ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഈസ്റ്റ്‌ യോർക്ക്ഷെയർ :- ഹൾ ഫെയറിലെ റൈഡുകളിൽ ഒന്നിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു റൈഡിൽ നിന്നും മറ്റൊന്നിലേക്ക് വീഴുകയായിരുന്ന യുവതിയുടെ വീഴ്ചയ്ക്കിടയിൽ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു റൈഡുകളും തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഹൾ സിറ്റി കൗൺസിലിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശദമായി പരിശോധിച്ചു. പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ ജീവന് ഭീഷണി ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്. സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെയും പരിക്ക് ഗുരുതരമല്ല. ഒക്ടോബർ മാസത്തിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഏറ്റവും പ്രശസ്തമായ ഹൾ ഫെയറിന്റെ ആരംഭ ദിവസങ്ങളിലാണ് ഈ അപകടം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച്‌, ഈ ശനിയാഴ്ച യോടു കൂടി അവസാനിക്കുന്നതാണ് ഹൾ ഫെയർ.

ഫെയറിൽ ഇത്തരം അപകടങ്ങൾ നടന്നാൽ ചെയ്യേണ്ടതായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ പോൾ കിർബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ അപകട സമയത്ത് ക്ഷമയോടെ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. സംഭവസ്ഥലത്ത് നടന്നതിന്റെ വീഡിയോ ഫൂട്ടജ് ഉള്ള ആരെങ്കിലുമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.