ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ സുശാന്ത് നല്‍കിയ പിന്തുണ ഓര്‍മിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിത്തിന്റെ മരണം ഇന്ത്യന്‍ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് സുശാന്ത് നല്‍കിയ പിന്തുണയെ ഈ നിമിഷം ഓര്‍മിക്കുന്നു, അദ്ദേഹം പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ബോളിവുഡ് അടക്കമുള്ള സിനിമ മേഖല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്ച്ച പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.

വര്‍ഗീയ ശക്തികള്‍ക്കെതിരേയും സുശക്തമായ നിലപാടുകള്‍ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.

2018 ലെ പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നല്‍കിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നല്‍കി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നില്‍ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചത്.

‘സുശാന്ത് എന്റെ കൈയില്‍ പണമില്ല, എന്നാല്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ’ എന്ന് സുബ്ബം രഞ്ജന്‍ എന്ന ആരാധകന്‍ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നല്‍കിയത്.

“എന്റെ സഹൃത്തിനു നല്‍കിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണം. നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. തീര്‍ച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങള്‍ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം….” എന്നായിരുന്നു ‘എന്റെ കേരളം’ എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് കുറിച്ചത്.