ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കൻഡുകള്‍ കൊണ്ട് അവര്‍ മരിച്ചിരിക്കാം; കവളപ്പാറ ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ

ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കൻഡുകള്‍ കൊണ്ട് അവര്‍ മരിച്ചിരിക്കാം; കവളപ്പാറ ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച്  തിരച്ചിൽ
August 17 05:08 2019 Print This Article

കവളപ്പാറയിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർ അതിവേ​ഗം മരിക്കാനാണ് സാധ്യതയെന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ . മഞ്ചേരി മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാരാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ. ലെജിത്ത് എന്നിവരാണു സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍ മുജാഹിദ്ദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.

ഭാരമുള്ള എന്തോ ഒന്നു ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും.മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്. അതു മാത്രമാണ് ആശ്വാസം.’- ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.

പല മൃതദേഹങ്ങളും ജീര്‍ണിച്ചതിനാലും എണ്ണം കൂടുതലായതിനാലും രാത്രി വൈകിയും പോസ്റ്റ്മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്.നാട്ടുകാരും വോളണ്ടിയേഴ്സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.

ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും.
ചതുപ്പ് പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേർക്കായി തെരച്ചിൽ തുടരുന്ന പുത്തുമലയിലും റഡാർ എത്തിക്കാനാണ് ശ്രമം.

ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദർശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. മഴ മാറി നിൽക്കുന്നതും തെരച്ചിൽ വേഗത്തിലാക്കിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles