കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മ ലീലയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നാല് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് കൊല നടത്തിയതെന്നും ഇയാള്‍ ഇരുപത് വയസുകാരനാണെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പ്രതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്താണ് അമ്മ ലീലയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ കഴുത്തിലെ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിനിടെ ലീലയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച വീടിന്റെ തേപ്പ് പണിക്കെത്തിയ നാല് മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നിവരാണ് ലീലയുടെ മറ്റ് മക്കള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.