റ്റിജി തോമസ്

യുകെയിലുടനീളമുള്ള യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഒരു പ്രധാനപ്പെട്ട കാര്യം വീടുകളുടെ നിർമ്മാണ രീതിയായിരുന്നു, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും ഊർജ്ജ കാര്യക്ഷമത അതായത് വീടിൻറെ ഉള്ളിൽ ചൂട് നിലനിർത്തുക എന്നതാണ് നിർമ്മാണത്തിലെ അടിസ്ഥാന തത്വം. യുകെയിൽ വർഷത്തിൽ ഭൂരിഭാഗം സമയവും തണുത്ത അന്തരീക്ഷമാണ്. സാധാരണയായി ഏറ്റവും ചൂട് കൂടിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പോലും ശരാശരി താപനില 20 °C വരെയാണ് . ഏറ്റവും തണുപ്പുള്ള ഡിസംബർ , ജനുവരി മാസങ്ങളിൽ ശരാശരി താപനില 5 °C വരെയാണ്. അതുകൊണ്ട് തന്നെ വീടുകളുടെ നിർമ്മാണത്തിൽ പൊതുവായ ചില മാനദണ്ഡങ്ങളും , സ്ട്രക്ചറും അവലംബിക്കുന്നതായി കാണാൻ സാധിക്കും.

കൗൺസിലുകളിൽ നിന്ന് അനുമതിയോടെയോ അതുമല്ലെങ്കിൽ അവരുടെ തന്നെ മേൽനോട്ടത്തിലോ ആണ് വീടുകളുടെ നിർമ്മാണം നടക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ പണി തീർത്ത തങ്ങൾക്ക് അനുയോജ്യമായ വീടുകൾ മേടിക്കുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. അതുകൊണ്ടാണ് കൃത്യമായ ഏകീകൃത രൂപ ഭംഗി വീടുകൾക്ക് കൈവരാൻ സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ കേരളത്തിൽ നമ്മൾ പരിചയിച്ച രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് സാരം. കേരളത്തിൽ ആദ്യകാലങ്ങളിൽ ഓല മേഞ്ഞ മേൽക്കൂരയോടു കൂടിയ ഭവനങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ഓലയുടെ സ്ഥാനം ഓട് ഏറ്റെടുത്തു. ഉഷ്ണകാലാവസ്ഥയുള്ള കേരളത്തിൽ ആ ഭൂപ്രകൃതിക്ക് അനുയോജ്യമായ വീടുകളായിരുന്നു അവയെല്ലാം . എന്നാൽ പിന്നീട് വന്ന കോൺക്രീറ്റ് ഭവനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് നേർ വിപരീത ഫലം തരുന്നവയായി . കാലാവസ്ഥാനുസൃതമായ വീടുകളുടെ നിർമിതി നമ്മുടെ നാടിൻറെ ആവശ്യകതയാണെന്ന ഓർമ്മപ്പെടുത്തലാണ് യുകെയിൽ സന്ദർശിച്ച ഭവനങ്ങൾ എനിക്ക് സമ്മാനിച്ചത്.

മറ്റൊരു പ്രധാന വ്യത്യാസം എനിക്ക് ദർശിക്കാനായത് വീടുകളുടെ ചുറ്റു മതിലുകളുടെ കാര്യത്തിലായിരുന്നു. ഭൂരിഭാഗം വീടുകൾക്കും   മുൻവശത്ത് മതിലുകൾ ഇല്ലായിരുന്നു. എല്ലാ വീടുകൾക്കും തന്നെ പുറകു വശത്ത് മനോഹരമായ ഒരു പൂന്തോട്ടം , കോർട്ടി യാർഡ് ഉണ്ടാകും. ഒട്ടുമിക്ക വീടുകളുടെയും കോർട്ടിയാർഡിൽ മനോഹരമായ പൂന്തോട്ടവും ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും ഞാൻ കണ്ട പൊതുവായ ഫലവൃക്ഷം ആപ്പിൾ ആയിരുന്നു . പ്രായഭേദമന്യേ എല്ലാവർക്കും ഒരുമിച്ചിരിക്കാനും ചെറുപാർട്ടികൾ നടത്താനും ഈ സ്ഥലം ഏറ്റവും അനുയോജ്യമാണ്. ഓരോ വീടിന്റെയും കോർട്ടിയാർഡിന്റെ അതിർ മതിലുകൾ തടി കൊണ്ട് ഉള്ളതോ , ചിലയിടങ്ങളിൽ മതിലുപോലെ ചെടി വളർത്തി വെട്ടി നിർത്തിയതോ ആവാം, ഒരിടത്തും തന്നെ കോൺക്രീറ്റ് മതിലുകൾ ഞാൻ കണ്ടില്ല. ഞാൻ രണ്ടാഴ്ചക്കാലം താമസിച്ച സഹോദരൻ ജോജിയുടെ  വീട്ടിലും മനോഹരമായ ഒരു കോർട്ടിയാർഡ് ഉണ്ട് .

