ഗള്‍ഫില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ ബാധിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരളത്തിലെ കര്‍ക്കിടക മാസത്തിന്‍റെ പ്രതീതി ഉണര്‍ത്തി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫില്‍ ഇടിയും മഴയും തകര്‍ക്കുകയാണ്. യുഎഇയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ പലയിടത്തും വാഹനഗതാഗതവും തടസപ്പെട്ടു. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭാ ജീവനക്കാര്‍ വെള്ളം പന്പ് ചെയ്ത് കളയുകയാണ്. മഴയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഖോര്‍ഫൊക്കാനില്‍ കഴിഞ്ഞ ദിവസം മഴയത്ത് കാറിന്‍റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു.

കുവൈത്തിലും ഖത്തറിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതിനാല്‍ താപനില ഗണ്യമായി കുറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ദുബായിലേക്കും തിരിച്ചുമുള്ള പല വിമാനങ്ങളും റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. ചിലവിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിടുകയും ചെയ്തു. രണ്ട് ദിവസം കൂടി ഗള്‍ഫ് മേഖലയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒമാന്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദമാണ് ഗള്‍ഫ് മേഖലയിലെ വ്യാപകമായ മഴയ്ക്ക് കാരണം.