ഹൃദ്രോഗ മരണങ്ങളുടെ എണ്ണം സാരമായി കുറയ്ക്കാന്‍ ഉയര്‍ന്ന ഡോസില്‍ സ്റ്റാറ്റിന്‍ നല്‍കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളിലൂടെയുള്ള മരണങ്ങളെ ചെറുക്കാന്‍ സ്റ്റാറ്റിനുകള്‍ക്ക് സാധിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെയും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് വ്യക്തമാക്കുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ വരുന്നതിന്റെ തോത് സ്റ്റാറ്റിന്റെ അളവ് വ്യത്യാസപ്പെടുത്തിയാല്‍ കുറയുമെന്നും വ്യക്തമായി. ഈ രോഗങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 12,000 ഹാര്‍ട്ട് അറ്റാക്കുകളോ സ്‌ട്രോക്കുകളോ ഈ വിധത്തില്‍ ഒഴിവാക്കാനായി. ഒരിക്കല്‍ ഇത്തരം രോഗങ്ങള്‍ വന്നവരിലും സാധാരണക്കാരിലുമാണ് പഠനം നടത്തിയത്. ആദ്യമായാണ് സ്റ്റാറ്റിന്‍ ഉയര്‍ന്ന അളവില്‍ നല്‍കിക്കൊണ്ടുള്ള പഠനം നടത്തുന്നത്.

ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിന്‍ ഉയര്‍ന്ന ഡോസില്‍ ഉപയോഗിച്ചവരില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ നിരക്ക് താഴ്ന്നതായി കണ്ടു. രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഉപദ്രവകാരിയായ കൊളസ്‌ട്രോളാണ് ഇത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്റ്റാറ്റിന്‍ സ്വീകരിച്ച രോഗികളില്‍ ഇതിന്റെ അളവ് സാരമായി കുറഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ ശരിയായി കഴിക്കുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു. മരുന്നുകള്‍ യഥാക്രമം കഴിക്കാതിരിക്കുകയും മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ചികിത്സയെ ബാധിക്കും.

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ചികിത്സ തുടരുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കാര്യമായി കുറയുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. കൗശിക് റായ് പറഞ്ഞു. രോഗികളിലെ അപായ സാധ്യത കുറയാനും കൂടുതല്‍ കാലം മരുന്നുകള്‍ കഴിക്കുന്നതു തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 450 ജിപി പ്രാക്ടീസുകളില്‍ നിന്നുള്ള അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡേറ്റാലിങ്ക് വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.