിലെ സമയത്തിനേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. സമയമാറ്റം മുന്നില്‍ കണ്ട് എല്ലാവരും ഇന്ന് രാത്രി ഉറങ്ങുന്നതിന് മുന്‍പ് തന്നെ വീട്ടിലുള്ള ക്ലോക്കുകളില്‍ മാറ്റം വരുത്തിയാല്‍ പകല്‍ സമയത്തെ വിലപ്പെട്ട ഒരു മണിക്കൂര്‍ നഷ്ടമാകില്ല. കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളുമെല്ലാം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെങ്കിലും വീടുകളിലെ അനലോഗ് ക്ലോക്കുകളുടെ സമയക്രമം നമ്മള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു.

ഗ്രീന്‍വിച്ച് മീന്‍ ടൈമില്‍ നിന്ന് ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക് മാറുന്നതോടെ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും. സുര്യന്‍ അസ്തമിക്കാന്‍ വൈകുന്നതോടെ പലരുടെയും വിലപ്പെട്ട ഉറക്കത്തിന്റെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറയും. സമയം മാറുന്നതിലെ പ്രധാന പ്രശ്‌നവും ഉറക്കം നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നതാണ്. സമയമാറ്റം ഔദ്യോഗികമായി സംഭവിക്കുക മാര്‍ച്ച് 25 ഞായര്‍ പുലര്‍ച്ചെ ഒരു മണിക്കാണ്. മാറ്റത്തിന് ശേഷം നമ്മുടെ ക്ലോക്കുകളില്‍ ഇപ്പോഴുള്ള സമയത്തേക്കാളും ഒരു മണിക്കൂര്‍ മുന്നിലായിരിക്കും യഥാര്‍ത്ഥ സമയം. ഒക്ടോബറില്‍ കൂടുതല്‍ ലഭിച്ചിരുന്ന ഉറക്കം ഇതോടു കൂടി ഇല്ലാതാകുമെന്ന് ചുരുക്കം. ഒക്ടോബര്‍ മാസത്തിലുള്ള രാത്രി ദൈര്‍ഘ്യത്തേക്കാള്‍ ഒരു മണിക്കൂറോളം ഇനിമുതല്‍ കുറയും. സമയത്തില്‍ വരുന്ന മാറ്റങ്ങളുമായ ജനങ്ങള്‍ താദാത്മ്യം പ്രാപിക്കാന്‍ ഒരാഴ്ച്ചയെങ്കിലുമെടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ വൈകിയുറങ്ങുന്നവര്‍ പുതിയ മാറ്റവുമായി പൊരുത്തപ്പെടാന്‍ ഒരാഴ്ച്ചയില്‍ കൂടുതലെടുക്കുമെന്നും വിലയിരുത്തുപ്പെടുന്നു.

ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നത് പോലും ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സമയ ക്രമം മുന്നോട്ട് പോകുന്ന ഘട്ടങ്ങള്‍ റോഡപകടങ്ങളുടെ നിരക്കില്‍ ചെറിയ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. ഉറക്കം നഷ്ടപ്പെടുന്ന ഘട്ടങ്ങളുണ്ടാകുന്നുവെന്ന് തോന്നുകയാണെങ്കില്‍ സ്ലീപ് കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഉപകാരപ്രദമായേക്കാം.

സ്ലീപ് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ വായിക്കാം.

സാധാരണ തെരഞ്ഞെടുക്കുന്ന സമയത്തേക്കാളും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. പുതിയ സമയക്രമത്തിലെ മാറ്റത്തെ ബാധിക്കാത്ത വിധത്തില്‍ ഉറക്കത്തെ ക്രമീകരിക്കാന്‍ ഇതു വഴി കഴിയും. സാധാരണ ഞായര്‍ ദിവസങ്ങളിലെപ്പോലെ തന്നെ ആവശ്യാനുസൃതമുള്ള ഉറക്ക സമയം കണ്ടെത്തുവാന്‍ ശ്രമിക്കുക. വളരെ സോഫ്റ്റായതും പരുക്കനായതും ചെറുതും പഴയതുമായ ബെഡുകളില്‍ സുഖ നിദ്ര സാധ്യമാകില്ല. 7 വര്‍ഷത്തിലധികം പഴക്കം ചെന്ന ബെഡാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് മാറ്റുക. കിടപ്പുമുറികളില്‍ കഴിവിന്റെ പരമാവധി വെളിച്ചെ കുറയ്ക്കാന്‍ ശ്രമിക്കുക.

പുറത്ത് ഇരുട്ടുള്ള സമയങ്ങളില്‍ മുറിക്കകത്ത് വലിയ പ്രകാശത്തിലുള്ള ബള്‍ബുകള്‍ ഓണ്‍ ചെയ്യാതിരിക്കുക. നല്ല ഉറക്കം ലഭിക്കുന്ന കാര്യങ്ങള്‍ ശീലമാക്കുക. മദ്യവും ഇതര ലഹരി ഉപയോഗങ്ങളുമെല്ലാം കുറച്ചുകൊണ്ടു വരികയും വായന പോലുള്ള കാര്യങ്ങള്‍ ശീലമാക്കുകയും ചെയ്യുക. കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നതും നന്നാവും.