റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]