കൊറോണ വൈറസ് വ്യാപനം മൂലം ടോക്കിയോ ഒളിംപിക്‌സ് 2021-ലേക്ക് മാറ്റിവച്ചേക്കുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) അംഗം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിംപിക്‌സ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീയതിയില്‍ ഒളിംപിക്‌സ് ആരംഭിക്കില്ലെന്ന് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു.

യുഎസ്‌എ ടുഡേയോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ഐഒസി ഒളിംപിക്‌സ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മറ്റുകാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, ജൂലൈ 24-ന് ഗെയിംസ് ആരംഭിക്കുകയില്ല. അത്രയും എനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോയില്‍ നടക്കുന്ന വേനല്‍ക്കാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ ടീമിനെ അയയ്ക്കില്ലെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഐഒസി കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തല്‍ വന്നത്. നേരത്തെ, ഓസ്‌ട്രേലിയയും കാനഡയും ജപ്പാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനുള്ള ഏക പോംവഴി ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതാണെന്ന് ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞിരുന്നു.

ലോക അത്‌‌ലറ്റിക്‌സ് പ്രസിഡന്റ് ലോര്‍ഡ് കോ ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരി കാരണം ഒളിംപിക്‌സ് 2020 ജൂലൈയില്‍ നടത്തുന്നത് സാധ്യമോ അഭിലക്ഷണീയമോ അല്ലെന്ന് കോ ഐഒസി പ്രസിഡന്റ് തോമസ് ബാഷിന് അയച്ച കത്തില്‍ പറഞ്ഞു.

ഒളിംപിക്‌സ് ഗെയിംസ് മാറ്റി വയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. പക്ഷേ, എന്ത് വില കൊടുത്തും ഗെയിംസ് നടത്താനാകില്ല. പ്രത്യേകിച്ച് കായിക താരങ്ങളുടെ സുരക്ഷയുടെ ചെലവിലെന്ന് പരസ്യമായി ഞാന്‍ പറയുന്നു, അദ്ദേഹം കത്തിലെഴുതി.