മോസ്കോയിൽ നിന്നുള്ള ഭീഷണികളെ അകറ്റുന്നതിനായി പ്രതിരോധ മേഖലയ്ക്ക് 15 ബില്യൺ പൗണ്ടിന്റെ ധനസഹായം വർധിപ്പിച്ചു നൽകുമെന്ന് പ്രധാനമന്ത്രി സ്ഥാനാർഥി ജെറെമി ഹണ്ടിന്റെ വാഗ്ദാനം. റഷ്യൻ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ ബ്രിട്ടനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ അദ്ദേഹം വെളിപ്പെടുത്തി.

പ്രധാനമന്ത്രിയായാൽ ദേശീയ വരുമാനത്തിന്റെ രണ്ടു മുതൽ രണ്ടര ശതമാനം വരെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി നീക്കി വയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ അധികപണം റഷ്യൻ സബ്മറൈനുകൾക്കെതിരെ ബ്രിട്ടന്റെ നാവിക മേഖലയെ ശക്തിപ്പെടുത്താൻ ഉതകുമെന്നും, അതോടൊപ്പം സൈബർ അറ്റാക്കുകളെ തടയിടാനും പ്രതിരോധ ഉപകരണങ്ങളുടെ നവീകരണത്തിനും സഹായകരമാകുമെന്നും ജെറെമി ഹണ്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2005 മുതൽ പാർലമെന്റ് അംഗമായ അദ്ദേഹം 2012-18 വരെയുള്ള കാലഘട്ടത്തിൽ ആരോഗ്യ സെക്രട്ടറിയുമായിരുന്നു.

ലോകരാജ്യങ്ങൾക്കു മുൻപിൽ ബ്രിട്ടന്റെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ വാഗ്ദാനത്തിനു പുറകിൽ. പ്രതിരോധ മേഖലയിൽ ബ്രിട്ടനെ ലോകത്തിലെ പ്രഥമ ശക്തിയായി നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്ന് ഹണ്ട് പ്രസ്താവിച്ചു. ഏതൊരു പ്രധാനമന്ത്രിയുടെയും മുഖ്യ ഉത്തരവാദിത്വം രാജ്യത്തെ ആക്രമണങ്ങളിൽ നിന്നും മറ്റും സംരക്ഷിക്കുക എന്നതാണെന്ന് പ്രതിരോധ മേഖലയ്ക്കു ഊർജ്ജം നൽകുന്നതാകും ഹണ്ടിന്റെ പ്രധാനമന്ത്രിപദം എന്നും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന പ്രതിരോധ സെക്രട്ടറി പെന്നി മോർഡൗണ്ട് അറിയിച്ചു. പ്രതിരോധ ചെലവ് 2023 ഓടുകൂടി 54 ബില്യൻ ആകുമെന്നും ഹണ്ട് അറിയിച്ചു.