ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞതായും നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കുമെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. രാഘവന്റെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി പറഞ്ഞു.

ടിവി 9 ചാലനാണ് കെ.എം.രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോർട്ട്. സിംഗപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. മാര്‍ച്ച് 10നാണ് വീഡിയോയിലുള്ള സംഭാഷണം നടന്നതെന്നാണ് ടിവി 9 ന്റെ റിപ്പോർട്ടിൽ പറയുന്നത്.