ലണ്ടന്‍: സിക വൈറസ് വ്യാപിച്ചിട്ടുളള രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്യും മുമ്പ് വിമാനത്തിനുളളില്‍ കീടനാശിനികള്‍ തളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സിക വൈറസുകളുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നവജാതശിശുക്കളില്‍ വൈകല്യമുണ്ടാക്കാന്‍ കഴിയുന്ന ഈ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ ഇതുവരെ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അയര്‍ലന്റില്‍ രണ്ട് പേര്‍ക്ക് സിക ബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പേരും പൂര്‍ണമായും രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിമാനങ്ങളില്‍ കീടനാശിനി തളിക്കാന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിട്ടുളളത്. ഇത് മൂലം കൊതുകു കടിക്കാനുളള സാധ്യത ഇല്ലാതാക്കാനും രോഗവ്യാപനം തടയാനും കഴിയുമെന്നാണ് വിലയിരുത്തല്‍. പല കമ്പനികളും നേരത്തെ തന്നെ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മലേറിയ പോലുളള രോഗങ്ങളെ തുരത്താനാണ് വിമാനക്കമ്പനികള്‍ വിമാനങ്ങളില്‍ അണുനാശിനി ഉപയോഗിക്കാന്‍ തുടങ്ങിയത്. അതേസമയം സിക വൈറസിന്റെ വ്യാപനത്തിന് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ക്ക് ബ്രിട്ടനിലെ തണുപ്പുളള സാഹചര്യത്തില്‍ ജീവിക്കാനാകില്ലെന്നും വിലയിരുത്തലുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുകു കടിക്കാനുളള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ജീന്‍ എലിസണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിക വൈറസ് ബാധിച്ചിട്ടുളള രാജ്യങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ട്. രോഗം കണ്ടെത്താനും വ്യാപനം തടയാനുമുളള ആഗോള ശ്രമത്തിന് ബ്രിട്ടന്റെ പിന്തുണയുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സളളി ഡേവിഡ് അറിയിച്ചിട്ടുണ്ട്. ബ്രസീലില്‍ സിക മൂലം ധാരാളം കുഞ്ഞുങ്ങള്‍ മസ്തിഷ്‌ക വൈകല്യങ്ങളുമായി ജനിച്ചിട്ടുണ്ട്. കൊളംബിയയിലും വൈറസ് ബാധ പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പക്ഷാഘാതമുള്‍പ്പെടെയുള്ള നാഡീ രോഗങ്ങള്‍ പലര്‍ക്കും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കൊല്ലം നാല്‍പ്പത് ലക്ഷം പേര്‍ക്ക് സിക ബാധയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.