കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി. ഈ കുറ്റത്തിന് വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ഇത്. പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രൊഫസറായ സുഭാഷിനെ എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ഒഴിവാക്കിയത്. ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. അതേസമയം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നടത്താന്‍ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുറ്റം ചുമത്തി.
2011 ഏപ്രില്‍ 24നാണ് കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷകയായിരുന്ന ഇന്ദു തീവണ്ടി യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. യാത്രയ്ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണ് ഇന്ദുവിനെ കാണാതായത്. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു. കോഴിക്കോട് ഐഐടിയില്‍ അധ്യാപകനായിരുന്ന സുഭാഷും യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു.
കുമാരപുരം സ്വദേശിനിയായ ഇന്ദു 2009 മുതല്‍ ബാലരാമപുരം സ്വദേശിയുമായ സുഭാഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇന്ദു മരണപ്പെടുന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സുഭാഷിനെ സംശമുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിന്റെ ആദ്യ കണ്ടെത്തല്‍. സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബി–1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സാഹചര്യത്തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സുഭാഷാണ് കൊല ചെയ്തതെന്നതിലേക്കാണ് ഐജി ബി. സന്ധ്യയും സംഘവും എത്തിയത്. ഇന്ദുവിനെ സുഭാഷ് നെഞ്ചില്‍ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടിരുന്നത്.ഇതുകൊണ്ടു തന്നെ തലയുടെ പിറകിലായിരുന്നു പരിക്കുണ്ടായിരുന്നത്. സ്വയം ചാടിയതാണെങ്കില്‍ നെറ്റിയിലാണ് പാടുണ്ടാവുമായിരുന്നത്. ഇതായിരുന്നു ഐജി ബി. സന്ധ്യയുടെ അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനായി അതേ രീതിയിലുള്ള ഡമ്മികളും ഉപയോഗിച്ചു.
തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയാണ് സുഭാഷില്‍ നിന്ന് ഒന്നരവര്‍ഷം ഒളിപ്പിച്ച വെച്ച് രഹസ്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. വിവാഹഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരിക്കുമ്പോഴുള്ള സ്വകാര്യ വീഡിയോ ദ്യശ്യങ്ങള്‍ കാണിച്ച് ഇന്ദുവിനെ സുഭാഷ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകളും സംഘത്തിന് ലഭിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടെത്തിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു സിക്കിമിലേക്ക് കൊണ്ടുപോകാനാണ് സുഭാഷ്് പദ്ധതിയിട്ടിരുന്നത്. സിക്കിമിലേക്ക് പോകാനായി തിരുവനന്തപുരത്തെ ട്രാവല്‍ എജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് കിട്ടി. എന്നാല്‍ പീന്നിട് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചതറിയുകയും ഇന്ദു സന്തോഷവതിയായിരിക്കുന്നതും കണ്ടപ്പോള്‍ പ്രണയം പ്രതികാരമാവുകയായിരുന്നു. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വിവാഹഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് വാക്ക തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെല്ലാം കേള്‍ക്കുന്നുവെന്ന് പറഞ്ഞ് ഇന്ദുവിനെ ട്രെയിനിന്റെ വാതില്‍ക്കല്‍ എത്തിക്കുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
അതേസമയം, ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെയാണ് പീഡനകുറ്റം എന്ന നിലപാടില്‍ എത്തിയത്. എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശമാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഈ അജ്ഞാതന്‍ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനിടെ എന്‍.ഐ.ടി ക്വാര്‍ട്ടേഴ്‌സില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എന്‍.ഐ.ടിയിലെ അദ്ധ്യാപകരില്‍ ചിലര്‍ മൊഴിനല്‍കി. ഈ സാഹചര്യത്തില്‍ മാനഭംഗം നടത്തിയത് കാമുകനും എന്‍.ഐ.ടി അദ്ധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തില്‍ പൊലീസ് എത്തി. സുഭാഷില്‍ നിന്നു കടുത്ത മാനസിക സമ്മര്‍ദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതെ ഇയാള്‍ ഇന്ദുവിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നതെങ്കിലും ഇവിടുത്തെ ഒരു അദ്ധ്യാപിക അവധിയെടുത്തു നാട്ടില്‍ പോവുമ്പോള്‍ വീട് ഇന്ദുവിനു താമസത്തിനായി നല്‍കാറുണ്ടായിരുന്നുവത്രെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു വ്യക്തമായിട്ടുള്ളത്. എന്നാല്‍, താന്‍ മാനഭംഗം ചെയ്യപ്പെട്ടതായി ഇന്ദു അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ സാധുതയെ സുഭാഷ് തള്ളിക്കളയുന്നു. സുഭാഷ് പറയുന്നത് വിവാഹത്തില്‍ നിന്ന് അഭിഷേകിനെ പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ ഉപായമാവാം ഇതെന്നാണ്. അതിനാല്‍ തന്നെ നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകള്‍ക്കു വിധേയനാവാന്‍ സുഭാഷ് സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് പീഡനക്കുറ്റം ഒഴിവാക്കിയത്.