468 കേസുകളില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടയാളാണ് 62കാരനായ പാട്രിക് റയാന്‍. 667 കേസുകളില്‍ നിന്നാണ് ഇത്രയും എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടത്. ഇയാള്‍ ഒരു കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങി മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ജയിലിലാക്കപ്പെട്ടിരിക്കുകയാണ്. 100 പേജുകളാണ് ഇയാള്‍ക്കെതിരായ ക്രിമിനല്‍ റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ വേണ്ടി വന്നിരിക്കുന്നത്. ആവശ്യത്തിലധികം പേപ്പറുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഇത് ഒരു കാരണവശാലും പ്രിന്റ് ചെയ്യരുതെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ചെലവേറിയ റെസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചതിനു ശേഷം പണം നല്‍കാതിരുന്ന കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടതില്‍ ഭൂരിപക്ഷവും. ഒരു സ്റ്റോറില്‍ നിന്ന് വൈന്‍ വാങ്ങിയ ശേഷം തന്റെ ജാക്കറ്റ് പ്രതിഫലമായി നല്‍കാമെന്ന് ഷോപ്പ് അസിസ്റ്റന്റിനോട് പറഞ്ഞതാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈന്‍ ഷോപ്പില്‍വെച്ചു തന്നെ ഇയാള്‍ കുടിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പര്‍വീണ്‍ അഖ്തര്‍ കോടതിയെ അറിയിച്ചു. ഇതിന് പണം ചോദിച്ചപ്പോളാണ് ഇയാള്‍ ജാക്കറ്റ് നല്‍കാമെന്ന് പറഞ്ഞത്.

റയാന്‍ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായ ആളെന്ന നിലയിലാണ് അറിയപ്പെടുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് ഇയാള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഡിസ്ചാര്‍ജ് അനുവദിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇനി ഒക്ടോബര്‍ വരെ ജയിലില്‍ തുടരേണ്ടിവരും. 14 വയസ് മുതല്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള റയാന്‍ തന്റെ 50 വയസിനുള്ളില്‍ 23 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.