മോണ്‍. ഫാ. ജിനോ അരീക്കാട്ട് MCBS
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ചെറുപ്പം മുതലേ എനിക്ക് ലഭിക്കാനുള്ള കാരണം എന്റെ കുടുംബാന്തരീക്ഷം തന്നെയാണ്. അപ്പച്ചനുള്‍പ്പെടെ ഏഴ് മക്കള്‍ അടങ്ങുന്ന തറവാടു കുടുംബമാണെന്റെത്. കുടുംബ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടില്‍. വൈകിട്ട് ഏഴു മണി എന്ന സമയത്ത് മക്കളും കുഞ്ഞുമക്കളും എല്ലാം പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടണമായിരുന്നു. അത് അമ്മാമയ്ക്ക് (വല്യമ്മ) നിര്‍ബന്ധമാണ്. വണക്കമാസ നാളുകള്‍, ഒക്ടോബറിലെ ജപമാലകള്‍ അങ്ങനെ പരിശുദ്ധ അമ്മയുടെ തിരുന്നാളുകള്‍ക്ക് പ്രത്യേകമായ ഒരു പ്രാധാന്യം ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ അമ്മാമ കൊടുക്കുന്നുണ്ടായിരുന്നു. മാതാവിനെ കൂട്ടുപിടിച്ചാണ് മക്കളെയെല്ലാം വളര്‍ത്തി വലുതാക്കിയതെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമ്മാമയുടെ സ്വരത്തിലാണ് ഇപ്പോഴും നല്ല മാതാവേ മരിയേ… എന്ന വണക്കമാസത്തിന്റെ ഗാനം എന്റെ ചെവിയില്‍ മുഴങ്ങുന്നത്..അത്രയേറെ പ്രാധാന്യത്തോട് കൂടി കുടുംബത്തെ മുഴുവനായി പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു.

