വീടുകള്‍ക്കുള്ളിലെ വായു മലിനീകരണം മാരകമായ തരത്തിലെന്ന് ശാസ്ത്രജ്ഞര്‍. റോസ്റ്റ് ഡിന്നറുകള്‍ ഉണ്ടാക്കുന്ന മലിനീകരണം ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളേക്കാള്‍ പരിതാപകരമായ അന്തരീക്ഷമാണ് വീടുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരമ്പരാഗത ശൈലിയിലുള്ള റോസ്റ്റ് ഡിന്നര്‍ അടച്ചുപൂട്ടിയ വീടുകള്‍ക്കുള്ളില്‍ പാചകം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് കനത്ത ട്രാഫിക്കുള്ള ദിവസങ്ങളില്‍ സെന്‍ട്രല്‍ ലണ്ടനില്‍ സൃഷ്ടിക്കപ്പെടുന്ന മലിനീകരണത്തിന്റെ 13 മടങ്ങ് അധികമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. റോസ്റ്റ് ചെയ്യുമ്പോള്‍ പുറത്തു വരുന്ന വസ്തുക്കളില്‍ പിഎം25 പാര്‍ട്ടിക്കുലേറ്റുകളും ഉള്‍പ്പെടുന്നു. ഇവ ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പോലും നിക്ഷേപിക്കപ്പെടുകയും ചിലപ്പോള്‍ രക്തചംക്രമണ വ്യവസ്ഥയില്‍ കലരുക പോലും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ അപകടകാരിയായ മാലിന്യമായാണ് ഇതിനെ കണക്കാക്കുന്നത്.

അമേരിക്കയില്‍ താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഫുള്‍ റോസ്റ്റ് ടര്‍ക്കി പാചകം ചെയ്യുമ്പോള്‍ ക്യുബിക് മീറ്ററില്‍ 200 മൈക്രോഗ്രാം ഈ മാലിന്യം സൃഷ്ടിക്കപ്പെടുന്നതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് പിഎം2.5 പാര്‍ട്ടിക്കുലേറ്റിന്റെ സുരക്ഷിതമായ അളവ് 10 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററാണ്. സെന്‍ട്രല്‍ ലണ്ടനിലെ ശരാശരി പോലും 15.2 ആണെന്നിരിക്കെയാണ് ഈ നിരക്കിന്റെ ഭീകരത വ്യക്തമാകുന്നത്. മാംസം മാത്രമല്ല, പച്ചക്കറികള്‍ റോസ്റ്റ് ചെയ്യുമ്പോഴും അന്തരീക്ഷം മലിനീകരിക്കപ്പെടുന്നുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ കടും നിറത്തിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ബ്രസല്‍സ് സ്പ്രൗട്ടിനെ ഇക്കാര്യത്തില്‍ ഏറ്റവും അപകടകാരികളെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

പച്ചക്കറികളും ഇറച്ചിയും ബോയില്‍ ചെയ്യുമ്പോഴും പിഎം2.5 പുറത്തു വരുന്നുണ്ടെങ്കിലും റോസ്റ്റിംഗിനെ അപേക്ഷിച്ച് ഈ രീതി അപകടകരമല്ലെന്നും പഠനം വ്യക്തമാക്കുന്നു. ഒരു ത്രീ ബെഡ്‌റൂം വീട്ടില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മോണിട്ടറുകള്‍ സ്ഥാപിച്ചാണ് പരീക്ഷണം നടത്തിയത്. ഇതിനായി കുറേ വിഭവങ്ങള്‍ പാചകം ചെയ്തു. വീട്ടിനുള്ളില്‍ അപകടകരമായ കണികകളുടെ സാന്നിധ്യം പാചക സമയത്ത് ഉയര്‍ന്നത് തങ്ങളെ അതിശയപ്പെടുത്തിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.മറീന വാന്‍സ് പറഞ്ഞു. ആഹാരസാധനങ്ങള്‍ ബോയില്‍ ചെയ്യുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞര്‍ എന്ന നിലയില്‍ കണ്ടെത്തിയെങ്കിലും റോസ്റ്റ് ചെയ്യുന്നതാണ് രുചികരമെന്നതാണ് തമാശയെന്നും അവര്‍ പറയുന്നു.