ലണ്ടന്‍: ഡോര്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ വേദി അപൂര്‍വമായ ഒരു കൂടിച്ചരേലിനാണ് സാക്ഷ്യം വഹിച്ചത്. അതീവ ഗുരുതരമായ രോഗം ബാധിച്ച് വൃക്ക മാറ്റി വയ്ക്കപ്പെടേണ്ടി വന്നപ്പോള്‍ ദൈവദൂതനേപ്പോലെ അവതരിച്ച് തന്റെ വൃക്കകളില്‍ ഒരെണ്ണം ദാനമായി നല്‍കിയ ആളെക്കാണാന്‍ ആ പെണ്‍കുട്ടി എത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. റിസ റോമി എന്ന പതിനഞ്ചു കാരിയാണ് തന്റെ ജീവന്‍ രക്ഷിച്ച സിബി തോമസിനെ കാണാനെത്തിയത്. സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന മലയാളിയായ സിബി തോമസ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. യുക്മയുടെ സ്ഥാപക ട്രഷറര്‍ ആയിരുന്ന സിബി തോമസ്‌ തന്‍റെ വഴി സാമൂഹിക സേവനത്തിലാണ് സംഘടനാ പ്രവര്‍ത്തനത്തില്‍ അല്ല എന്ന്‍ തിരിച്ചറിഞ്ഞ് മുഴുവന്‍ സമയം സമൂഹ സേവനത്തിനായി മാറ്റി വച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി. പരിപാടിയിലെ പ്രത്യേക അതിഥിയായിരുന്നു ഇദ്ദേഹം. അവയവദാനത്തിന്റെ മാഹാത്മ്യം ജനങ്ങളിലെത്തിക്കാനുളള പ്രചാരണങ്ങളില്‍ സജീവമാണ് സിബി.
2012ലാണ് റിസയ്ക്ക് ഗുരുതരമായ വൃക്കരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുരുതരാവസ്ഥയിലുളള വൃക്ക മാറ്റിയ ശേഷം ഡയാലിസിന്റെ സഹായത്തോടെയാണ് ഇവളില്‍ ജീവന്‍ പിടിച്ച് നിര്‍ത്തിയത്. പിന്നീട് ഉചിതമായ വൃക്കയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു റിസയും കുടുംബവും. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സിബി തന്റെ വൃക്ക നല്‍കാമെന്ന് അറിയിച്ച് മുന്നോട്ട് വന്നത്. തുടര്‍ന്ന് വിജയകരമായി വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. തനിക്കിവിടെ ജീവനോടെ ഇന്ന് നില്‍ക്കാന്‍ കഴിയുന്നതില്‍ റിസ ദൈവത്തിന് നന്ദി പറഞ്ഞു. താന്‍ വളരെ ഭാഗ്യവതിയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് സിബി ജീവിതമാണ് സമ്മാനിച്ചത്. നന്ദിപ്രകടനങ്ങളൊന്നും മതിയാകില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ സമൂഹത്തിന് എന്തെങ്കിലും നല്‍കണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നതായി സിബി പറഞ്ഞു. ഓരോ തവണയും ശസ്ത്രക്രിയയുടെ മുറിവ് താന്‍ ചെയ്ത ത്യാഗത്തെക്കുറിച്ച് തന്നെ ഓര്‍മിപ്പിക്കും. നമുക്കെല്ലാം വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന മദര്‍ തെരേസയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാനാകും. സിബി എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് റിസയുടെ അമ്മ സ്യൂ റോമി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥയില്ലാത്ത പ്രവൃത്തി കൊണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും റിസയുടെ മുഖത്തെ പുഞ്ചിരി കാണാന്‍ കഴിയുന്നു.

സിബിയ്ക്ക് പുറമെ അവയവ ദാന പ്രചാരക ഡോ. അജിമോള്‍ പ്രദീപും മേയര്‍ റോബിന്‍ പോട്ടറും ചടങ്ങില്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു. ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററാണ് ഡോ. അജിമോള്‍ പ്രദീപ്. ദക്ഷിണേഷ്യന്‍ സമൂഹത്തിനിടയില്‍ നടത്തുന്ന അവയവ ദാന പ്രചാരണങ്ങളിലൂടെയും ആരോഗ്യ വിദ്യാഭ്യാസത്തിലൂടെയും ഏറെ ശ്രദ്ധേയയാണിവര്‍. അവയവ ദാന രജിസ്റ്ററില്‍ ഡോര്‍ച്ചെസ്റ്ററിലെ മലയാളി സമൂഹം സ്വന്തം പേരുകള്‍ ചേര്‍ക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

അവയവദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ദിവസവും മൂന്ന് ജീവനുകള്‍ നഷ്ടപ്പെടുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ഓടെ ദാതാക്കളില്ലാത്തതു കൊണ്ട് രാജ്യത്ത് ഒരു ജീവന്‍ പോലും പൊലിയരുതെന്നാണ് തന്റെ സ്വപ്നം. മൂന്ന് കൊല്ലത്തിനിടെ 2800 പേരെ അവയവദാനത്തിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്കായി. ദക്ഷിണേഷ്യന്‍ ജനതയില്‍ വൃക്ക മാറ്റി വയ്ക്കല്‍ സര്‍വസാധാരണമായിരിക്കുകയാണ്. മറ്റുളളവരുടെ ജീവിതത്തില്‍ നല്ലമാറ്റം വരുത്താനായി പ്രവര്‍ത്തിക്കാമെന്ന തീരുമാനമാണ് പുതുവത്സരത്തില്‍ നാമോരുരുത്തരും നമ്മുടെ മനസിലെടുക്കേണ്ടതെന്നും അവര്‍ ആഹ്വാനം ചെയ്തു. അവയവ ദാതാക്കളാകുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ organdonation.nhs.uk എന്ന സൈറ്റ് സന്ദര്‍ശിക്കുക.