ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മൂടൽമഞ്ഞാണ്.. കനത്ത മൂടൽമഞ്ഞ്. പരസ്പരം ആരെയും കാണാൻ സാധിക്കാത്ത വിധം പടരുന്ന മഞ്ഞ്. എന്നാൽ മഞ്ഞ് മാറി അവിടെ സൂര്യരശ്മികൾ വരുന്ന കാഴ്ച ആലോചിച്ചുനോക്കൂ…. ജീവിതവും അതുപോലെ തന്നെ.. 2019 ഐ എഫ് എഫ് കെയിലെ അതിമനോഹര ചിത്രങ്ങളിൽ ഒന്ന്, ഡെസ്പൈറ്റ് ദി ഫോഗ്. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. Goran Paskaljevic സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം 110 മിനിറ്റിൽ കഥ പറഞ്ഞവസാനിക്കുന്നു.

അഭയാർഥിയായി ഇറ്റലിയിൽ എത്തുന്ന ഏഴു വയസ്സുകാരൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോരുമില്ലാതെ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന മുഹമ്മദിനെ കണ്ടില്ലെന്ന് നടിക്കാൻ പൗലോയ്ക്ക് ആവുന്നില്ല. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൗലോയുടെ ഭാര്യ വലേറിയ ആദ്യമേ തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിക്കുന്നെങ്കിലും അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണരുന്നു. തന്റെ മരിച്ചുപോയ മകന്റെ സ്ഥാനത്തു ദൈവം കൊണ്ടുവന്ന ഒരു അത്ഭുതമായി മുഹമ്മദിനെ അവൾ കാണുന്നു. എങ്കിലും ആ വീട്ടിൽ നില്കാൻ അവനു മനസ്സുവരുന്നില്ല. സ്വീഡനിലേക്ക്‌ പോകണമെന്നും തന്റെ മാതാപിതാക്കൾ അവിടെയാണെന്നും അവൻ പറയുന്നു, ബോട്ട് അപകടത്തിൽ അവർ മരിച്ചതറിയാതെ… അറബി മാത്രം അറിയാവുന്ന മുഹമ്മദിനെ സംരക്ഷിക്കാനുള്ള ഇറ്റലിക്കാരായ പൗലോയുടെയും വലേറിയയുടെയും ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.

മുഹമ്മദിനുവേണ്ടി സ്വന്തം ബന്ധുക്കളെ അകറ്റുന്ന ആ ദമ്പതികൾ അവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ മതം അതിനു തയ്യാറാവുന്നില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആർക്കും കൊടുക്കാതെ ചേർത്ത് പിടിക്കുന്ന മുഹമ്മദിനെയുമായി ആ അമ്മ, കരോൾ ഗാനങ്ങളുടെ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന് മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയിലൂടെ യാത്രയാവുകയാണ്. എവിടേക്കാണെന്ന് ചിത്രം പറയുന്നില്ല. എന്നാൽ ഒന്ന് തീർച്ച…. അത് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ്.

സ്നേഹവും വാത്സല്യവും കൂടിക്കലരുന്ന മനസ്സുകളുടെ ചേർച്ച. ഒരു ചിത്രം കണ്ട് മനസ്സ് നിറയുമെങ്കിൽ ഈ ഇറ്റാലിയൻ സിനിമ കാണണം. ഗംഭീര ആശയവും അഭിനയ മികവും നിറഞ്ഞു നിൽക്കുന്ന ചിത്രം. കാഴ്ചയുടെ വസന്തമാണ് ഡെസ്പൈറ്റ് ദി ഫോഗ്… ഉൾകാഴ്ചയുടെ.. മനുഷ്യത്വത്തിന്റെ….