അടുത്ത കാലത്തായി, വാട്സ്ആപ്പിൽ കൈമാറുന്ന ധാരാളം ഉള്ളടക്കങ്ങൾ ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് നാം കാണാറുണ്ട്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് ഷെയർ ചെയ്യുക വഴി അബദ്ധം പിണഞ്ഞ നിരവധി പേരുണ്ട്. അവരിൽ പ്രശസ്തരും അല്ലാത്തവരുമുണ്ട്. അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോൾ പുതുച്ചേരി ഗവർണർ കിരൺ ബേദിക്കും സംഭവിച്ചത്.

നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ‘ഓം’ എന്നാണെന്നും പറയുന്ന വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ചിരിക്കുകയാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ കിരൺ ബേദി. കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയാണ് നാസയുടെ കണ്ടുപിടിത്തമെന്ന പേരിൽ കിരൺ ബേദി ട്വീറ്റ് ചെയ്തത്.

നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി രംഗത്തെത്തിയത്. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന താങ്കളെപ്പോലുള്ളവര്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാർഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഇവ യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ലഭ്യമാണെന്നിരിക്കെയാണ് കിരൺ ബേദിക്ക് ഇത്തരമൊരു അബദ്ധം പിണഞ്ഞിരിക്കുന്നത്.

സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെടുത്ത നാസയ്ക്ക് നന്ദിയെന്നും ഞങ്ങളുടെ ഐഎസ്ആര്‍ഒ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ പരിഹാസം.

സൂര്യന്‍ വരെ ഹിന്ദു സംസ്‌കാരം പിന്തുടരുന്നു.. അതില്‍ നമുക്ക് അഭിമാനിക്കാം. മറ്റെല്ലാ സംസ്‌കാരങ്ങളും ഇതിന് മുന്‍പില്‍ നമസ്‌ക്കരിക്കട്ടെ. പക്ഷേ മാഡം താങ്കള്‍ സൂര്യന്‍ ജയ് ശ്രീറാം വിളിക്കുന്നത് കേട്ടില്ലെന്നത് ഉറപ്പല്ലേ”- എന്നായിരുന്നു രോഹിത് തയ്യില്‍ എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത്.