ഐ ക്യു ടെസ്റ്റുകളില്‍ വലിയ നേട്ടം സ്വന്തമാക്കുകയെന്നത് ചില്ലറകാര്യമല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗുമൊക്കെയുള്ള പട്ടികയില്‍ ഇടംപിടിച്ച് വാര്‍ത്താകോളങ്ങളില്‍ നിറയുകയാണ് നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യ സംഘടനയായ ‘മെന്‍സ’ യുടെ ജീനിയസ് സ്കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാനനേട്ടത്തിലെത്തിയത്.

ഐന്‍സ്റ്റിനും ഹോക്കിംഗും 160 പോയിന്‍റാണ് നേടിയിട്ടുള്ളതെന്ന് കൂടി അറിഞ്ഞാലേ നന്ദനയുടെ നേട്ടത്തിന്‍റെ തിളക്കം വ്യക്തമാകു. ലോകത്തില്‍ ഏകദേശം ഇരുപതിനായിരകത്തോളം പേര്‍ മാത്രമാണ് മെന്‍സ ക്ലബില്‍ ഇടം നേടിയിട്ടുള്ളത്.

മെന്‍സ ക്ലബിലെത്താനായതിന്‍റെ സന്തോഷം നന്ദന മറച്ചുവച്ചില്ല. വളരെയധികം സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്‍റിംഗുകള്‍ വലിയ പ്രചോദനം നല്‍കിയെന്നും നന്ദന കൂട്ടിച്ചേര്‍ത്തു. യുകെയിലെ സ്കൂള്‍ പോരാട്ടങ്ങളിലും നന്ദന പലപ്പോഴും മികവ് കാട്ടിയിട്ടുണ്ട്.