ഡല്‍ഹി: വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിടിവ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ടിക്കറ്റ് നിരക്ക് മത്സരത്തിന് കാരണമാകുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വില കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വ്യോമയാനരംഗം കൂടുതല്‍ മത്സരക്ഷമമാവുമെന്ന് ഉറപ്പായി. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരക്കായിരിക്കും ഈവര്‍ഷം കമ്പനികള്‍ ഈടാക്കുക. മിക്ക വിമാനക്കമ്പനികളും നിരക്കുകള്‍ വന്‍ തോതില്‍ വെട്ടിക്കുറച്ചു കഴിഞ്ഞു.
ഡല്‍ഹി, മുംബൈ സെക്ടറില്‍ 3858 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. മുന്‍ വര്‍ഷം ഇത് 6000 രൂപ വരെയായിരുന്നു. 7000 രൂപയുണ്ടായിരുന്ന ഡല്‍ഹി- കൊല്‍ക്കത്ത ടിക്കറ്റിന് ഇപ്പോള്‍ 5300 രൂപ മുതലാണ് നിരക്ക്.

ഇപ്പോള്‍ ഒരു ലിറ്റര്‍ എ.ടി.എഫിന് 44.3 രൂപയാണ് വില. മുന്‍ വര്‍ഷം ഇത് 59.9 രൂപയായിരുന്നു. കുറവ് 26 ശതമാനം. ഇതിനുപുറമെ വിസ്താര എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമാവും.