ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തി. ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാമ് നടപടി. മൂന്നുപേരടങ്ങുന്ന ഒരു കുടുംബത്തിന് പൗരത്വമുപേക്ഷിക്കാനായി 1000 പൗണ്ടാണ് ഇനി മുതല്‍ നല്‍കേണ്ടി വരിക. ബ്രെക്‌സിറ്റിനെ പണമാക്കി മാറ്റാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. പുറത്തേക്കു പോകുന്നവര്‍ക്ക് നല്‍കുന്ന അവസാന പ്രഹരമാണ് ഇതെന്നും ചിലര്‍ പറയുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന 1.3 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാരില്‍ ഭൂരിപക്ഷവും ഇതിനോടകം തന്നെ വിദേശ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വങ്ങളെത്തുടര്‍ന്നാണ് ഇവര്‍ നേരത്തേ തന്നെ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചത്. ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഹോം ഓഫീസിന്റെ പുതിയ നടപടി ഇരട്ട പ്രഹരമായത്. വിദേശ പൗരത്വത്തിനായി കനത്ത തുക നല്‍കുന്നതിനൊപ്പം ബ്രിട്ടീഷ് പൗരത്വം ഒഴിവാക്കുന്നതിനായി പുതിയ ഫീസ് കൂടി നല്‍കേണ്ടി വരുമെന്ന ഗതികേടിലാണ് ഇവര്‍. പൗരത്വം ഒഴിവാക്കുന്നതിനായി ഒരാള്‍ക്ക് നല്‍കേണ്ടി വരുന്ന ഫീസ് കഴിഞ്ഞ ഏപ്രിലിലാണ് 321 പൗണ്ടില്‍ നിന്ന് 372 പൗണ്ടായി ഉയര്‍ത്തിയത്.

വിദേശ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഹിതപരിശോധന നടന്ന 2016ല്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം തേടിയ ബ്രിട്ടീഷുകാരുടെ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 165 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് യൂറോസാറ്റിന്റെ കണക്ക്. 2017ലും ഈ നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.