കൊച്ചി: ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടായിട്ടും തങ്ങളെ മലകയറാന്‍ അനുവദിക്കുന്നില്ലെന്ന് ഭിന്നലിംഗക്കാര്‍ പരാതിപ്പെടുന്നു. സ്ത്രീകളാണെന്നും ഇവരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ പറ്റില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ഇവരുടെ സ്‌ത്രൈണത മനസ്സിലാക്കി തിരഞ്ഞു പിടിച്ച് പൊലീസ് മലകയറുന്നത് വിലക്കുകയാണ്. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്. പ്രായമുള്ളവരെ പോലും പൊലീസ് കടത്തി വിടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.