വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് ഹർമൻപ്രീതും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ഇന്ത്യൻ പെൺപട. 16കാരി ഷഫാലി വർമ്മയുടെ ഇന്നിങ്സാണ് ഇത്തവണയും ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.

വിജയം അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞ അവസാന രണ്ട് ഓവറിൽ ഇന്ത്യൻ ബോളർമാരും കിവീസ് ബാറ്റ്സ്മാന്മാരും പരസ്പരം ഏറ്റുമുട്ടി. അവസാന 12 പന്തിൽ ന്യൂസിലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 34 റൺസ്. പൂനം യാദവിനെ നാലു തവണ ബൗണ്ടറി പായി അമേലിയ കേർ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡിനെതിരെ പന്തെറിയാനെത്തിയത് ശിഖ പാണ്ഡെ.

ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഹെയ്‌ലി വിജയദൂരം കുറച്ചു. രണ്ടാം പന്തിൽ വന്ന റിട്ടേൺ ക്യാച്ച് നഷ്ടപ്പെടുത്തിയ ശിഖ ഒരു റൺസ് വഴങ്ങുകയും ചെയ്തു. അടുത്ത രണ്ട് പന്തും സിംഗിൾ നേടിയ ന്യൂസിലൻഡ് താരങ്ങൾ അഞ്ചാം പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. ഇതോടെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസ്. അവസാന പന്തിൽ റൺസിനായി ഓടിയ ഹെയ്‌ലി ജെൻസണിനെ പുറത്താക്കി ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പനി മാറി ടീമിലേക്ക് തിരിച്ചെത്തിയ സ്മൃതി മന്ദാനയും ഷഫാലി വർമ്മയുമാണ്. എന്നാൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ മന്ദാനയ്ക്കായില്ല. ടീം സ്കോർ 17ൽ എത്തിയപ്പോൾ 11 റൺസ് നേടിയ മന്ദാന പുറത്തായി. മൂന്നാം നമ്പരിലിറങ്ങിയ താനിയ ഭാട്ടിയ ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് താനിയ പുറത്തായത്. 25 പന്തിൽ താരം 23 റൺസ് നേടി.

തകർപ്പനടികളുമായി കളം നിറഞ്ഞ ഷഫാലിക്ക് പിന്തുണ നൽകാൻ പിന്നാലെയെത്തിയ താരങ്ങൾക്കാകാതെ വന്നതോടെ ഇന്ത്യ 133 റൺസിലേക്ക് ചുരുങ്ങി. 34 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 46 റൺസ് നേടിയ ഷഫാലി ഇന്ത്യയുടെ ടോപ് സ്കോററായി. അവസാനം ഓവറുകളിൽ തകർത്തടിച്ച ശിഖ പാണ്ഡെയും രാധ യാദവുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 34 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകളും കിവികൾക്ക് നഷ്ടമായി. മധ്യനിര ക്രീസിൽ നിലയുറപ്പിച്ചതോടെ വീണ്ടും ന്യൂസിലൻഡ് പ്രതീക്ഷകൾ സജീവമാക്കി. മാഡി ഗ്രീനും കേറ്റി മാർട്ടിനും വിജയതീരത്തേക്ക് ന്യൂസിലൻഡിനെ നയിച്ചു. എന്നാൽ മാഡിയെ ഗയ്ക്വാദും കേറ്റിയെ രാധയും വീഴ്ത്തി മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.

എന്നാൽ അവസാന ഓവറുകളിൽ തകർപ്പനടികളുമായി അമേലിയ കളം നിറഞ്ഞതോടെ മത്സരം തുല്ല്യമായി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡ് പൊരുതിയെങ്കിലും മൂന്ന് റൺസകലെ ഇന്നിങ്സ് അവസാനിച്ചു.