മലയാളത്തിന്റെ പ്രിയസംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ എത്തി. സോഷ്യല്‍മീഡിയ വഴി ആരാധകരും താരങ്ങളും അനുശോചനം രേഖപ്പെടുത്തി. കാന്‍സര്‍ ബാധിതനായ സംവിധായകന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം തോന്നുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അന്ത്യം.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഐവി ശശി പറഞ്ഞത് ‘ സീമയില്ലെങ്കില്‍ ഞാന്‍ എപ്പോഴേ മരിച്ചിരിക്കും’ എന്നാണ്.

ഐവി ശശിയുടെ അവസാന അഭിമുഖത്തിൽ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

ബല്‍റാം വേഴ്‌സസ് താരാദാസ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് എനിക്ക് സ്‌ട്രോക്ക് വന്നത്. അതിനുശേഷം ഒരുപാട് പ്രശ്‌നങ്ങള്‍… ബിസിനസ് തകര്‍ന്നു. കടംകയറി. വീടു ജപ്തി ഭീഷണിയിലായി. ഒരുപാട് ഉയരത്തില്‍ നിന്നാണ് ഞാന്‍ വീണത്. അതുകൊണ്ടുതന്നെ ആഘാതം കൂടുതലായിരുന്നു. ഇതോടെ വീണ്ടും മരണം മുന്നില്‍ കണ്ടു. 2012ലാണ് കാന്‍സര്‍ വന്നത്. രണ്ടുവര്‍ഷം കൂടിയേ ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് കമലഹാസന്‍ ഇവിടെ എത്തി. അന്ന് അദ്ദേഹം ഒരു ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘നമ്മളൊക്കെ ഒരുപാട് വിജയങ്ങള്‍ കണ്ടവരാണ്. നമ്മള്‍ സന്തോഷിച്ചതു പോലെ ആരും സന്തോഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ തോല്‍വികള്‍ ഒന്നു നമ്മളെ ബാധിക്കില്ലെടാ. നമ്മള്‍ ഇതില്‍ നിന്നൊക്കെ കരകയറും.’ വലിയ പ്രതീക്ഷ നല്‍കിയ വാക്കുകളായിരുന്നു അത്. ഞാന്‍ ആകെ തളര്‍ന്നിരിക്കുമ്പോഴും സീമ ഊര്‍ജസ്വലയായി നടക്കുകയാണ്.

ഒരു ടെന്‍ഷനും ഇല്ലാതെ എല്ലാം ഓടിനടന്നു ചെയ്യുന്ന അവളെ കണ്ട് അദ്ദേഹം പറഞ്ഞു, ഇവള്‍ക്കാണ് കൗണ്‍ലിങ് വേണ്ടത്. സീമാ നിനക്ക് എവിടുന്നു കിട്ടുന്നു ഈ ധൈര്യം. ശശീ ഇവളാണ് നിന്റെ കരുത്ത്. അന്നും സീമ എനിക്കൊപ്പം നിഴലു പോലെ ഒപ്പം നിന്ന് എന്നെ പരിചരിച്ചു. ഒന്നുറപ്പാണ്… അവളില്ലെങ്കില്‍ അന്നേ ഞാന്‍ മരിച്ചു പോയേനേ…’- ശശി ഇതു പറയുമ്പോള്‍ സീമ അദ്ദേഹത്തിനുള്ള ഉച്ചഭക്ഷണം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു.

38 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം മരണം ആ ജീവിതത്തിന് ‘കട്ട്’ പറയുമ്പോള്‍ ഒറ്റയ്ക്കാകുന്നത് സീമ കൂടിയാണ്