അഞ്ച് മാസത്തെ ദാമ്പത്യം മാത്രം… ഓപ്പറേഷന് വിധേയായ നഴ്‌സിന് ജീവൻ നഷ്ടപ്പെട്ടു.. കൊറോണയുടെ യാത്രാവിലക്കിൽ പ്രവാസിയായ ഭർത്താവിന് സംസ്‌കാരത്തിൽ പങ്കെടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ…

അഞ്ച് മാസത്തെ ദാമ്പത്യം മാത്രം… ഓപ്പറേഷന് വിധേയായ നഴ്‌സിന് ജീവൻ നഷ്ടപ്പെട്ടു.. കൊറോണയുടെ യാത്രാവിലക്കിൽ പ്രവാസിയായ ഭർത്താവിന് സംസ്‌കാരത്തിൽ പങ്കെടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയിൽ…
May 06 16:46 2020 Print This Article

ഏറ്റുമാനൂര്‍: തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു യുവതി മരിച്ചതായി പരാതി. ഏറ്റുമാനൂര്‍ ചാലാപ്പള്ളില്‍ സുബിന്‍ ജോര്‍ജിന്റെ ഭാര്യ ഫെമില്‍ ബേബിയാണ് (28) മരിച്ചത്. ഫെമിലിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാല്‍ ദുബായില്‍ കുടുങ്ങിയ ഭർത്താവായ  സുബിനെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ഇന്ന് ഇന്ത്യൻ സമയം അഞ്ച് മണിക്ക് ശവസംക്കാരം കുറിഞ്ഞി പള്ളിയിൽ നടക്കുകയും ചെയ്‌തു. ഏറ്റുമാനൂര്‍ പോലീസ് ഇന്‍ക്വസ്‌ററിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി  കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ ഫെമിലിന്റെ നെല്ലാപ്പാറയിലെ ഭവനത്തിൽ എത്തിച്ചിരുന്നു.

സംഭവം ഇങ്ങനെ…  തിങ്കളാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് ഫെമില്‍ മരിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 25 നാണ് ഫെമിലിനെ വയര്‍വേദനയും, ഛര്‍ദിയും അടക്കമുള്ള അസുഖങ്ങളുമായി കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ഒരു ദിവസം നിരീക്ഷണത്തിനായി കിടക്കട്ടെ എന്നും തിങ്കളാഴ്ച തിരിച്ചു പോകാം എന്നും പറഞ്ഞ് അഡ്മിറ്റ് ചെയ്ത ഫെമിലിനെ പക്ഷെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഓരോ ദിവസവും ഓരോരോ ടെസ്റ്റുകള്‍ നടത്തുകയും ഒരാഴ്ച പിന്നിട്ടപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് അറിയിക്കുകയുമായിരുന്നുവെന്ന് സുബിന്റെ പിതാവ് പറഞ്ഞു. ഞായറാഴ്ച അസഹനീയമായ വേദനയും അസ്വസ്ഥയും അനുഭവപ്പെട്ട ഫെമിലിനെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീളുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെന്നും പിറ്റേന്ന് വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ ആറര മണിയ്ക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റിയ രോഗിയുടെ ശസ്ത്രക്രിയ പുരോഗമിക്കുന്നതായി വെയിറ്റിംഗ് റൂമിലെ സ്‌ക്രീനില്‍ എഴുതി കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നരയോടെ പുറത്തെത്തിയ അധികൃതര്‍ കഴുത്തിലൂടെ രക്തസ്രാവം ഉണ്ടായി എന്നും ട്യൂബ് ഇടണമെന്നും പറഞ്ഞ് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചുവെന്ന് സുബിന്റെ പിതാവ് പറയുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും രാത്രി പത്തു മണിയോടെയാണ് ഫെമില്‍ മരിച്ചതായി തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് ആശുപത്രി അധികൃതരുടെ വാക്കുകള്‍. വന്‍കുടലും ചെറുകുടലും ചുരുങ്ങുന്ന ഗുരുതരമായ അസുഖമായിരുന്നു ഫെമിലിന്റേത് എന്നും കേരളത്തിലെ തന്നെ പല ആശുപത്രികളില്‍ ചികിത്സ നടത്തി പരാജയപ്പെട്ടശേഷം ഞായറാഴ്ചയാണ് ശസ്ത്രക്രീയയ്ക്കായി രോഗി ഇവിടെ അഡ്മിറ്റ് ആയതെന്നും ആശുപത്രി പി ആര്‍ ഓ റ്റിജോ ജോണ്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ശസ്ത്രക്രിയ നടത്തുമ്പോഴുണ്ടാകാവുന്ന അപകട സാധ്യത ബന്ധുക്കളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയയ്ക്കു കയറ്റിയതെന്നും പന്ത്രണ്ട് ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ചതെന്നും പി ആര്‍ ഓ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം ബന്ധുക്കള്‍ പാടെ തള്ളുകയാണ്. സാധാരണ ശസ്ത്രക്രീയയ്ക്കു മുമ്പ് വാങ്ങുന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തിരുന്നതെന്നും അപകടസാധ്യതകള്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും സുബിന്റെ പിതാവ് പറഞ്ഞു. മാത്രമല്ല, താക്കോല്‍ദ്വാരശസ്ത്രക്രീയ ആയതിനാല്‍ പിറ്റേന്ന് വീട്ടില്‍ പോകാമെന്നു ഡോക്ടര്‍ പറയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയുടെ തലേന്നാണ് അഡ്മിറ്റ് ചെയ്തതെന്ന വാദവും ബന്ധുക്കള്‍ തള്ളി.

ഏപ്രില്‍ 25 ന് അഡ്മിറ്റ് ആക്കിയശേഷം ആശുപത്രിയില്‍ നിന്ന് തിരികെ പോന്നിട്ടേയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല തവണ ശാസ്ത്രക്രിയ തീരുമാനിച്ചിരുന്നുവെങ്കിലും അനുകൂല സാഹചര്യമല്ലാത്തതിനാല്‍ മാറ്റിവെച്ചുവെന്ന ആശുപത്രി അധികൃതരുടെ വാദവും ബന്ധുക്കള്‍ നിരരാകരിച്ചതായാണ് അറിവ്. എന്നാൽ മരണകാരണമായത് ഓപ്പറേഷനിടയിൽ അതിതീവ്ര ഹൃദയസ്തംഭനം ഉണ്ടായതാണെന്നും ചികിത്സപ്പിഴവ് അല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാൽ അനസെഷ്യ കൊടുത്തപ്പോൾ ഉണ്ടായ പാകപ്പിഴയാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർഥ മരണകാരണം വെളിച്ചത്ത് വരൂ.

തൊടുപുഴ- കരിങ്കുന്നം  നെല്ലാപ്പാറ നിവാസിയായ കുന്നത്തേല്‍ ബേബി ലൂസി ദമ്പതികളുടെ മകളായ ഫെമില്‍ പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി നാല് വര്‍ഷം ജോലി ചെയ്‌തിരുന്നു. സുബിനുമായുള്ള വിവാഹം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ സുബിന്‍ ദുബായിലേയ്ക്കു പോകുകയും ചെയ്തു. ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഫെമിലിന്റെ ഏകസഹോദരി അനുവും വിദേശത്താണ്.

 

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles