മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.
May 02 07:31 2017 Print This Article

മലയാളം യുകെ ന്യൂസ് ടീം.

മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ സംഘാടകർ തീരുമാനിച്ചു കഴിഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ആരംഭിച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഓർഡർറിൽ തന്നെ ഓരോ ഇനവും സ്റ്റേജിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.   മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെയാണ് അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും നടക്കുക. ഇതോടനുബന്ധിച്ചുള്ള മിസ് മലയാളം യുകെ മത്സരത്തിൻറെ ഗ്രൂമിംഗ് സെഷൻ ലെസ്റ്ററിൽ ഏപ്രിൽ 29 ശനിയാഴ്ച നടന്നു. മത്സരങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ്. ഒരുക്കങ്ങൾ ശരിയായ രീതിയിൽ പുരോഗമിക്കുന്നതായി സോണി ജോർജ് പറഞ്ഞു. മൂന്നു റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.

ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്.

അൻജോ ജോർജ്, ലെസ്റ്റർ

ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ  ഇയർ 12 വിദ്യാർത്ഥിനി. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിൻറെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിൻറെയും മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കുന്ന ഈ അവസരം തൻറെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ടെന്ന് അൻജോ പറയുന്നു.

സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി ഡെർബി

റാമ്പിലെത്തുന്ന സുസൈനും സ്വീനും ഇരട്ടകളാണ്. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസികിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിൻറെയും ഡെർബി റോയൽ എന്‍എച്ച്എസിൽ നഴ്സായ എൽസി തോമസിൻറെയും മക്കളാണ് ഇവർ. ലെസ്റ്ററിലെ മിസ് മലയാളം യുകെയിൽ പങ്കെടുക്കാനുള്ള ഊർജിതമായ തയ്യാറെടുപ്പിലാണ് സ്വീനും സുസൈനും.

ഹെലൻ മരിയ ജയിംസ്, ലെസ്റ്റർ

റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിൻറെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിൻറെയും മകളാണ് ഹെലൻ. ഹെലന് രണ്ടു സഹോദരന്മാർ ഉണ്ട്. ഹാരോൺ ജെയിംസും ഹാരിസ് ജെയിംസും. ആദ്യമായാണ് റാമ്പിൽ ഹെലൻ എത്തുന്നത്.  എങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് ഹെലൻ ഇതിൽ പങ്കെടുക്കുന്നത്. മലയാളം യുകെ ഒരുക്കുന്ന ഇതുപോലെയുള്ള നല്ല അവസരങ്ങൾ എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് ആണ് എന്ന് ഹെലൻ കരുതുന്നു. ലെസ്റ്ററിൽ നടന്ന ഗ്രൂമിംഗ് സെഷൻ തന്നെ വളരെയധികം ആകർഷിച്ചെന്ന് ഹെലൻ ജയിംസ് പറഞ്ഞു.

സ്നേഹാ സെൻസ്, നനീറ്റൺ

കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ് സ്നേഹാ സെൻസ്.  നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. ട്രാവലിംഗും രുചികരമായ ഭക്ഷണവും സ്നേഹ ഇഷ്ടപ്പെടുന്നു.  ഒരു സഹോദരിയുണ്ട് സ്നേഹയ്ക്ക്, ഇയർ എട്ടിൽ പഠിക്കുന്ന സോനാ സെൻസ്. കാറ്ററിംഗ് ബിസിനസ് നടത്തുകയാണ് സെൻസ് ജോസ്. ജോർജ് എലിയട്ട് ഹോസ്പിറ്റലിലെ നഴ്സാണ് ബീനാ സെൻസ്. മറ്റു കുട്ടികളോടൊപ്പം റാമ്പിലെത്തുന്നതിന്റെ ത്രില്ലിലാണ് സ്നേഹ. നനീറ്റൺ കേരളാ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് ഈ മിടുക്കി. മലയാളം യുകെ യുവതലമുറയ്ക്കായി ഒരുക്കുന്ന ഈ സ്റ്റേജ് ഷോ ആദ്യാവസാനം വരെ ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് സ്നേഹ സെൻസ്.

മെറിറ്റ ജോസ്, ബെല്ലാ ജോസ് വാറ്റ് ഫോർഡ്.

വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാംസ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായ റാണി ജോസിൻറെയും മക്കളാണ് ഇവർ. ഇവർക്ക് ഇരട്ട സഹോദരന്മാരുണ്ട്. ആൽബർട്ട് ജോസും ടൈറ്റസ് ജോസും. ആദ്യമായാണ് ഇരുവരും ഫാഷൻ – മോഡലിംഗ് രംഗത്ത് എത്തുന്നത്. മലയാളം യുകെയുടെ വേദിയിൽ ഒരുമിച്ച് സദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ എത്താനുള്ള ഒരുക്കത്തിലാണ് മെറിറ്റയും ബെല്ലയും. ഗ്രൂമിംഗ് സെഷനിൽ ഇരുവരും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.

ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, ഗ്ലോസ്റ്റർ

എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. എന്‍എച്ച്എസിൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിൻറെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്.  ഒരു സഹോദരിയുണ്ട്, ജിസിഎസ്ഇയ്ക്ക് പഠിക്കുന്ന ലിസാ മരിയ സെബാസ്റ്റ്യൻ. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ മികവ് തെളിയിച്ച ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്. തായ് ലൻഡിൽ നടന്ന വേൾഡ് ചലഞ്ചിലും ഡ്യൂക്ക് ഓഫ് എഡിൻബറോ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. സെൻറ് ജോൺസ് ആംബുലൻസിനായി വോളണ്ടിയറായി പ്രവർത്തിക്കുന്നതോടൊപ്പം ഫസ്റ്റ് എയിഡറായി സേവനം ചെയ്യാറുമുണ്ട് ജൂലിയറ്റ്. കൂടാതെ മെഡിക് മെൻററുമാണ്. യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ഗ്രൂപ്പിൽ സജീവ മെമ്പറുമാണ്.

മുഖ്യാതിഥി ആയി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രത്യേക അതിഥിയായി ഇടുക്കി എം.പി ജോയിസ് ജോർജ്ജും ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നല്കും. ചാരിറ്റി അവാർഡുകൾ ഉൾപ്പെടെ 20 എക്സൽ അവാർഡുകൾ സമ്മാനിക്കപ്പെടും. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ കലാ സന്ധ്യയിൽ പങ്കെടുക്കും. മലയാളം യുകെയുടെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാഗ്നാ വിഷൻ ടിവിയും  ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്.    അവാർഡ് നൈറ്റിന് ആതിഥേയത്വമൊരുക്കുന്ന ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെയും മലയാളം യുകെയുടെയും സംയുക്ത യോഗം ഏപ്രിൽ 9നും 23 നും നടന്നിരുന്നു. LKC യെ പ്രതിനിധീകരിച്ച് അജയ് പെരുംപാലത്ത്, രാജേഷ് ജോസഫ്, ടെൽസ് മോൻ തോമസ്, ജോർജ് എടത്വാ, അലൻ മാർട്ടിൻ, ജോസ് തോമസ്‌ മലയാളം യു കെ ഡയറക്ടർമാരായ ബിൻസു ജോൺ, ബിനോയി ജോസഫ്‌, റോയി ഫ്രാൻസിസ്, ജോജി തോമസ്, ഷിബു മാത്യു, ബിനുമോൻ മാത്യു എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.

മെയ് 6 ന് ഇവന്റ് കമ്മറ്റി വീണ്ടും ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തും. അവാർഡ് നൈറ്റിനോടനുബന്ധിച്ച് നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.

 

Also Read:

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles