ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം വി.ബി.ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. 57 വയസായിരുന്നു ചന്ദ്രശേഖറിന്.

ഞായറാഴ്ച രാത്രിയാണ് ചന്ദ്രശേഖറിനെ ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രശേഖറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയൽപേട്ടിലെ ആശുപത്രിയിലേക്കു മാറ്റി. ചന്ദ്രശേഖറിന് ഒരു ക്രിക്കറ്റ് ലീഗ് ടീം ഉണ്ടായിരുന്നുവെന്നും ഇതുണ്ടാക്കിയ സാമ്പത്തിക നഷ്ടത്തില്‍ വളരെ അസ്വസ്ഥനായിരുന്നുവെന്നും കുടുംബം പറഞ്ഞു. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ വിബി കാഞ്ചി വീരൻസ് എന്ന ടീമിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് പരിശീലനവും നല്‍കുന്നുണ്ടായിരുന്നു.

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചന്ദ്രശേഖറിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മർദം അനുഭവിച്ചിരുന്നു. ധാരാളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ക്രിക്കറ്റ് ക്ലബ്ബിന്റെ നടത്തിപ്പിനായി സ്വന്തം വീടും അദ്ദേഹം പണയം വച്ചിരുന്നു.

1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. 1988 നും 1990 നും ഇടയിൽ ഏഴ് ഏകദിനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-88 സീസണിൽ 551 റൺസുമായി തമിഴ്നാടിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. 56 പന്തിൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനായിരുന്നു ചന്ദ്രശേഖർ. അക്കാലത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയവരില്‍ ഒരാള്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 10 സെഞ്ചുറികളുമായി 43.09 ശരാശരിയിൽ 4999 റൺസ് നേടി. 237 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. വിരമിച്ച ശേഷം ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ച ചന്ദ്രശേഖർ 2012-13 സീസണിൽ തമിഴ്‌നാട് ടീമിനെ പരിശീലിപ്പിച്ചു. 2008 ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം ഡയറക്ടറായിരുന്നു.