സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനെ ഭീതിയിലാഴ്ത്തികൊണ്ട് മരണനിരക്ക് ഉയരുന്നു. ഇന്നലെ മാത്രം 381 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. തിങ്കളാഴ്ച 180 പേർ മരിച്ചിടത്താണ് ഒരു ദിനം കൊണ്ട് അതിന്റെ ഇരട്ടിയിലധികം പേർ വൈറസ് ബാധയ്ക്ക് ഇരകളായി ജീവൻ വെടിയുന്നത്. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 1,789 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,009 പേർക്കാണ്. ആകെ 25, 150 ആളുകൾ രോഗബാധിതരായി കഴിഞ്ഞു. ഒരു ദിവസത്തെ ഈ കണക്കുകൾ ബ്രിട്ടനെ വലിയ ദുരന്തത്തിലേയ്ക്കാണ് തള്ളിവിടുന്നത്. ഇന്നലെ മരിച്ചവരിൽ 13ഉം 19ഉം വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടുന്നു. ബ്രിക്സ്റ്റൺ സ്വദേശി ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫ് ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. പ്രായമായവർക്കാണ് കൂടുതൽ രോഗ ഭീഷണി എന്ന് പറയുമ്പോഴും ഈ കുട്ടികളുടെ മരണം യുകെയെ കനത്ത ദുഖത്തിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്.

അതേസമയം പല രാജ്യങ്ങളിൽ നിന്നെത്തുന്ന ബ്രിട്ടീഷുകാരെ വിമാനത്താവളത്തിൽ ഒരു പരിശോധയ്ക്ക് പോലും വിധേയരാക്കാതെ കടത്തിവിടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇറ്റലി, അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ രാവിലെ ഹീത്രോയിൽ എത്തി. ഇവിടുന്ന് യാത്രക്കാർ സമൂഹത്തിലേക്ക് എത്തുകയും ചെയ്തു. രോഗം ഏറ്റവും തീവ്രമായിരിക്കുന്ന സ്ഥലങ്ങളാണ് ഇവ. അവിടെനിന്ന് എത്തിയവരുടെ താപനില പോലും പരിശോധിക്കാതെയാണ് കടത്തിവിട്ടത്. മാസ്കുകൾ ധരിച്ചിരുന്നെങ്കിലും സർക്കാർ നിർദേശിച്ച സാമൂഹിക അകലം പാലിക്കാൻ യാത്രക്കാർ തയ്യാറായില്ല. എൻ‌എച്ച്‌എസിനെ സഹായിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ലോക്ക്ഡൗണിലായിരിക്കുമ്പോൾ ലണ്ടൻ ഹീത്രോയിൽ നടന്ന ഈ സംഭവം ഇന്നലത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ചയായി മാറി. അതേസമയം യുകെയിലെ റോഡുകളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. യാത്രകൾ അത്യാവശ്യമാണോയെന്ന് പോലീസ് പരിശോധിക്കുന്നു. ഈ കാലത്ത് വീട്ടിൽ തന്നെ കഴിയുന്നതാണ് ഉത്തമം എന്ന് അധികൃതർ പറയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ നിർമിക്കുന്ന പുതിയ നൈറ്റിംഗേൽ ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒപ്പം ക്യാബിൻ ക്രൂവും ചേരും. കിഴക്കൻ ലണ്ടനിലെ എക്സൽ സെന്ററിൽ നിർമ്മിക്കുന്ന 4,000 കിടക്കകളുള്ള പുതിയ ക്ലിനിക്കിലും ബർമിംഗ്ഹാമിലും മാഞ്ചസ്റ്ററിലും നിർമിക്കുന്നവയിലും സന്നദ്ധസേവനം ചെയ്യാൻ വിർജിൻ അറ്റ്ലാന്റിക്, ഈസി ജെറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ ക്ഷണിച്ചു. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതിനാൽ നിരവധി പ്രഥമശുശ്രൂഷ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂ പ്രതിസന്ധിയിലായിരുന്നു. സി‌പി‌ആറിൽ പരിശീലനം നേടിയ 4,000 ക്യാബിൻ ക്രൂ ഉൾപ്പെടെ യുകെ ആസ്ഥാനമായുള്ള 9,000 സ്റ്റാഫുകൾക്ക് ഈസി ജെറ്റ് ഇതിനകം കത്തെഴുതിയിട്ടുണ്ട്.

യുകെയിൽ മരണനിരക്ക് ഇന്നലെ ഉയർന്ന സാഹചര്യത്തിൽ ആഗോളതലത്തിലും മരണസംഖ്യ ഉയർന്നു. 42,140 പേർ ഇതിനകം മരണപെട്ടു. എട്ടരലക്ഷം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ ഒറ്റദിവസം 4000ത്തിൽ അധികം പേരാണ് ലോകത്തിൽ മരണമടഞ്ഞത്. അമേരിക്കയിൽ മരണസംഖ്യ നാലായിരത്തോടടുക്കുന്നു. ഇറ്റലിയിൽ 12,500 ആളുകളും സ്പെയിനിൽ 8500 ആളുകളും മരിച്ചുകഴിഞ്ഞു. ജർമ്മനി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇന്ത്യയിൽ 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1400ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുകയാണ് ഈ കൊലയാളി വൈറസ്. അതിനുമുമ്പിൽ ലോകരാജ്യങ്ങൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷികളാവുന്നത്.