റാഞ്ചി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത മാതൃകയില്‍ റാഞ്ചിയിലും കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ രണ്ടു കുട്ടികളുള്‍പ്പെടെ ഏഴുപേരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ ഝാ, ഇയാളുടെ മാതാപിതാക്കള്‍, സഹോദരന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീപക് കുമാര്‍, സഹോദരന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വാടക വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കിടക്കയിലായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ദീപക് കുമാര്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും കടം കാരണം ഇതിന് കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുടമസ്ഥനായ എ. മിശ്ര പറഞ്ഞു. ദീപക്കിന്റെ ഇളയ സഹോദരന്‍ രൂപേഷ് ഝാ തൊഴില്‍ രഹിതനാണ്.

ദീപക്കിന്റെ മകളുടെ സ്‌കൂള്‍ വാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആളനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡില്‍ 10 ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ കൂട്ട ആത്മഹത്യയാണിത്. കടക്കെണി മൂലം ഹസാരിബാദില്‍ ആറംഗ കുടുംബത്തെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.