ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയില്‍ വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഹേമേന്ദ്ര മെരാവി (22), രാജ്കുമാര്‍ (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസുകാരന്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം.സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഹോം തിയേറ്റര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. രംഗഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റായ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഛത്തീസ്ഗഢ്- മധ്യപ്രദേശ് അതിര്‍ത്തി പ്രദേശമായ ഇവിടെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്ഥലമാണ്.

ഏപ്രില്‍ ഒന്നിനായിരുന്നു മെരാവിയുടെ വിവാഹം. തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചു നോക്കുകയായിരുന്നു. ഇതിനിടെ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ സിസ്റ്റം ഓണാക്കുന്നതിനിടെ വലിയ സ്‌ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് കബീര്‍ധാം അഡീഷണല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു.മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെ ഇയാളുടെ സഹോദരന്‍ രാജ്കുമാറും മരണപ്പെട്ടു. പരുക്കേറ്റവര്‍ കവരദയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മനീഷ താക്കൂര്‍ അറിയിച്ചു. വിവരമറിഞ്ഞ ഉടനെ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.