എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫൈനായി ഈടാക്കുന്നത് ഒരു ദിവസത്തെ വരുമാനത്തേക്കാള്‍ കൂടിയ തുക; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സര്‍വേ

എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫൈനായി ഈടാക്കുന്നത് ഒരു ദിവസത്തെ വരുമാനത്തേക്കാള്‍ കൂടിയ തുക; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സര്‍വേ
October 21 05:24 2018 Print This Article

കുറഞ്ഞ ശമ്പളക്കാരായ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഈടാക്കുന്നത് അവരുടെ ഒരു ദിവസത്തെ വരുമാനത്തേക്കാള്‍ കൂടിയ തുകയെന്ന് സര്‍വേ. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു നഴ്‌സിന് ശരാശരി 94.20 പൗണ്ടാണ് ഒരു ദിവസത്തെ ശമ്പളം. ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 71.44 പൗണ്ടും ലഭിക്കുന്നു. എന്നാല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പെര്‍മിറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്ന കുറ്റത്തിന് ഒരു നഴ്‌സിന് 140 പൗണ്ടാണ് പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനി ചുമത്തിയത്. ഒരു സ്റ്റുഡന്റ് മിഡ് വൈഫിന്റെ കാര്‍ കെട്ടിവലിച്ച് മാറ്റുകയും 135 പൗണ്ട് പിഴയിടുകയും ചെയ്തു. പാര്‍ക്കിംഗ് പെര്‍മിറ്റ് വാങ്ങുന്ന പത്തിലൊന്ന് ജീവനക്കാര്‍ക്ക് മാത്രമേ തങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പാര്‍ക്കിംഗിനായി സ്ഥലം ലഭിക്കാറുള്ളുവെന്ന് യൂണിസണ്‍ പറയുന്നു. അഞ്ചിലൊന്നു പേര്‍ക്ക് പാര്‍ക്കിംഗ് സ്ഥലം അന്വേഷിച്ച് അര മണിക്കൂറിലേറെ നഷ്ടമാകുകയും ചെയ്യുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ പാര്‍ക്കിംഗിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്. പാര്‍ക്കിംഗ് പെര്‍മിറ്റ് പാസഞ്ചര്‍ സീറ്റില്‍ കാണാവുന്ന വിധത്തില്‍ ഉണ്ടായിരുന്നുവെന്നും അത് ഡാഷ് ബോര്‍ഡില്‍ എടുത്തു വെക്കാന്‍ മറന്നതാണ് തനിക്ക് ഫൈന്‍ ലഭിക്കാന്‍ കാരണമായതെന്ന് 140 പൗണ്ട് പിഴ ലഭിച്ച നഴ്‌സ് പറയുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒരു സ്റ്റുഡന്റ് മിഡി വൈഫിന്റെ കാറാണ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്ന് മാറ്റിയത്. 135 പൗണ്ട് പിഴയും ഈടാക്കി. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് ആദ്യം കരുതിയതെന്ന് ഇവര്‍ പറഞ്ഞു. തനിക്ക് ഒരു മാസത്തോളം സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ സംഭവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നു.

3500 എന്‍എച്ച്എസ് ജീവനക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവരില്‍ നിന്ന് ആശുപത്രികള്‍ ഈടാക്കുന്ന പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 226 മില്യന്‍ പൗണ്ടാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന ജീവനക്കാരുടെ പാര്‍ക്കിംഗ് സൗജന്യമാക്കണമെന്നും യൂണിസണ്‍ ആവശ്യപ്പെടുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles