ന്യൂസ് ഡെസ്ക്

“ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ… തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും”… സമുദായത്തിൻറെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ക്നാനായ മക്കൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കോട്ടയം രൂപതയും ലോകമെമ്പാടുമുള്ള ക്നാനായക്കാരും അതു തുടരുക തന്നെ ചെയ്യുമെന്നും അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെ ആധികാരിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാനും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശങ്ങൾ അസ്വീകാര്യമെന്ന് യുകെയിലെ ക്നാനായ സമൂഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് സമുദായം തീരുമാനിച്ചിരിക്കുന്നത്.

ക്നാനായക്കാർക്ക് മാത്രമേ നിലവിൽ ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വം ലഭിക്കുകയുള്ളൂ. ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് കനേഡിയൻ ബിഷപ്പ് മൈക്കിൾ മുൽഹാലിന്റെ പുതിയ നിർദ്ദേശങ്ങൾ. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭ്യർത്ഥനകളുടെ ചുവടുപിടിച്ചാണ് ബിഷപ്പ് മൈക്കിൾ മാറ്റങ്ങൾ മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നത് ക്നാനായ സമുദായത്തിന്റെ തനതായ വ്യക്തിത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് സഭാംഗങ്ങൾ കരുതുന്നു. അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കോട്ടയം രൂപതയെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനും യുകെയിലെ സീറോ മലബാർ സഭാസംവിധാനം, ക്നാനായ തനിമ നിലനിർത്താനുള്ള സഭാംഗങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ ധാരണയായി.

ക്നാനായ സമുദായം ഉദാത്തമായി കരുതുന്ന സ്വവംശ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ്പ് മൈക്കിൾ കമ്മീഷൻ മാറ്റത്തിന്റെ മാർഗങ്ങൾ അനുവർത്തിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്ന സൂചന വന്നതോടെയാണ് സഭാംഗങ്ങൾക്കിടയിൽ രൂക്ഷമായ പ്രതിഷേധമുണ്ടായത്. ലോകമെമ്പാടും തങ്ങളുടെ പാരമ്പര്യം പരസ്യമായി പ്രഘോഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ഐക്യം മറ്റു സഭകൾ എന്നും പ്രകീർത്തിച്ചിട്ടുള്ളതാണ്. റോമിനെയും പരിശുദ്ധ സിംഹാസനത്തെയും എന്നും അംഗീകരിച്ച് മുന്നോട്ടു പോകുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളിൽ ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ വൈദികരും അൽമായരും വളരെ വികാരപരവും എന്നാൽ തികഞ്ഞ വിവേകപൂർണവും സംയമനത്തോടെയുമുള്ള പ്രതികരണമാണ് നടത്തിയത്. യുകെയിലെ സീറോ മലബാർ നേതൃത്വം ക്നാനായ സഭാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായ നടപടികൾ ഉണ്ടായാൽ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അഭിപ്രായവും യോഗത്തിലുണ്ടായി.