എന്റെ ഇടവക ദേവാലയം തന്നെ ജപമാല രാജ്ഞിയായിട്ടുള്ള പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണ്. സെന്റ് മേരി ഓഫ് റൊസറി കാരൂര്‍ അതാണ് എന്റെ ഇടവക ദേവാലയം. വണക്കമാസം, കൊന്ത നമസ്‌കാരം മുതലായ പ്രാര്‍ത്ഥനകള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുകയും മാതാവിന്റെ എല്ലാ തിരുന്നാളുകളും പ്രത്യേകിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ അത് ഏറ്റവും അഘോഷമായി ഇടവക തിരുന്നാള്‍ പോലെ ആഘോഷിക്കുകയും അങ്ങനെ പരിശുദ്ധ അമ്മയെപ്പറ്റി ധാരാളം കേള്‍ക്കാന്‍ ഇടവരികയും ചെയ്തിട്ടുണ്ട്. അതുപോലെ കുട്ടിക്കാലത്ത് വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി CLC എന്ന ആത്മീയ സംഘടനയില്‍ അംഗമാകാനും, അമ്മയിലൂടെ ഈശോയിലേയ്ക്ക് എന്ന് ഞങ്ങളുടെ വിശ്വാസ പരിശീലകര്‍ പഠിപ്പിച്ച വാക്കുകളും ഇന്നും എന്റെ മനസ്സിലുണ്ട്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയാണ് പരിശുദ്ധ അമ്മയെന്നും അമ്മ പറഞ്ഞു കഴിഞ്ഞാല്‍ നിരാകരിക്കാന്‍ ഈശോയ്ക്ക് പറ്റില്ല എന്നും ചെറുപ്പത്തിലെ പഠിപ്പിച്ച വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ നില്ക്കുന്നതുകൊണ്ടാണ് സെമിനാരി ജീവിതത്തിലും തുടര്‍ന്നുള്ള പരോഹിത്യ ജീവിതത്തിലുടനീളം പ്രത്യേകമായി പരിശുദ്ധ അമ്മയെ കൂട്ടു പിടിക്കാനുള്ള കാരണം. സെമിനാരി ജീവിതത്തില്‍ ഞങ്ങളുടെ ഗുരുഭൂതരിലൂടെ പൗരോഹിത്യ പരിശീലനത്തിന്റെ സമയത്ത് എപ്പോഴും കൂടെ നടക്കുന്ന ഒരു മദ്ധ്യസ്ഥയായി പരിശുദ്ധ അമ്മയെ തെരെഞ്ഞെടുക്കണം എന്ന് പഠിപ്പിച്ചതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
വിശ്വാസവുമായും ആത്മീയ ജീവിതവുമായും ബന്ധപ്പെട്ട തളര്‍ച്ചകളിലേയ്ക്ക് പോകുമ്പോള്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ചാല്‍ അമ്മ ഈശോയിലേയ്ക്ക് കൊണ്ടു പോകും എന്ന ഉറപ്പ് ഗുരുഭൂതരിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ 1996ലാണ് എന്റെ അമ്മച്ചിയുടെ ഇളയ സഹോദരി കഞ്ചിക്കോടുള്ള റാണി ജോണ്‍, മേമ്മ എന്നാണ് ഞങ്ങള്‍ വിളിക്കുക. ആ മേമ്മയിലൂടെ പരിശുദ്ധ അമ്മയുടെ വെളിപാടുകളും സന്ദേശങ്ങളുമൊക്കെ വായിക്കാന്‍ ഇടവരുത്തിയിട്ടുമുണ്ട്. പല അത്ഭുതങ്ങളും നേരില്‍ കാണുവാനും സാധിച്ചിട്ടുണ്ട്. ഒത്തിരിയേറെ സാന്നിധ്യത്തിലൂടെയും സഹവാസത്തിലൂടെയും അവരുമായിട്ടുള്ള സംസാരത്തിലൂടെയുമൊക്കെ പരിശുദ്ധ അമ്മ എത്രമാത്രം ഈ ലോകത്തെ ഈശോയുമായി അടുപ്പിക്കാനായിട്ട് ശ്രമിക്കുന്നുണ്ട് എന്നുള്ളത് വലിയൊരറിവായിരുന്നു.. അതുപോലെ സെമിനാരിയില്‍ നാല് മണിക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. അതിന്റെ അവസാനം ചൊല്ലുന്നത് ദിവ്യകാരുണ്യ നാഥേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്നാണ്.. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യനാഥയായിട്ട് ഹൃദയത്തില്‍ സ്വീകരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രായത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആശ്രയിച്ചതും പരിശുദ്ധ അമ്മയില്‍ തന്നെയാണ്. കാരണം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ലെന്നും അമ്മ പറഞ്ഞാല്‍ ഈശോയ്ക്കത് നിരാകരിക്കാനാകില്ല എന്ന വലിയൊരു വിശ്വാസത്തിലാണ് ഓരോ കാര്യവും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായിട്ട് ഇടവന്നിട്ടുള്ളത്. തുടര്‍ന്നങ്ങോട്ട് യുകെയിലെ പ്രവാസ ജീവിതത്തിലും ഏതൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ കൈയ്യിലുള്ള ജപമാലയില്‍ ഒരു പിടുത്തം എപ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പരിശുദ്ധ അമ്മയോട് അത്രയേറെ സ്‌നേഹവുമുണ്ട്. അമ്മയേക്കുറിച്ച് എന്തുമാത്രം പറയാന്‍ പറഞ്ഞാലും അത്രയേറെ സന്തോഷത്തോടെ ഞാനത് ചെയ്യും. കാരണം ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് ഞങ്ങളെടുത്തിരിക്കുന്ന വ്രതങ്ങള്‍ ബ്രഹ്മചര്യവും ദാരിദ്രവും അനുസരണവും ഒറ്റവരിയില്‍ സമര്‍പ്പിച്ച അമ്മയെ കൂട്ട് പിടിച്ച് ഈ സന്യസ്ത ജീവിതം മുന്നോട്ട് പോകുമ്പോള്‍ എത്രയേറെ വീണുപോയാലും തകര്‍ന്നും തളര്‍ന്നും പോയാലും പരിശുദ്ധ അമ്മയുടെ കരം പിടിക്കുവാനുള്ള ഒരു ശ്രമം നടത്തിയാല്‍ അമ്മ നമ്മളേയും കൊണ്ട് ഈശോയിലേയ്ക്ക് പൊയ്‌ക്കോളും. അത്രയേറെ വിശ്വാസമുള്ളതുകൊണ്ടുതന്നെ എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെയ്ക്ക് നിങ്ങളുടെ വ്യക്തി ജീവിതങ്ങളെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും എല്ലാം സമര്‍പ്പിച്ച് കൊണ്ട് പ്രാര്‍ത്ഥിക്കുക. അമ്മ നമ്മളെ മുഴുവനായി സ്വീകരിച്ച് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് സമര്‍പ്പിക്കും.

ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മേ, എന്നും എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ കാവലായിരിക്കേണമെ. വിശുദ്ധി ഞങ്ങളുടെ ജീവിതത്തില്‍ കുറഞ്ഞു പോകുമ്പോള്‍ പരിശുദ്ധ അമ്മേ അങ്ങ് ഞങ്ങള്‍ക്ക് കൂട്ടിനുണ്ടാകേണമെ. ദു:ഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, അസ്വസ്തതകള്‍, മാനസിക സംഘര്‍ഷങ്ങള്‍, ജീവിത പ്രതിസന്ധികള്‍ എന്നിവ ഞങ്ങളെ അലട്ടുമ്പോള്‍ പരി. അമ്മേ ഞങ്ങള്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കാനുണ്ടാകേണമേ. നന്മ നിറഞ്ഞ പരിശുദ്ധ അമ്മേ എപ്പോഴും പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീയുണ്ടാകേണമേ..
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും.
ആമ്മേന്‍.

സുകൃതജപം.
കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ…

എന്റെ അമ്മാമ എന്നെ പഠിപ്പിച്ച ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.