ശശി എന്ന നടൻ ‘കലിംഗ ശശി’ ആയത്…! പ്രശസ്ത സിനിമ താരം കലിംഗ ശശി അന്തരിച്ചു

ശശി എന്ന നടൻ ‘കലിംഗ ശശി’ ആയത്…! പ്രശസ്ത സിനിമ താരം കലിംഗ ശശി അന്തരിച്ചു
April 07 07:39 2020 Print This Article

ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

അറിയാമോ ശശി എന്ന നടൻ കലിംഗ ശശി ആയത് ആദ്യ സിനിമയിൽ പറ്റിയ തെറ്റുകാരണമാണ്. അല്ലാതെ കോഴിക്കോട് കലിംഗ തീയറ്റേഴ്സിൽ അദ്ദേഹം അഭിനയിച്ചിട്ടില്ല, ആ നാടക സമിതിയുമായി ഒരു ബന്ധവുമില്ല.

1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട്‌ അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക്‌ തന്നെ തിരിച്ചുപോയി.

‘പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ’ സിനിമയാക്കാൻ തീരുമാനിച്ച രഞ്ജിത്ത്‌ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതില്‍നിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാന്‍ നിശ്ചയിച്ചു. അതിൽ പങ്കെടുത്ത നടനും സംവിധായകനുമായ വിജയന്‍ വി. നായർ എന്ന പരിചയക്കാരെനെ കാണാന്‍ ശശി ഒരുനാള്‍ ക്യാമ്പിലെത്തി. ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ശശിയും ക്യാമ്പിൽ തുടരാണമെന്ന്. അങ്ങനെ 3 നാൾ മാത്രം ശശിയും ക്യാമ്പിൽ.

രഞ്ജിത് ചിത്രമായ പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആ സെറ്റിൽ നിറയെ ശശിമാർ ഉണ്ടായിരുന്നുവത്രെ. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ അവർ സഹകരിച്ച നാടക സമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ പേരിന്റെകൂടെ ‘കലിംഗ’ എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശ്രമിച്ചപ്പോള്‍, വര്‍ക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. അങ്ങനെ പ്രോഡക്ഷൻ എക്സിക്യൂട്ടീവ് ശശി എന്ന ഒരു നടന്റെ പേരിന്റെ ബ്രായ്ക്കറ്റിൽ കലിംഗ എന്ന് എഴുതി ചേർക്കുകയായിരുന്നു.

കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ ‘കലിംഗ തിയറ്റേഴ്‌സി’ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. പിന്നീട് അത് തിരുത്താൻ സാധിച്ചില്ല. എങ്കിലും ആ പേര് തന്നെയാണ് തന്റെ ഐശ്വര്യമെന്ന് കലിംഗ ശശി ഒരു പ്രമുഖ ചാനൽ ഷോയിൽ പറഞ്ഞു. അങ്ങനെ നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ കുന്നമങ്ങലം കാരൻ ശശി പിന്നീട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെ സഹായത്താൽ (തെറ്റാൽ) കലിംഗ ശശി ആയിത്തീർന്നു! ആ പേര് അക്ഷാരര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles