സ്വന്തം ലേഖകൻ

ഹുവായുടെ ടെലികോം ഉപകരണങ്ങൾ ബ്രിട്ടീഷ് 5 ജി നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്നതിനെ പറ്റി യുകെ ഗവൺമെന്റ് റിവ്യൂ നടത്തുന്നു. ചൈനീസ് കമ്പനി, സുരക്ഷിതമല്ലെന്നും ചാരപ്പണി നടത്താൻ സാധ്യതയുണ്ടെന്നും ഉള്ള യുഎസ് അഭിപ്രായത്തെ തുടർന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഇടപെടൽ. ഈ ജനുവരിയിൽ ഹുവായ് കമ്പനിയെ ഫൈവ് ജി രംഗത്ത് ബാൻ ചെയ്യാൻ യുകെയ്ക്ക് യുഎസ് നിർദ്ദേശം ലഭിച്ചിരുന്നു. ടെലികോം കമ്പനികളുടെ സുരക്ഷയും ഉണർവും കണക്കിലെടുത്ത് മാത്രമേ പ്രവർത്തനം സാധ്യമാവൂ എന്ന് യുകെ ഗവൺമെന്റ് പ്രതിനിധി പറഞ്ഞു. യുകെയുടെ നെറ്റ് വർക്കുകളിൽ എന്തെങ്കിലും തകരാർ കൊണ്ടുവരാൻ ഹുവായ്ക്ക് സാധ്യമാണോ എന്ന അന്വേഷണം നടത്തുന്നുണ്ട്.

ഇപ്പോൾ യുഎസ് ടെക്നോളജിയും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ ഹുവായ്ക്ക് വിലക്ക് നിലനിൽക്കുന്നുണ്ട്. അതോടൊപ്പം യുഎസ് നിർമ്മിത വസ്തുക്കൾ കയറ്റുമതി ചെയ്യാനും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നു.

എന്നാൽ മുൻപ് രാജ്യത്തിന്റെ മൊബൈൽ നെറ്റ് വർക്കുകൾ സുഗമമായി മുന്നോട്ടു പോകുന്നതിന് ഹുവായ് കമ്പനിക്ക് യുകെ ഗവൺമെന്റ് അനുമതി നൽകിയിരുന്നു, എന്നാൽ പ്രധാനപ്പെട്ട ഇടങ്ങളിൽ( കോർ എന്നറിയപ്പെടുന്നവ ) സേവനങ്ങൾ സ്വീകരിച്ചിരുന്നില്ല. 35% മേഖലകളിൽ മാത്രമേ കമ്പനിക്ക് അനുവാദം ലഭിച്ചിരുന്നുള്ളൂ. ഹുവായ് വൈസ് പ്രസിഡണ്ടായ വിക്ടർ സാങ് സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ഇങ്ങനെ “പത്ത് വർഷമായി തുടരുന്ന വാണിജ്യ ബന്ധത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതോടൊപ്പം ഞങ്ങളുടെ സേവനങ്ങളെപ്പറ്റി എൻസിഎസ് സി യുമായി ചർച്ച നടത്താൻ സന്തോഷമേയുള്ളൂ, സുരക്ഷിതവും വിശ്വസനീയവുമായ, ഫൈവ് ജി നെറ്റ് വർക്കുകൾ ബ്രിട്ടണിൽ ഇനിയും നൽകണം എന്ന് തന്നെയാണ് ആഗ്രഹം”.

ചൈനീസ് കമ്പനിക്ക് ഇടം നൽകുന്നതിലൂടെ ബെയ്ജിങ്ങിന് ബ്രിട്ടനിൽ ചാരപ്പണി നടത്താൻ ആവുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യമായി നിലനിൽക്കുന്നത്. ഇപ്പോൾതന്നെ 91 രാജ്യങ്ങളിൽ ഫൈവ് ജി സേവനം നൽകുന്ന ഹുവായ് കമ്പനി ചാര പണികൾ നടക്കുന്നതിനേക്കാൾ നല്ലത് പൂട്ടി പോകുന്നതാണെന്ന് കമ്പനിയുടെ സ്ഥാപകൻ അഭിപ്രായപ്പെട്ടു.