വീടുകളുടെ ഉള്ളിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് . പ്രഥമ പരിഗണന ഉള്ളിലെ ചൂട് നിലനിർത്തുന്നതിനു തന്നെയാണ്. ഗോവണികളിലൂടെ പടി കയറുമ്പോഴും വീടിനുള്ളിലൂടെ നടക്കുമ്പോഴും വീടിൻറെ നിർമ്മാണത്തിന്റെ പ്രത്യേകതകൾ കൊണ്ട് കാലടി ശബ്ദം മുഴങ്ങി കേൾക്കും . ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും ശബ്ദമലിനീകരണവും മറ്റുള്ളവരുടെ ഉറക്കത്തെ ശല്യം ചെയ്യലും ആയിരിക്കും സംഭവിക്കുന്നത്.

ബാത്റൂമുകൾക്കും ഉണ്ട് പ്രത്യേകതകൾ . കുളിക്കുന്നതിനായി പ്രത്യേകം  ബാത്ത് ടബ്ബുംഷവർ ക്യുബിക്കളും   ഉള്ളതുകൊണ്ട് വെള്ളം ബാത്റൂമിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും . ബാത്ത് ടബ്ബിൽ അല്ലാതെ വെള്ളം വീണാൽ പ്രത്യേകിച്ച് മുകളിലെ നിലയിൽ തറയിലേയ്ക്ക് ഇറങ്ങി പ്രശ്നം സൃഷ്ടിക്കും എന്ന സ്ഥിതിയും ഉണ്ട്.

കേരളത്തിലെ രണ്ട് നില വീടുകളിൽ ഭൂരിപക്ഷത്തിന്റെയും മുകൾ നിലകൾ പലപ്പോഴും ആരും ഉപയോഗിക്കുന്നുണ്ടാവില്ല. വീടുകളിൽ പ്രായമുള്ളവരാണ് ഉള്ളതെങ്കിൽ പറയുകയും വേണ്ട. പല വീടുകളുടെയും മുകൾ നിലകൾ കടുത്ത ചൂടുകൊണ്ട് വേനൽക്കാലത്ത് ഉപയോഗ യോഗ്യമല്ലാത്തതും ഇതിനൊരു കാരണമാണ്.

പക്ഷേ യുകെയിൽ ഞാൻ സന്ദർശിച്ച വീടുകളിൽ ഒന്നിൽ പോലും ആരും ഉപയോഗിക്കാത്ത മുറികൾ ഇല്ലായിരുന്നു. ജോജിയുടെ വീടിൻറെ മുകൾ നിലയിലാണ് എല്ലാവരും താമസിക്കുന്ന മുറികൾ . അതിലൊന്നിലാണ്  ഞാൻ താമസിച്ചത്.  താഴെ കിച്ചനും, ഡൈനിങ് ഹാളും സന്ദർശകരെ സ്വീകരിക്കാനുള്ള മുറികളും ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷാ പ്രശ്നങ്ങൾ കുറവായതുകൊണ്ട് നാട്ടിലെ പോലെ ഉള്ള ഗ്രില്ലുകൾ ഇല്ലാതെ ഗ്ലാസുകൾ കൊണ്ടുള്ള ജനാലകളാണ് വീടുകൾക്ക് ഉള്ളത്.  ഭംഗിയോടൊപ്പം ചൂട് നിലനിർത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ ആവശ്യത്തിന് വെളിച്ചവും പ്രദാനം ചെയ്യും.   നമ്മൾക്ക് ഇവിടെ അങ്ങനെയുള്ള ജനലുകൾ ഉണ്ടെങ്കിൽ കള്ളനെ പേടിച്ച് തുറക്കാൻ പറ്റില്ല. അത്രതന്നെ.

ഇനി കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞ സസ്പെൻസ് പൊളിക്കാം. മാങ്ങ അച്ചാറും ചമ്മന്തിയും എന്നു പറഞ്ഞ് എനിക്ക് തന്നത് പച്ച ആപ്പിൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു. അതിൻറെ റെസിപ്പിയും   ജോജിയുടെ  ഭാര്യ മിനി പറഞ്ഞുതന്നു.

ചമ്മന്തി ഉണ്ടാക്കാൻ ഇഞ്ചി, മുളക്, തേങ്ങ, ഉള്ളി എന്നിവയുടെ കൂടെ പച്ച ആപ്പിൾ മാങ്ങയ്ക്ക് പകരമായി ഉപയോഗിക്കുക. അച്ചാറിലും മാങ്ങയ്ക്ക് പകരം ആപ്പിൾ ഉപയോഗിക്കുക .
വെരി സിമ്പിൾ

മിനി തന്റെ പാചക പരീക്ഷണങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാവിധ ആശംസകളും .

യുകെ സ്‌മൃതികളുടെ മുൻപുള്ള അധ്യായങ്ങൾ വായിക്കാം ….

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി