യുകെയിലെ ഇന്ധനവില മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

യുകെയിലെ ഇന്ധനവില മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
December 05 07:54 2017 Print This Article

ലണ്ടന്‍: ഇന്ധനവില കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പെട്രോളിനും ഡീസലിനും കഴിഞ്ഞ മാസം 2 പെന്‍സ് വീതം വില ഉയര്‍ന്നതോടെയാണ് രണ്ട് ഇന്ധനങ്ങളുടെയും ശരാശരി വില ഈ നിലയിലെത്തിയതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. അണ്‍ലെഡഡ് പെട്രോളിന്റെ വില 118.43 പെന്‍സില്‍ നിന്ന് 120.78 പെന്‍സ് ആയാണ് വര്‍ദ്ധിച്ചത്. ഡീസല്‍ വില 120.96 പെന്‍സില്‍ നിന്ന് 123.18 പെന്‍സ് ആയും ഉയര്‍ന്നു. നവംബറില്‍ ബാരലിന് 60 ഡോളറായിരുന്നു ആഗോള എണ്ണവില. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ദ്ധിച്ചത്.

55 ലിറ്റര്‍ ശേഷിയുള്ള ഒരു കാറില്‍ ഇന്ധനം നിറക്കണമെങ്കില്‍ ശരാശരി 66.43 പൗണ്ട് വേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ജൂലൈയില്‍ നല്‍കിയതിനേക്കാള്‍ 3.55 പൗണ്ട് അധികം നല്‍കേണ്ടി വരും. ഈ വര്‍ഷം അണ്‍ലെഡഡിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 114.33 പെന്‍സ് ആയിരുന്നു. ഡീസലിന് 4.50 പൗണ്ടാണ് അധികമായി കാറുടമകള്‍ മുടക്കേണ്ടതായി വരുന്നത്. വരുന്ന ആഴ്ചകളില്‍ ഡോളറുമായുള്ള വിനിമയത്തില്‍ പൗണ്ടിന്റെ മൂല്യം മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ധന വില വീണ്ടും ഉയരാനാണ് സാധ്യത.

ഇന്ധന വില ആഗോള തലത്തില്‍ ഡോളറിലാണ് കണക്കാക്കുന്നതെന്നതിനാല്‍ പൗണ്ടിന്റെ മൂല്യം ഉയരുന്നത് ഗുണകരമാകും. നവംബറില്‍ പൗണ്ടിന്റെ മൂല്യം 2 ശതമാനം ഉയര്‍ന്നിരുന്നു. നവംബര്‍ അവസാനം പെട്രോളിയം ഉദ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് വിയന്നയില്‍ യോഗം ചേര്‍ന്നിരുന്നു. ഉദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനേക്കുറിച്ചാണ് സംഘടന ചര്‍ച്ച ചെയ്തത്. ഇന്ധന വില കാര്യമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് 2016 ജനുവരിയിലാണ് 14 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടന പെട്രോളിയം ഉദ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles